രചന : മേരിക്കുഞ്ഞ്✍
കണ്ടതില്ല മറ്റാരും ഒട്ടും
കേട്ടതുപോലുമില്ലെന്നാൽ
ചിന്തയിൽപതഞ്ഞുപൊന്തിയ
ഗുരു നിന്ദയിൽ ശിഷ്ടജീവൻ
ഉമിത്തിയ്യിൽ വെന്തുനീറിയ
ബാലകൻ്റെ കഥ പാടിയ
ഭാരതത്തിൻ ആർഷ
സംസ്കൃതി ,
വെട്ടിയരിഞ്ഞ് കൂന കൂട്ടി
ചിതയെരിച്ച് കരിം ചാരം
വാരിപ്പൂശി നീച താണ്ഡവം
ആടിത്തിമർക്കുന്നു പ്രസ്ഥാന
നേതൃത്വയുവത്വത്തിൻ
ആർഷോ സംസ്കൃതി
നിരങ്കുശം ……
തോളോടു ചേർന്ന കൂട്ടത്തിലെ
പെണ്ണിനോടവൻ്റെ ഘർഷണം
“ഒതുങ്ങടി പറപ്പുലച്ചി
തന്തയില്ലാത്ത പെറപ്പിനെ
ഒണ്ടാക്കി തരും ഞാൻ
സൂക്ഷിച്ചോ”
വിറയ്ക്കുന്നു യൂണിവേഴ്സിറ്റി
പതുങ്ങുന്നു സഹപാഠികൾ.
വിദ്യതൻ കോട്ട മതിലുകൾ
വിണ്ടടർന്ന് നിലംപൊത്തുന്നു
ഇപ്പുറത്തൊരു വിരലോളം
മാത്രം പോന്നപെരുംദുഷിപ്പിൻ
സന്തതിഗുരുമുഖത്തേക്ക്
വിരൽ ചൂണ്ടിഗർജ്ജിക്കുന്നു
“നിന്നെ ഞാൻവെറും
നിലത്തിട്ട് കുത്തിക്കമിഴ്ത്തിക്കിടത്തിടും
ധൈര്യമുണ്ടെങ്കിൽ പുറത്തുവാ….
ഉണ്ടെൻ പിന്നിലായ്കരുത്തുറ്റ
വിദ്യാർത്ഥിപ്രസ്ഥാനം ഒറ്റക്കെട്ടായ് “
ന്യായമാരെത്ര ചൊല്ലിയാലും
വിശ്വോത്തരഭള്ളിൻ കേരള
വിദ്യാഭ്യാസ പുരോഗമന
നാറ്റത്താൽ മൂക്കു തകരുന്നു തലതാഴുന്നു ……
പ്രിൻസിപ്പാളിൻ കസേരകത്തിയ്ക്കുന്നപ്രതീ –
കാത്മകഗുരുസംഹാരത്തിൻ പ്രസ്ഥാനക്കരുത്തിൻ്റെ
നശിപ്പിൻ ചെന്തീ ജ്വാലയിൽ
ദഹിക്കുന്നു
ആർഷസംസ്കൃതി
അരുതരുത് ശാപംഗുരോ ….
പ്രാർത്ഥിക്കാൻ ആവതറ്റ തി
ദീനം മ മ ചേതനവിളറുന്നു.
അനാദിയിൽ ദൈവം
വെളിച്ചം ‘
ഉണ്ടാകട്ടെ എന്നു കല്പിച്ചു
വെളിച്ചം ജ്ഞാനമായുദിക്കുന്നു……