രണ്ടായിരത്തി പതിമൂന്നിന്റെ ആദ്യ പകുതി,സലാല രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് പറക്കുന്ന എയര്‍അറേബ്യയില്‍ യാത്രക്കാരനായി ഞാനും,ജോലി ചെയ്തിരുന്ന കമ്പനിയിലെ സേവനം മതിയാക്കി, തൊട്ടടുത്ത വാരം തന്നെ മസ്കറ്റില്‍ മറ്റൊരു കമ്പനിയില്‍(ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനി) ജോയിന്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള മടക്കയാത്രയാണ്, “നിന്റെ ജോലി ഇനി വേണ്ടടാ പുല്ലേ “അറബി മാമന്റെ മുഖത്ത് നോക്കി ചൊല്ലി, മാമന്റെ വിദേശ നിര്‍മ്മിത ആഡംബര കാറില്‍ ഒരു പിടി ഉണക്ക മണ്ണ് വാരിയിട്ടുള്ള യാത്രയായതിനാൽ (പച്ച മണ്ണ് ഇല്ലാത്തതിനാല്‍ തല്‍കാലം ഉണക്ക മണ്ണ് കൊണ്ട്‌ തൃപ്തിപെട്ടു) പോക്കറ്റിന് കനം തീരെ കുറവാണ്,” ടിക്കറ്റ് കണ്ണ് തുറന്ന് നോക്കിയിട്ട് വന്ന് ക്യൂനിൽക്ക്, തനിക്ക് യാത്ര ചെയ്യാനുള്ള ഫ്ലൈറ്റ്‌ നാളെ വൈകിട്ട് നാലരക്ക് ആണ്‌ ” സലാലയില്‍ നിന്ന് പുറപ്പെട്ട് ഇടത്താവളമായ ഷാര്‍ജ വിമാനത്താവളത്തിലെത്തി, വൈകിട്ട് നാലരക്ക് പുറപ്പെടുന്ന ഷാര്‍ജ – കൊച്ചി വിമാനത്തിലെ യാത്രക്കായി എമിഗ്രേഷന്‍ കൗണ്ടറില്‍ നില്‍ക്കുമ്പോൾ കേട്ട, പൂച്ച കണ്ണുള്ള ആ എമറാത്തി സുന്ദരിയുടെ ആനയലറുന്ന പോലെയുള്ള വാക്കുകളെ ഞെട്ടലോടെയാണ് എന്റെ കാതുകൾ സ്വീകരിച്ചത്,ഒരു ദിവസം മുഴുവന്‍ എയര്‍പോര്‍ട്ടിനകത്ത് നീളത്തിലും കുറുകെയും നടന്നും കുത്തിയിരുന്നും തീര്‍ക്കണമെന്ന യാഥാര്‍ത്ഥ്യത്തിനൊപ്പം, “നീ ഒരു ദിവസം ഷാര്‍ജയില്‍ പോയി അടയിരിക്കു മലബാറി ഹറാമി” എന്നായിരുന്നു സലാലയില്‍ നിന്നിറങ്ങാൻ നേരം മ്മടെ അറബി മാമന്റെ പുഴു കയറിയ പല്ല് കാട്ടിയുള്ള പാല്‍ പുഞ്ചിരിയുടെ അർത്ഥമെന്നും മനസ്സിലായി,യാത്രക്ക് മുമ്പ്‌ അറബിമാമന്‍ നീട്ടിയ ടിക്കറ്റ് കൃത്യമായി പരിശോധിക്കാതിരുന്ന ബുദ്ധി ശൂന്യതയോര്‍ത്ത് തല പുകച്ചല്‍പ്പനേരം, എന്തായാലും പെട്ടുപോയി, ഇനിയെന്താണ്‌ അടുത്ത കാര്യപരിപാടി,ടിക്കറ്റ് മാറ്റി ഇന്നത്തെ ഫ്ലൈറ്റിനാക്കുക എന്ന മോഹം എയര്‍ലൈന്‍കാർ പറഞ്ഞ ചാര്‍ജ്ജ്കേട്ട് ഏകദേശം കാലിയായ പോക്കറ്റ്‌ പൊട്ടിചിരിച്ചതോടെ മുളയിലേ അവസാനിച്ചു,എന്നെ സ്വീകരിക്കുവാനായി എയര്‍പോര്‍ട്ടിലേക്ക് തിരിച്ച ശോഭാമ്മ ആന്‍ഡ് ടീംസിനെ പാതിവഴിയില്‍ വീട്ടിലേക്ക് മടക്കി അയച്ചു, അറബി മാമന്റെ മൂന്ന് മുന്‍ തലമുറയില്‍പെട്ടവരെ മൊത്തം സ്മരിച്ച് (അതിന്‌ ചിലവ് ഒന്നുമില്ലല്ലോ, നമുക്ക് ഒരു ആശ്വാസവും) ഒതുങ്ങിയ ഒരു സീറ്റില്‍ ഇരുന്ന്, ഹാന്‍ഡ് ബാഗും മടിയില്‍ വെച്ച് ഇത്തിരി നീണ്ട മയക്കം,ഉറക്കമുണര്‍ന്നപ്പോള്‍ സമയം വൈകുന്നേരം ആറര മണി, ഇനിയും ഫ്ലൈറ്റിന് ഇരുപത്തിരണ്ട് മണിക്കൂറോളം ബാക്കി എന്ന ചിന്ത മനസ്സിൽ അസ്വസ്ഥതയുടെ ഹിമാലയം സൃഷ്ട്ടിച്ചു, അതിന്‌ മേമ്പൊടിയായി തരക്കേടില്ലാത്ത വിശപ്പും,ചെറുതായി എന്തേലും അകത്താക്കാം എന്ന ലക്ഷ്യത്തോടെ “എയര്‍പോര്‍ട്ടിലെ തട്ട്‌ കടയും” നോക്കി തെക്ക് വടക്ക് നടക്കവേയാണ് ആ കാഴ്ച്ച കണ്ണുകളിലേക്ക് ഓടിയെത്തിയത്, വിവിധ വര്‍ണ്ണത്തിലുള്ള കുപ്പികള്‍ നിരനിരയായി അടുക്കിവെച്ചിരിക്കുന്ന എയര്‍പോര്‍ട്ടിലെ ഏറ്റവും “മനോഹരമായ” സ്ഥലം,മനസ്സ് ഒന്ന്ചഞ്ചലപ്പെട്ടു, വീണ്ടും കാലിയായ പോക്കറ്റിന്റെ ചിരി കേട്ടതോടെ, അവിടെ കയറിയാല്‍ പാസ്സ്പോര്‍ട്ട് പണയംവെക്കേണ്ടി വരുമെന്ന് മനസ്സിലാക്കി, അങ്ങോട്ട് തിരിയാതെ നേരെ നടന്നു, ഒരു ചായയും പപ്പ്സും കഴിച്ച് സമാധാനപ്പെട്ട് തിരികെ വന്ന് മറ്റൊരു സീറ്റില്‍ ഇരിപ്പുറപ്പിച്ചു,അതുവഴി കടന്ന് പോകുന്ന വിവിധദേശക്കാരായ യാത്രക്കാരുടെ എണ്ണമെടുത്തും, ഇടക്കിടെ സമയം നോക്കിയും, കലിപ്പ് കയറുമ്പോള്‍ അറബിയുടെ അപ്പനെ സ്മരിച്ചും പിന്നെയുമേറെ നേരം,ഏകദേശം രാത്രി ഒമ്പതര മണിയോടെയാണ്‌, എന്റെ സീറ്റിന് തൊട്ടടുത്തായി നവദമ്പതികള്‍ എന്ന് തോന്നിപ്പിക്കുന്ന ശ്രീലങ്കന്‍ തമിഴ്‌ വംശജര്‍ വന്നിരുന്നത്, ഇരുവരും ഹാപ്പി മൂഡില്‍, അല്‍പ്പ സമയം കൊണ്ട്‌ തന്നെ രണ്ടു പേരെയും പരിചയപ്പെട്ടു, സെല്‍വന്‍ജയസൂര്യയും, കുമുദകുമാരിയും….