ഒരു കറുത്ത
റിബണായോടുന്ന
നിരത്ത്.
പരസ്പരം
അഭിമുഖമായി
എന്റെയും നിന്റെയും
വാടക ഫ്ളാറ്റുകൾ.
എന്നിൽ നിന്നും
നിന്നിലേക്കുള്ള ദൂരം
കൈയ്യെത്തും ദൂരത്തെന്ന
പോലെ അടുത്ത്.
പ്രഭാതങ്ങളിലെ
ബാൽക്കണികളുടെ
അരമതിലിൽ
കൈമുട്ടുകളൂന്നി
സുഹൃത്തേ
നമ്മുടെ പരിചയം
തുടങ്ങുന്നു.
ആ പരിചയം
എത്ര വേഗത്തിലാണ്
വളർന്ന് പടർന്ന്
പന്തൽ തീർത്തത്.
കറുത്ത
റിബണായോടുന്ന
നിരത്തിലൂടെയുള്ള
നാമിരുവരുടെയും
ലക്ഷ്യമില്ലാത്ത നടത്തകളിൽ
നമ്മൾ പങ്ക് വെച്ച
രഹസ്യങ്ങളും,
സ്വകാര്യ ദു:ഖങ്ങളും,
ആഹ്ലാദങ്ങളും.
അവിടവിടെ പടരുന്ന
കലാപങ്ങളും,
യുദ്ധങ്ങളും തീർക്കുന്ന
ചോരപ്പുഴകളും.
ഡിസംബറിൻ്റെ
നിലാവിന്റെ
പാതയിലൂടെ
മണിപ്പൂരും,
യുക്രൈനും,
ഫലസ്തീനും,
സുഡാനും,
മ്യാന്മാറുമൊക്കെ
നമ്മുടെ
വർത്തമാനങ്ങളിലേക്ക്
ക്ഷണിക്കാത്ത
അതിഥികളായെത്തുമ്പോൾ
മഞ്ഞിൻ
പുതപ്പുകൾക്കുള്ളിൽ
കുളിർന്ന് വിറച്ചതും,
ദൂരെയെവിടൊക്കെയോ
നിന്ന്
കരോൾ സംഘങ്ങളുടെ
ബാൻഡ് മേളങ്ങളും,
ബെത് ലഹേമിലെ
പുൽത്തൊഴുത്തിൽ
ഉണ്ണിയേശു
പിറന്നതിന്റെ
പ്രഘോഷങ്ങളും
മന്ദ്രസ്ഥായിയിൽ
നമ്മുടെ
കാതുകളിലലച്ചിരുന്നത്
സുഹൃത്തേ
നീയോർക്കുന്നുവോ?
ആപത്തുകളുടെ
കുരിശിലേറുമ്പോഴും
മനുഷ്യർ
ആഘോഷങ്ങൾക്ക് മുടക്കം വരുത്തില്ലെന്ന
കറുത്ത ഹാസ്യം നീ
വിളമ്പിയതോർക്കുന്നോ?
അങ്ങനെ
എത്രയെത്ര രാവുകൾ,
പകലുകൾ
നാമറിയാതെ
ഒഴുകിപ്പോയി!
കാലം
അനിവാര്യതകളുടെ
ആദിയുമന്തവുമില്ലാത്ത
പുഴയാണെന്ന്
നാം ചിന്തിക്കാതെ പോയി.
ഹ്രസ്വദൂരങ്ങളെ
ദീർഘദൂരങ്ങളാക്കുന്ന
മാന്ത്രികനാണ്
കാലമെന്ന്
നാം ഓർക്കാൻ
മടിക്കുകയായിരുന്നോ?
ലോകത്തിന്റെ
രണ്ട് കോണുകളിലേക്ക്
പറിച്ചെറിയപ്പെട്ടപ്പോഴും
അകലെയായാലും
നമ്മളടുത്തല്ലേയെന്ന്
പരസ്പരം
സമാശ്വസിപ്പിച്ചത്
നീയും ഞാനും
വിരളമായോർക്കുന്ന
തമാശകൾ
മാത്രമാക്കാനുള്ള
മാന്ത്രിക വടിയും
കാലം ചുഴറ്റുന്നു.
തീവ്രപ്രണയസ്മരണകളെപ്പോലും
മാന്ത്രികൻ
നർമ്മമധുരമാക്കുന്നു.
സുഹൃത്തേ
കണ്ണകന്നെന്നാൽ
മനസ്സകലുന്നു.
കാലം ചിരിക്കുന്നു……

കെ.ആർ.സുരേന്ദ്രൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *