അരിച്ചിറങ്ങുന്ന വെളിച്ചത്തിനു നേരേ തലനീട്ടുന്ന വള്ളിച്ചെടിയും, വരൾച്ചയിൽനിന്നു് കാതങ്ങളോളം പിടച്ചുചാടി വെള്ളം കണ്ടെത്തുന്ന കരികണ്ണി മീനും, സ്വന്തം വാലുമുറിച്ചിട്ട് മാഞ്ഞുപോകുന്ന പല്ലിയും അതിജീവനത്തിന്റെ വഴിയിലേക്കാണു സഞ്ചരിക്കുന്നത്. പ്രതിസന്ധികളെ തരണം ചെയ്യുന്നതാണു് അതിജീവിനത്തിന്റെ അടിസ്ഥാനം. ഏണിക്കഴുത്തുള്ള ജിറാഫും, മൂക്കിൽ കൈയുള്ള ആനയും, ലഭ്യമായ സൗകര്യങ്ങളിൽ സ്വയം രൂപപ്പെടുക എന്നു വിളിച്ചു പറയുന്ന പരിണാമസിദ്ധാന്തത്തിന്റെ വക്താക്കളാണു്.ആവശ്യം, സൃഷ്ടിയുടെ മാതാവാണല്ലോ. സമയത്തോടു മത്സരിച്ച്, തന്റെ സഞ്ചാരസൗകര്യങ്ങൾ വിപുലപ്പെടുത്തിയ മനുഷ്യൻ, അതിരില്ലാതെ യാത്ര ചെയ്യുകയും, ഭൂമി മുഴുവനും വീടാക്കി മാറ്റുകയും ചെയ്തു. ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിരന്തരം അന്വേഷണത്തിലേർപ്പെട്ട മനുഷ്യൻ, പഠനം ജീവിതത്തിന്റെ ഒരു ഭാഗമാക്കുകയാണു ചെയ്തത്. അറിവിന്റെ മേഖല വർദ്ധിക്കുന്നതനുസരിച്ച് പഠനച്ചുമടിന്റെ ഭാരവും കൂടിക്കൊണ്ടിരുന്നു. ലോകത്തിന്റെ ഏതൊരു കോണിലും മനുഷ്യൻ ആർജ്ജിക്കുന്ന എല്ലാ അറിവുകളും തലമുറകളിലൂടെ പകരേണ്ടതായും, കുട്ടികൾ അതെല്ലാം പഠിക്കേണ്ടതായും വന്നു. പതിനഞ്ചു കൊല്ലത്തോളം നീണ്ട കാലയളവെങ്കിലും പഠിച്ചാലേ ഒരാൾ, ഈ ലോകത്തിൽ സാധാരണജീവിതം നയിക്കാനുള്ള അർഹത നേടൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. ഇക്കാലയളവിൽ, പഠനപദ്ധതിയിൽ ഉൾപ്പെട്ട എല്ലാക്കാര്യങ്ങളും, ഒരുവന്റെ ജീവിതത്തിൽ പ്രയോജനപ്പെടുന്നുണ്ടോയെന്നും, അപ്രകാരമല്ലാത്തവ അധികഭാരമല്ലേയെന്നുമുള്ള പ്രസക്തമായ ചോദ്യങ്ങൾ ഒരുവശത്തു നിലനിൽക്കുന്നു.എന്നാൽ, ലോൿഡൗൺ കാലത്ത് എല്ലാം പൂട്ടപ്പെട്ട സാഹചര്യത്തോട് ഏവർക്കും പൊരുത്തപ്പെടാതെ മാർഗ്ഗമില്ലെന്നായി. ഉടുതുണിക്കു മറുതുണി വീട്ടിൽത്തന്നെ കണ്ടെത്തേണ്ടി വന്നു. ചുക്കില്ലാതെ കഷായവും, ചുണ്ണാമ്പില്ലാതെ മുറുക്കും ശീലമാക്കേണ്ട അവസ്ഥ സംജാതമായി. വിദ്യാഭ്യാസവും അതിനനുസരിച്ച് അളവുകൾ മാറ്റി വെട്ടിത്തയിക്കേണ്ടിവന്നു.ഗുരുകുലസമ്പ്രദായത്തിൽനിന്ന് എത്രയോ മാറ്റങ്ങൾ ഉൾക്കൊണ്ടാണു് ഇന്നത്തെ രീതിയിലേക്ക് വിദ്യാഭ്യാസം എത്തിയിരിക്കുന്നത്! ഗുരുഭവനം തന്റെയും വീടാണെന്നു സങ്കൽപ്പിച്ച്, അദ്ദേഹത്തെ സ്വന്തം മാതാപിതാക്കൾക്കു പകരമായിക്കണ്ട് ജീവിക്കുകയാണു ശിഷ്യർ ചെയ്തത്. തികച്ചും സ്വാഭാവികമായ അന്തരീക്ഷത്തിൽ ജീവിക്കുന്ന കുട്ടികൾ ജീവിതംതന്നെയാണു് അവിടെ പഠിക്കുന്നത്. ധനം അളവുകോലാക്കി, കേവലം അറിവുകൾ കൈമാറ്റം ചെയ്യുക എന്ന ഇന്നത്തെ രീതി, മനുഷ്യന്റെ വാണിജ്യപ്രവണതയെ തൃപ്തിപ്പെടുത്തുകയാണുണ്ടായത് എന്നു