രചന : രാജു കാഞ്ഞിരങ്ങാട്✍
കവിത കൊണ്ടെന്നെ കീഴടക്കി നീ
കലപിലക്കാറ്റുപോലെച്ചിരിച്ചു നീ
സ്നേഹ തുമ്പപ്പൂച്ചോറു വിളമ്പിനീ
കാട്ടുപച്ച,ക്കറി തൊട്ടുകൂട്ടി നീ
കനൽവിതാനിച്ച വാകയ്ക്കു കീഴെ
കവിത ചൊല്ലിക്കളിച്ചുള്ള നാളിൽ
പവിഴമല്ലിക്ക,സൂയ തോന്നുംവിധം
പരിലസിക്കുന്ന പൂമണമാണു നീ
കവിത കൊണ്ടെൻ്റെ കരളിലെ -ക്കടവിൽ
എന്നും വന്നു നീ കാത്തു നിൽക്കു-മ്പോൾ
മഴനിലാവിൻ്റെ മക്കളായി നാം
മോഹവള്ളത്തുഴയെറിയുന്നു
വയലിറമ്പിലും, വേലിപ്പടർപ്പിലും
ജീവഗന്ധങ്ങൾ പൂക്കും പറമ്പിലും
തേടിയെൻ്റെ കരളുപാറുന്നു
കൂട്ടുകാരി എവിടെയാണിന്നു നീ
![](https://www.ivayana.com/wp-content/uploads/2025/02/raju-kanhirangad-150x150.jpg?v=1739453159)