രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍
എന്നിലെപ്രണയത്തെ നീ തിരിച്ചറിഞ്ഞപ്പോ-
ളന്നെന്നിൽ പുലർന്നതൊരായിരം പ്രഭാതങ്ങൾ!
സർവവും പ്രകൃതിതൻ പ്രതിഭാസമൊന്നതേ,
നിർവചിച്ചിടാനിവി,ടാർക്കാവുന്നതിൻ പൊരുൾ!
ജൻമങ്ങൾ നിരവധിതാണ്ടിവന്നെത്തി നമ്മൾ,
കർമങ്ങൾക്കാധാരമായ് ജീവിതം നയിക്കവേ,
നാമറിയാതെതന്നെയെത്തുകയല്ലോ നമ്മിൽ
പ്രേമത്തിൻ നിലാത്തിരിവെളിച്ചം പൊടുന്നനെ!
അറിവീലെനിക്കതിൻ പിന്നിലെ രഹസ്യങ്ങൾ
അറിയാൻ തുനിയുന്നതായാസമത്രേചിരം
ലിംഗവ്യത്യാസങ്ങളേതേതുമില്ലാതെ തന്നെ
സംഗമിച്ചിടുന്നേവം,പ്രണയത്തുടിപ്പിൽ നാം!
പരിണാമങ്ങൾ നടക്കുന്നുനാമറിയാതെ,
മരണാനന്തരവുംനമ്മളിൽ നിരന്തരം
ഏതൊന്നിൽനിന്നും ജീവനുത്ഭവിച്ചെത്തി,യതിൻ
ചേതനയ്ക്കാധാരവും പ്രണയമൊന്നല്ലയോ!
ഹൃത്തിൻ്റെയുള്ളിന്നുള്ളിൽ വിദ്യുൽപ്രവാഹംപോലെ,
എത്തുന്നൊരത്യത്ഭുതസങ്കൽപ്പമേ ഹാ നിന്നെ,
പ്രേമമെന്നല്ലാ,തേതുപേരുചൊല്ലിടേണ്ടു ഞാ-
നീമണ്ണിൽനിന്നും വിടചൊല്ലുന്നകാലത്തോളം!
![](https://www.ivayana.com/wp-content/uploads/2024/02/sudharshan-karthikaparmbil-150x150.jpg?v=1707309147)