വർഷത്തിലൊരിക്കലെങ്കിലുമെന്ന്
ഓർമ്മയിലെ സന്തോഷങ്ങളിലേക്ക്
പിടിച്ചു കയറാൻ നോക്കും
പാതാളത്തിലേക്ക് വീണുപോയ
വിശ്വാസങ്ങൾ …ആനന്ദങ്ങൾ…
എന്നിട്ടെന്താണ്,
ചവിട്ടിത്താഴ്ത്തിയവൻ
തന്നെയാണ് ഇപ്പോഴും
എല്ലായിടത്തും
പൂക്കള നടുവിലെ
ഓണത്തപ്പനെന്ന്,
മറവിയിലേക്ക് തന്നെ
കെട്ടിയിറക്കിയ അതേ കയറിൽ
തന്നെയാണിപ്പോഴുമിവിടെ ഊഞ്ഞാലെന്ന്,
തലങ്ങും വിലങ്ങും നുറുങ്ങി
അരഞ്ഞും പൊടിഞ്ഞും തിളച്ചിട്ടും
ജീവിതം പാകത്തിന് വെന്തില്ലെന്ന്
വേദനകൾക്കുപ്പ് പോരെന്ന്
സ്നേഹത്താലാസകലം പൊള്ളിക്കുടർന്നിട്ടും
നെഞ്ചിലിട്ട് വരട്ടിയെടുത്തിട്ടും
എവിടെയും പ്രണയമധുരം കയ്ക്കുന്നെന്ന്
ഒരംഗുലം ബാക്കി വെയ്ക്കാതെ
ഉടലുമുയിരും പകുത്തിട്ടും
പോരാ പോരാ
ഇനിയും ഇനിയുമെന്ന്
എല്ലാരുമൊന്നുപോലെ
കലമ്പുന്ന പരാതികളുടെ
ആർത്തികളുടെ
ആഘോഷങ്ങളിലേക്ക്
ഇനിയൊരിക്കലും വരില്ലെന്ന്
ചിരിച്ചും കരഞ്ഞും
മറവിയുടെ പാതാളവും താണ്ടി,
നേരിൻ്റെ ക്ഷമയുടെ
പാകതയുടെ പ്രതീക്ഷയുടെ
വൈതരണികൾ നീന്തിക്കടന്ന്,
വന്നതിലും വേഗത്തിൽ
തിരിച്ചു പോവുന്നുണ്ട്
വിശ്വാസത്തിൻ്റെ നെറുകയിൽ
ചവിട്ടേറ്റ ഒരാത്മാവ്.
ഒരോണപ്പൊട്ടൻ.

By ivayana