രചന : രഘുകല്ലറയ്ക്കൽ..✍
അറിവുയരുവാനാശയാൽ അകമലരിൽ,
ആർദ്രമായുൾത്തുടിപ്പാലുണരും ദ്രുതം!
അക്ഷരമതുല്യമാണറിവിലേക്കാഗതമൊരുക്കും,
അകക്കണ്ണു തുറക്കാനാവതും,ഗുരുവിഹിതാൽ.
വിദ്യാരംഭമൊരുക്കും ഭക്ത്യാദരം ശ്രേഷ്ഠരാൽ,
വിജയദശമി പൂജയെടുപ്പു സുദിന നാളുമുത്തമം.
വിദ്യാദേവിയമരും ആസ്ഥാന മണ്ഡപങ്ങൾ,
വിശുദ്ധ മാനസ്സങ്ങളാം പിഞ്ചു പൈതങ്ങൾ,
നാവിന്മേലക്ഷരമൂല്യമറിഞ്ഞും, കൈവിരലാൽ,
നിറദീപ പ്രഭയാലരിയിലെഴുതി, വിദ്യാരംഭം!
മണ്ണിൽ വിരലാൽ അക്ഷരമെഴുതിയഭ്യാസമോടെ,
മന്ത്രണമാശാന,നർഘമതു ഗുരുശ്രേഷ്ഠം!
മഹത്വമതു മലയാളഭാഷയ്ക്കുത്തമമായ്,
മനോജ്ഞമക്ഷരസ്പുടത മലയാളമോളം മറ്റില്ല.
അതുല്യമനോഹരമാമ,നശ്വരമനർഘം മലയാളം,
അക്ഷര സായൂജ്യം, അറിവിനായുന്നതശ്രേഷ്ഠ ഭാഷ!!
ഭാഷാ സുദിനമാർഭാടമാക്കും ചടങ്ങാവാതെ,മൂല്യം,
ഭൂഷണം സായൂജ്യം, മാതൃഭാഷയ്ക്കുന്നതിയേകണം!!.
★*
![](https://www.ivayana.com/wp-content/uploads/2025/02/raghu-kallarakkal-150x150.jpg?v=1738938221)