വാദിച്ചാൽ, അതിനെ ഖണ്ഡിക്കാൻ പ്രയാസമായിരിക്കും. എന്തായാലും, വിദ്യാഭ്യാസം എന്നത് വൻ സന്നാഹങ്ങളോടേ, വലിയ ചട്ടക്കൂടുകളിൽ മാത്രം നടത്താവുന്ന ഒന്നാണു് എന്നു വരുത്തിത്തീർക്കാൻ ആധുനിക വാണിജ്യസംസ്കാരത്തിനു കഴിഞ്ഞു എന്നു പറയേണ്ടിവരും. മനുഷ്യജീവിതത്തിലെ നാനാതുറകളിൽ, ഒഴിവാക്കാനാവുന്ന ധാരാളം കാര്യങ്ങളുണ്ട് എന്ന തിരിച്ചറിവ് ഈ കൊറോണക്കാലത്ത് ഉണ്ടായി. പാഠ്യപദ്ധതികളിലും ഇതു ബാധകമാണെന്നു കണ്ടു.റെഗുലർ ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിക്കാതെ വിദൂരവിദ്യാഭ്യാസത്തിൽ ഏർപ്പെട്ടവർക്ക് രണ്ടാംകിട പരിഗണനയാണു നൽകിയിരുന്നത്. എന്നാൽ സാമൂഹിക അടച്ചുപൂട്ടൽ അത്തരം കാഴ്ച്ചപ്പാടുകളെ മാറ്റിമറിച്ചു. അതിജീവനമാണല്ലോ പ്രധാനം. സമ്പർക്കവിദ്യാഭ്യാസത്തിനു പകരക്കാരനായി വന്ന സമൂഹമാധ്യമരീതികൾ ഒരിക്കലും അതിനു തത്തുല്യമാകുന്നില്ല. എങ്കിലും, അതിനും കുറേ നല്ലവശങ്ങളുണ്ട്. ക്ലാസ്സിൽ അധ്യാപകൻ കുട്ടികളുമായി സംവദിക്കുന്ന രീതി, കുട്ടി എങ്ങനെയാണു കാര്യങ്ങൾ ഗ്രഹിക്കുന്നത് എന്നതിനെ ഒരു നല്ല അധ്യാപകൻ നന്നായി മനസ്സിലാക്കുന്നു. ഒരു ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളും ഗ്രഹണശേഷിയിൽ തുല്യരായിരിക്കണമെന്നില്ല. താല്പര്യം മുറിയാതെ ഏവരും ശ്രദ്ധയോടെ ക്ലാസ്സിൽ തുടരുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുവാനും, അതെല്ലാം ഓരോ കുട്ടിയും ഗ്രഹിക്കുന്നുണ്ടോ എന്നു വ്യതിരിക്തമായി വിലയിരുത്താനും ശ്രമിക്കാത്ത ഒരു അദ്ധ്യാപകൻ, തന്റെ ദൗത്യത്തിൽ വിജയിക്കണമെന്നില്ല. എന്നാൽ, ഉത്തരവാദിത്തം കൈമുതലായുള്ള ഒരു അദ്ധ്യാപകൻ, ഓരോ കുട്ടിയുടെയും ഭാവവ്യത്യാസങ്ങളെ വിലയിരുത്തി, തന്റെ അധ്യാപനം ഫലപ്രദമാക്കി മുന്നോട്ടു പോകുന്നു. വിദ്യാർത്ഥികളുമായി നേരിട്ടു കണ്ട് പരിചയം വളർത്തി ഒരു ആത്മബന്ധത്തിൽ എത്തുന്ന അദ്ധ്യാപകനു മാത്രമേ മേൽപ്പറഞ്ഞ രീതി അവലംബിക്കാൻ സാധിക്കൂ. സമൂഹത്തിന്റെ പരിച്ഛേദമായ വിദ്യാർത്ഥിസമൂഹം, വ്യത്യസ്തമായ സ്വഭാവരീതികളും, മറ്റും കണ്ടും കേട്ടും അനുഭവിക്കുമ്പോളേ, അവൻ/അവൾ സമൂഹവുമായി എങ്ങനെ ഇടപെടണമെന്നും, ഓരോരോ മനുഷ്യരെയും എങ്ങനെ ഉൾക്കൊള്ളണമെന്നും മനസ്സിലാകൂ. വിഭിന്നരീതിയിലുള്ള വ്യക്തികളുമായി ഇടപഴകി ജീവിക്കുന്ന ഒരാൾക്കേ ശരിയായ പക്വത നേടി ജീവിതത്തിൽ അനായാസം മുന്നേറാൻ സാധിക്കൂ. വീട്ടിൽ അടച്ചുപൂട്ടി ഇരിക്കാൻ വിധിക്കപ്പെട്ട വിദ്യാർത്ഥികൾക്കിടയിൽ മാനസികസമ്മർദ്ദം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. മൂന്നു മാസത്തെ ലോൿഡൗൺ കാലത്ത് ഈയിടെ 66 കുട്ടികൾ ആത്മഹത്യ ചെയ്തു എന്ന വസ്തുത അതിനുള്ള തെളിവാണു്. സമ്പർക്കവിദ്യാഭ്യാസത്തിൽ, ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം, അധ്യാപൻ കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുന്നു. തന്റെ ക്ലാസ്സിലെ ആശയവിനിമയം ഫലപ്രദമാണോ എന്നു പരിശോധിക്കാൻ അദ്ദേഹം നിർബന്ധിതനാകുന്നില്ല. ടെലിവിഷനിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ലൈവായും, റെക്കോഡിങ്ങായും ക്ലാസ്സുകൾ നയിക്കുമ്പോൾ, മേൽപ്പറഞ്ഞ ന്യൂനതയുണ്ടെങ്കിലും, അധ്യാപകൻ കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ടതായി വരുന്നു. മാതാപിതാക്കളും, വിഷയങ്ങളിൽ കൂടുതൽ അവഗാഹമുള്ള മറ്റുള്ളവരും ഇതെല്ലാം വിലയിരുത്തുന്ന സാഹര്യം ഉണ്ടാകുന്നു എന്നത് തീർച്ചയായും ഒരു നല്ല കാര്യമാണു്. വീഡിയോ ആയോ, ഓഡിയോ ആയോ രേഖപ്പെടുത്തുന്നതു കൊണ്ട് കുട്ടികൾക്ക് എത്ര തവണ വേണമെങ്കിലും ആവർത്തിച്ചു കാണാനോ കേൾക്കാനോ സാധിക്കുന്നു എന്നത്, വിഷയം കൂടുതൽ ഹൃദിസ്ഥമാക്കാൻ സഹായിക്കുന്നു. ഏതെങ്കിലും ക്ലാസ്സിൽ ഹാജരാകാൻ സാധിക്കാതെ വരുക എന്നൊരു കാര്യം ഇവിടെ പ്രസക്തമല്ല. ലൈവായി പങ്കെടുത്തില്ലെങ്കിലും പിന്നീട് സൗകര്യം പോലെ വീക്ഷിക്കാമല്ലോ. മാതാപിതാക്കളോ, വിഷയത്തിൽ വൈദഗ്ധ്യമുള്ള മറ്റുള്ളവരോ സന്നിഹിതരാണെങ്കിൽ, കുട്ടിക്ക് കൂടുതൽ സൗകര്യമാകും. ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തി, തന്റെ അവതരണം പരിപൂർണ്ണമാക്കാനുള്ള ഉത്തരവാദിത്തത്തിൽനിന്ന് അദ്ധ്യാപകനു് ഒഴിഞ്ഞു മാറാനാവില്ല.സമൂഹമാധ്യമങ്ങൾക്കെല്ലാം മെച്ചങ്ങളെപ്പൊലെ, അതിന്റേതായ കോട്ടങ്ങളുമുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെടാതെയിരിക്കുന്ന ഒരു കുട്ടി, മാധ്യമങ്ങളിലെ അഴുക്കുചാലുകളിൽ അറിയാതെ ഒഴുകിപ്പോകാനുള്ള സാധ്യത വലുതാണു്. മുമ്പ്, വിദ്യാർത്ഥികൾക്കു മൊബൈൽ ഫോൺ വിലക്കാൻ ഒരു കാരണമുണ്ടായിരുന്നു. പഠനം മുടങ്ങുമെന്നതായിരുന്നു അത്. ഇപ്പോൾ അതു നേരേ മറിഞ്ഞു. ഏതൊരു കൊച്ചു കുട്ടിക്കും ടിവി അല്ലെങ്കിൽ മൊബൈൽ വരുതിയിലാണെന്നത് ഏതൊരു രക്ഷാകർത്താവിനെയും ആശങ്കയിലാഴ്ത്തുന്ന ഒന്നാണു്. അവശ്യമായ ഇലക്ട്രോണിൿ ഉപകരണങ്ങൾ സംഘടിപ്പിച്ചു നൽകുക എന്ന വലിയ സാമ്പത്തികബാധ്യത ഒട്ടേറെ കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. കൊറോണക്കാലം കഴിഞ്ഞാലും, ഈയവസരത്തിൽ ഏർപ്പെടുത്തിയ സൗകര്യങ്ങളും, സാങ്കേതികവിദ്യകളും മുടക്കുമുതൽ തിരികെപ്പിടിക്കുന്നതുവരെയും ഉപയോഗിക്കേണ്ടിവരും. ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയായാലും, കാറ്റിനൊപ്പിച്ച് തുഴയുകയല്ലാതെ വേറെ വഴിയില്ലല്ലോ!മൈക്കിൾ റോക്കി

By ivayana