രചന : എം പി ശ്രീകുമാർ ✍
ഒരു കിളിത്തൂവലായരികിലാരു
മൃദുലമായ് ചാമരം വീശി വന്നു
തരളകപോലങ്ങളിളകി നിന്നു
തരിവള മെല്ലെ കിലുങ്ങി നിന്നു
തരളിതമായ് ഹൃദയത്തിൽ നിന്നും
സരള സംഗീതമായൊഴുകിവന്നു !
ഇളംതെന്നലലകളിളകിയെത്തെ
ചെറുമണിത്തൂവലുയർന്നു പൊങ്ങി
ഇളംസൂര്യനാളങ്ങളേറ്റതിൻ്റെ
ഇളംചിരിയ്ക്കേഴഴകായിരുന്നു !
ഇതൾ വിടർന്നവകൾ പെയ്തിറങ്ങെ
ഒരു രാഗപരിമളം പരിലസിച്ചു !
ഒരു കിളിത്തൂവലായരികിലാരു
മൃദുലമായ് ചാമരം വീശി വന്നു
തരളകപോലങ്ങളിളകി നിന്നു
തരിവള മെല്ലെ കിലുങ്ങി നിന്നു !
![](https://www.ivayana.com/wp-content/uploads/2021/08/sreekumar-mp-150x150.jpg?v=1628862791)