രചന : ഗഫൂർകൊടിഞ്ഞി✍
കടൽക്കരയിലലയുമ്പോൾ
പാദസരക്കിലുക്കങ്ങൾ ,
ഉപ്പു കാറ്റിൽ നുരപതയുന്ന
പ്രണയത്തിന്റെ ആദ്യാക്ഷരങ്ങൾ .
കടൽ തീരങ്ങൾ
ആഹ്ലാദത്തിമർപ്പുകൾ ,
ആകാശത്തോളമുയരുന്ന
സ്വപ്ന സൗധങ്ങൾ ,
അവിടവിടെ പ്രതീക്ഷയറ്റവരുടെ
ചുടു നെടു വീർപ്പുകൾ ,
തകർന്ന് വീഴുന്ന മണൽ കൂനകൾ .
കടൽ തീരങ്ങൾ
കലങ്ങിമറിഞ്ഞ സങ്കടപ്പെരുങ്കടലുകൾ
ചുമടിറങ്ങാൻ മടിക്കുന്ന അത്താണികൾ ,
അശരണരുടെ അഭയ കേന്ദ്രങ്ങൾ .
കടൽ തീരങ്ങൾ
നിഷ്കളങ്കതയുടെ
കരവിരുതുകൾ ,
കടൽ കോപിക്കുമെന്ന
കുഞ്ഞു കയ്യക്ഷരത്തിന് മേൽ
രൗദ്രത മുറ്റിയ സാഗര ഗർജ്ജനം.
കടൽ തീരങ്ങൾ
പട്ടിണിയുടെ തീയിൽ വെന്ത
കപ്പലണ്ടിപ്പൊതികൾ
കടലെടുത്ത് പോകുന്ന
ജീവിതത്തിന്റെ കാൽപ്പാടുകൾ
കടൽക്കാഴ്ചകൾ
ബഹുവിധ സമസ്യകളുടെ
ആഴക്കയങ്ങൾ.