രചന : സി.മുരളീധരൻ ✍
ഭൂമിയും വാനും കൂടി ചേരുന്നോരനന്തമാം
സീമയറ്റൊരു ചക്ര വാളത്തിനപ്പുറത്തോ
ഹാ!വിധേ തിരിച്ചെടു ക്കുന്നുനീഎനിക്കെന്നും
ജീവന്നുപ്രിയമായ സ്നേഹവുംവെളിച്ചവും
എത്തീടുംഇരുട്ടിലേക്കെന്നെയുമാഴ്ത്തിടുന്ന
മാത്രയൊന്നുണ്ടായീടും നാളെയെന്നാണല്ലോ നീ
എൻ്റെയുള്ളിലേക്കെത്തിയോതിയതിപ്പോൾ പോലും
നിൻ്റെ വ്യാമോഹം വ്യർത്ഥ മാക്കിടാതചഞ്ചല
ശക്തിയാർജ്ജിക്കാം തീവ്രജ്ജ്വാലയാകുവാൻ സൂര്യ-
ശക്തിയിലുൾചേരുന്ന ലയമാകുവാൻ ജന്മം!
നിഷ്കാമകർമ്മത്തിൻ്റെ ശക്തിയാണെ നിക്കിഷ്ടം
നിസ്തുല സ്നേഹത്തിൻ്റെ ലയ മാണെനിക്കിഷ്ടം
കർമ്മ തീവ്രത ജ്വലിച്ചീ ടുന്ന ജന്മം ധന്യം
പ്രേമനൈർമല്യം ലയ ഭാവമാവതേ പുണ്യം
നന്ദി നീ ഇതുവരെ തന്നെന്നെ മോഹിപ്പിച്ച
ധന്യജന്മത്തിൻ രൂപ ഭാവങ്ങൾക്കെല്ലാം തന്നെ
രാത്രി വന്നെത്തും മുൻപേ തീർക്കുവാൻ യത്‌നിക്കട്ടെ,
മാത്രകളല്പം മാത്രം, കർമ്മ വൈഭവകാണ്ഡം!
എൻ്റെ സുന്ദര പ്രഭാതത്തിൻ്റെ തുടിപ്പുകൾ
എൻ്റെ യൂഷ്മള മദ്ധ്യാഹ്നത്തിൻ്റെ ലഹരികൾ
എൻ്റെ ദീപ്തമാം വർണ്ണ സായാഹ്ന സുരഭികൾ
എൻ്റെയീ അശാന്തമാം രജനീ കല്ലോലങ്ങൾ,
സ്വപ്നങ്ങൾ, ഭൂവിൽ തീർത്ത സ്വർഗങ്ങൾ നരകങ്ങൾ
സത്യ സൗന്ദര്യ തീർത്ഥ യാത്രതന്നാവേശങ്ങൾ,
നാളെയുംസ്പന്ദിക്കുമാസൂര്യ തേജസ്സിൽ ജീവ
നാളം,ഈദേഹമലിഞ്ഞില്ലാതെയായീടിലും
ഹാ! വിധേ, വെറുതെ ഞാൻ കീഴടങ്ങുകയല്ല
ജീവിതമെറിഞ്ഞുട ച്ചോർമ്മയാവുകയല്ല!
🙏🏻
