രചന : ഖുതുബ് ബത്തേരി✍
കനപ്പെട്ട വാക്കുകളെയല്ലാം
മൗനത്തിൽ ബന്ധിച്ചുകൊണ്ടു
നാം
ഇരകളാവുന്നു.
വേട്ടക്കാരന്റെ
ധൈര്യം
ഇരകളുടെ നിശബ്ദതയിൽ കോർത്തിരിക്കുന്നു.
അധികാരികൾ,
മതം,
അന്തിചർച്ചകളിൽ
ഉശിരുകൊള്ളുന്ന
മീഡിയകൾ
വേട്ടക്കാരന്റെ
വിവിധ വേഷപകർച്ചകൾ.
നിർവ്വചിക്കാനാവാത്ത
ചിരിയിൽ
വിപത്തുകളിലേക്ക്
വഴിനടത്തുന്ന പല
മുഖങ്ങൾ.
നക്ഷത്രതിളക്കമുള്ള
വാനിലേക്കവർ
വിരൽ ചൂണ്ടും
പ്രഭാതം പ്രദോഷത്തെ
ഗർഭംധരിക്കുംവരെ
ഇരകളതിൽ
മുങ്ങിനിവരും
ഒടുവിലെല്ലാം മായയാവുമപ്പോൾ.
അവിശ്വാസത്തിന്റെ താളിയോലയിൽ
സ്വന്തം നിഴലുപോലും
സ്ഥാനം
പിടിക്കുംവിധം
നിസ്സംഗതയും
ദൗർബല്യവും
നമ്മെ വേട്ടയാടും.
ഒടുവിലാവിധിയിൽ ഇരയാക്കപ്പെടുന്നവർ
വേട്ടക്കാരനായിരുന്നു
ശരിയെന്നു
കുറ്റസമ്മതം നടത്തും.
🧿🧿🧿🧿🧿🧿🧿🧿🧿🧿