രചന : ഗ്രാമീണൻ ഗ്രാമം✍️
തണലുള്ള മാഞ്ചോട്ടില്‍
പുരകെട്ടിക്കറിവച്ചി-
ട്ടുണ്ണാന്‍ വിളിക്കുന്നു ബാല്യം
ഉണ്ണാന്‍ വിളിക്കുന്നു ബാല്യം…
തളിര്‍വെറ്റക്കൊടിച്ചോട്ടില്‍
കളിവണ്ടി നിര്‍ത്തീട്ട്
ഉണ്ണാനിരിക്കുന്നു ബാല്യം
ഉണ്ണാനിരിക്കുന്നു ബാല്യം…
കുടമുല്ലപ്പൂകൊണ്ട് പച്ചടിയും
പൂഴിമണല്‍കൊണ്ട് പാച്ചോറും
പ്ലാവില പാത്രത്തില്‍ നീ പകര്‍ന്നെന്‍
ഹൃദയത്തിലേക്കൊരു പാട്ടുമൂളും
ഹൃദയത്തിലേക്കൊരു പാട്ടുമൂളും
കുരുത്തോല ഞൊറിഞ്ഞൊരു പന്തൊരുക്കാം
ആലോലമൂഞ്ഞാലു കെട്ടിയാടാം
പൂപ്പന്തല്‍തീര്‍ക്കുന്ന അരിമുല്ലച്ചോട്ടിലെ
തുമ്പിക്കുപിന്നാലെ പാത്തിരിക്കാം
തുമ്പിക്കുപിന്നാലെ പാത്തിരിക്കാം
ഞൊറിയിട്ട പാവാട കസവു തോല്‍ക്കും
നുണക്കുഴിക്കവിളിനാല്‍ നീ ചിരിക്കേ
പ്ലാവില മെടഞ്ഞൊരു തൊപ്പിയുമായ്
പിന്നാലെ കൂടുന്നുണ്ടെന്റെ ബാല്യം
പിന്നാലെ കൂടുന്നുണ്ടെന്റെ ബാല്യം