മലയാളിക്ക് മനം നിറവാൻ ഓണം വന്നേ….
ഓണത്തപ്പനേ എതിരേറ്റീടാൻ ഒരുങ്ങി നിന്നേ …..
മലയാണ്‌മ പാട്ടുപാടും കിളിമകളേ നിന്റെ
മുത്തമതേറ്റ് കൈരളിയിന്ന് തുടുതുടുത്തേ …..
പഞ്ഞ കർക്കിടകം പോയി മാനം തെളിഞ്ഞേ
ചിങ്ങപ്പുലരി പിറന്നേ തിരുവോണം വന്നേ…..
കഥയെഴുതി കവിതകളെഴുതി പിന്നേ
പാട്ടുകൾ പാടീ കാവ്യങ്ങളെല്ലാം നിറ നിറഞ്ഞേ ….
തുഞ്ചന്റെ പാട്ടുകൾ പാടും കിളിമകളേ
നിന്റെ ഓണപ്പുടവ എനിക്കിന്ന് കടം തരുമോ ….
നർത്തനമാടാൻ മയിലുകൾക്കിന്ന് മടിയില്ലാ
വാർമഴവില്ല് കണ്ടാൽ പിന്നേയതിനും പൊന്നോണം…..
പൂക്കളങ്ങൾ ഇട്ടു തുടങ്ങീ അത്തത്തിൽ കുഞ്ഞിപ്പെണ്ണാൾ
പുത്തനുടുപ്പിന് കുണുങ്ങിക്കരഞ്ഞേ …..
വെളിച്ചം കണ്ടേ പത്തായപ്പുരയിലെ വിത്തുകളെല്ലാം
വീണ്ടും പുതുമണി നിറവാൻ ഒരുങ്ങി നിന്നേ …..
ഊഞ്ഞാലിലാടുവാൻ സുന്ദരി വന്നേ
ഊയലാട്ടുവാൻ ഞാനും ചെന്നേ ……
കടമിഴിയാലവൾ കഥകൾ പറഞ്ഞേ
എന്റെ കാരിരുമ്പ് പോലുള്ള മനമൊന്നിടറിയേ ……
തൃക്കാക്കരയപ്പന്റെ പൂക്കളം കണ്ടീട്ട്
കുസൃതികൾ കാട്ടി അവളും ചിരിച്ചേ ……
മുത്തു ചിതറും ചിരിമണി പെറുക്കി ഞാൻ
നല്ലോരു വൈഡൂര്യമാലയത് ചമച്ചേ …..
തിരുവാതിര കളിയിൽ പെരുത്തോരു മങ്കമാർ വന്നേ…..
അഴകിൽ പൂങ്കുടം നിറഞ്ഞു തുളുമ്പും നാട്യവും ആടിയേ ……
ഞാറ്റുവേലക്കിളികൾ വന്നോരു പാടീയ പാട്ടിലായ്
മങ്കമാർ ആനന്ദ നൃത്തത്തിലാറാടി …..
ഓണത്തപ്പാ കുടവയറാ കുംഭകുലുക്കി വരുവതെന്ത് നീ ……
ഓലക്കുടയിൽ ചാടിപ്പിടിക്കുവാൻ
കുഞ്ഞിക്കിടാങ്ങൾ കുസൃതിയുമായ് വരുന്നുണ്ടേ ……
മാനത്തമ്പിളി പാലമൃത് പൊഴിച്ചേ ഉത്രാട രാവിൽ
ഓണനിലാവത് നിറഞ്ഞ് തുളുമ്പിയേ …..
കസ്തൂരി ഗന്ധം വിതറി വരുന്നോരു
കാറ്റിനു മുണ്ടേ നല്ലോണം …..
പൂവേ പൊലി പൂവേ, പൂവേ പൊലി പൂവേ
തിരുവോണ സദ്യയതുണ്ണുവാൻ കുഞ്ഞിക്കിടാങ്ങൾക്കൊപ്പം
ഓണത്തുമ്പീ ഓടിവായോ…..!
ChibuK Kulangara.

By ivayana