സൗദിയില്‍നിന്ന് വന്ന അവർ രാത്രി ഒരു മണിക്കുള്ള ലങ്കന്‍ എയറിന് പോകാനായി കാത്തിരിക്കുകയാണ് ,” വലിക്കുമോ”സിഗരറ്റ് പാക്കറ്റുമായി എയര്‍പോര്‍ട്ടിലെ വലികേന്ദ്രത്തിലേക്ക് നടക്കവേ ജയസൂര്യ വക ചോദ്യം,കാത്തിരുന്ന ചോദ്യം,വലിപ്പിച്ചാണ് ശീലമെന്ന് മനസ്സിൽ ചൊല്ലി, അതുവരെ വലിക്കാന്‍ മുട്ടി പിടിച്ചുനിന്ന ഞാൻ ചോദ്യം കേട്ടപാടെ ജയസൂര്യക്കൊപ്പം കൂടി,” എത്ര മക്കളുണ്ട് “പുകച്ച് തള്ളുന്നതിനിടയില്‍ എന്റെ വക ടിപ്പിക്കല്‍ മലയാളി ചോദ്യം ജയസൂര്യയോട്,”അതിന്‌ ആര് കല്യാണം കഴിച്ച്, ഞാൻ അവളെ ആദ്യമായ് കാണുന്നത്‌ തന്നെ ദാ ഇപ്പോൾ സൗദിയില്‍ നിന്നുളള ഫ്ലൈറ്റില്‍ വെച്ചാണ്,””കുറഞ്ഞ നേരം കൊണ്ട്‌ ഇത്രയും പരിചയമോ “ഞാൻ മനസ്സിൽ കണക്ക് കൂട്ടുന്നതിനിടയില്‍” നാട്ടില്‍ ചെന്നിട്ട് വേണം അവളെ കല്യാണം കഴിക്കാൻ ” ജയസൂര്യ തന്റെ ലക്ഷ്യം കൂടി പങ്കുവെച്ചു വെരി സിംമ്പിള്‍, മോനെ ജയസൂര്യ നീ പുലിയാ,പാതിരാവോടെ ഫ്ലൈറ്റ്‌ സമയമായപ്പോള്‍ ജയസൂര്യ – കുമുദകുമാരി കൂട്ടുകെട്ടും എന്നോട് യാത്ര പറഞ്ഞ്‌ പോയി,ഉറക്കം വേട്ടയാടി തുടങ്ങിയ നിമിഷങ്ങൾ, ബ്ലാങ്കറ്റും വിരിച്ച് തലയിണയുമോക്കെയായി തറയില്‍ നീണ്ടു നിവര്‍ന്ന് കിടന്നുറങ്ങുന്ന ബംഗാളികളെ കണ്ടപ്പോള്‍ ഇത്തിരി അസൂയയും ഒപ്പം ഇവനൊക്കെ ആഴ്ച്ചകളായി എയര്‍പോര്‍ട്ടില്‍ തന്നെയാണോ താമസമെന്ന സംശയവുമുയർന്നു, കാതിനു ചുറ്റുമുള്ള കലകല ശബ്ദം കേട്ടാണ് ഇടക്ക് എപ്പോഴോ മയങ്ങിയ ഞാൻ ഉണരുന്നത്, കണ്ണ് തുറന്നു നോക്കിയപ്പോള്‍ എന്റെ ഇടതും വലതുമുള്ള സീറ്റുകളിലെല്ലാം സ്പ്രിംഗ് മുടിയുള്ള, വെളുത്ത പല്ലുകളുള്ള, കറുത്ത സുന്ദരിമാര്‍,മനസ്സിലേക്ക് സെറീന വില്യംസ് ഓടിയെത്തി, അവർ ഇടവേളകളില്ലാതെ സംസാരിച്ച്കൊണ്ടേയിരിക്കുന്നു, എന്റെ ഇടതുവശത്തിരുന്ന സുന്ദരിയോട് വലതുവശത്തിരുന്ന സുന്ദരി കുശലം പറഞ്ഞതാണ്, അവളുടെ വായ് ആകുന്ന ഷവറില്‍ നിന്നുള്ള വെള്ളം എന്റെ മുഖത്തും ഷര്‍ട്ടിലും സ്ഥാനംപിടിച്ചു, കൂടുതൽ നേരം അവിടിരുന്നാല്‍ നനഞ്ഞു കുളിക്കേണ്ടി വരൂമെന്നതിനാല്‍, അവിടുന്ന് എസ്കേപ്പ് ആയി നേരെ “എയര്‍പോര്‍ട്ടിലെ തട്ട്കടയിലേക്ക് “, ലക്ഷ്യം ഒരു കാലിചായ, സമയം രാവിലെ ഏഴ് മണിയോടടുക്കുന്നു ഇനിയും ഒമ്പത് മണിക്കൂറിലധികം ബാക്കി,ചായ കുടിക്കുന്നതിനിടയിലാണ് തൊട്ടടുത്തിരിക്കുന്ന അമ്മാവന്‍ ഞാനുമായി പരിചയപ്പെടുന്നത്,പരിചയപ്പെട്ടപ്പോള്‍ രണ്ടു പേരും സമാന ദുഃഖിതര്‍, അങ്കമാലി സ്വദേശിയായ അമ്മാവനും തലേ ദിവസം എന്നെ പോലെ സലാല വിമാനത്തില്‍ ഷാര്‍ജയില്‍ വന്നിറങ്ങിയതാണ്, അമ്മാവനും ഇന്ന്‌ വൈകിട്ടാണ് ഫ്ലൈറ്റ്‌, എന്നെ പോലെ ഇന്നലെ വൈകുന്നേരം മുതൽ അമ്മാവനും എയര്‍പോര്‍ട്ടിനകത്ത് തെണ്ടി തിരിഞ്ഞു നടക്കുകയായിരുന്ന്, പക്ഷെ ഞങ്ങൾ പരസ്പരം കണ്ടു മുട്ടിയത് അപ്പോഴാണെന്ന് മാത്രം, (എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ)പരിചയപ്പെടാന്‍ വൈകിയെങ്കിലും വാചകമടിയില്‍ ബിരുദാനന്തര ബിരുദം നേടിയ അമ്മാവനുമായി പെട്ടന്ന് തന്നെ ഞാനടുത്തു,അങ്കമാലി വിശേഷങ്ങള്‍ പങ്ക് വെച്ച് അമ്മാവന്‍ കത്തി കയറി, ഇടക്ക് വര്‍ണ്ണ കുപ്പികള്‍ നിരത്തി വെച്ചിരിക്കുന്ന ആ മനോഹരമായ സ്ഥലത്തേക്ക് തീര്‍ത്ഥാടനത്തിനു പോയി ഞങ്ങൾ ക്ഷീണവുമകറ്റി (ചിലവ് അമ്മാവന്‍ വക)അങ്കമാലി അമ്മാവന്റെ ഇടതടവില്ലാതെയുള്ള നര്‍മ്മം നിറഞ്ഞ സംസാരം ആസ്വദിച്ച് പിന്നീടുള്ള മണിക്കൂറുകള്‍ പെട്ടന്ന് തന്നെ കടന്ന് പോയി,ആ വെളുപ്പാൻകാലത്ത്‌ എയര്‍പോര്‍ട്ടില്‍ വെച്ച് പരിചയപ്പെട്ട അങ്കമാലിക്കാരന്‍ അമ്മാവന്‍ എന്റെ മുഖപുസ്തക സുഹൃത്തായി ഇപ്പോഴും കൂടെയുണ്ട്,നമ്മുടെ ജയസൂര്യ – കുമുദ കുമാരി ജോഡി ഇത്തിരി പിണക്കങ്ങളും ഒത്തിരി സ്നേഹവുമായി രാവണന്റെ നാട്ടില്‍ എവിടെയോ ജീവിക്കുന്നുണ്ടാകാം,പിന്നെ മ്മടെ അറബി മാമന്‍ എവിടെയാണോ ആവോ?കെ. ആര്‍. രാജേഷ്

By ivayana