ദിനേന ഞാൻ പോകുംവഴിയിൽ
പട്ടി വലിച്ചു കൊണ്ടുപോകാറുണ്ടൊരപ്പൂപ്പനെ
“പുതിയ താമസക്കാരാണോ”?
ഞാൻ ചെരിഞ്ഞൊരു ചിരിച്ചോദ്യമായി
മൗനം തഴമ്പിച്ച കൺകൂർപ്പിൽ
പിടിയ്ക്കായ്കയുടെ അശാന്തത മിന്നി..
ഗാർഹസ്ഥ്യം പുതച്ച വയോധികൻ
ചെറുപ്പാലംഭാവങ്ങളുടെ വിധിയടയാളമാവാം
ചിരി മറന്ന നിഗൂഢനാവാം
പലരെ പറ്റിച്ച പെരുങ്കള്ളനാവാം
ഏകാകി മേലാട വലിച്ചുടുത്തതാവാം
ഒറ്റയിൽ തളർന്ന വിപ്ളവകാരിയാവാം
അഹങ്കാരിയായൊരു ധനികനാവാം..
ഊഹങ്ങൾക്കു ഞാൻ തീർപ്പിന്റെ നിറം ചാർത്തി അവളുടെ ചെവിയിലേക്കിട്ടു..
“പോ പുച്ഛപ്രിയാ” എന്ന പതിവാട്ടു വീണ്ടും വാങ്ങി
“ഏറ്റവും മാന്യനാണാ വയോധികൻ
നാലഞ്ചു വീടുകൾക്കപ്പുറത്താണയാൾ
ചിരി മറന്ന നിഗൂഢനല്ലയാൾ
ചിരി മരിച്ച നിർദ്ദോഷിയാണയാൾ
പലരെ പഠിപ്പിച്ചൊരധ്യാപകനയാൾ
ഏകാകിയായതു ജീവിതനിശ്ചയം
ഒറ്റയിൽ തളരാതെ ജീവന്റെ വിപ്ലവം
ഒറ്റയ്ക്കു നിന്നു നയിക്കുകയാണയാൾ
അഹംഭാവമില്ലാത്ത ദയാലുവാണയാൾ”
എന്റെ തീർപ്പുകൾക്ക് തീയിട്ട് എന്റെ ചെവിയിലേക്കിട്ടു..
അതിന്ദ്രീയ സുഖം നിറച്ചൊരു കവിത
അത്രമേൽ തീവ്രേച്ഛയിൽ ശ്രവിക്കും പോലെ
അതിൻ ഭാവശക്തിയിൽ പ്രതീതിശില്പങ്ങൾ
രസപാകം പൂണ്ടു കാഴ്ചയിൽ നിൽക്കും പോലെ
ഞാൻ പലതാക്കിയയാളെ കേട്ടിരിക്കെ
ഉടൽ തരിച്ചു പെരുക്കും പോലെ..
ക്രമംവിട്ടിന്നെന്തേ ഞാനുണർന്നു
പതിവില്ലല്ലോയെന്നവൾ പറഞ്ഞു
ആലസ്യം വന്നെന്നിൽ നിറഞ്ഞു
പേരറിയാമടിയൊന്നെന്നെപ്പൊതിഞ്ഞു
ആ വീട്ടിലേക്കു ഞാനെത്തി നോക്കേ
ചെറിയൊരാൾക്കൂട്ടം കണ്ടതാലേ
ജിജ്ഞാസകൾക്കു കാൽവേഗമായ്
ഞാനവിടെയെത്തീട്ടകം നോക്കവേ
ഹൃദയം നിലച്ചൊരാ വയോധികൻ
മണ്ണുമ്മവെച്ചു കിടക്കുന്നു നിശ്ചലം..
അതിന്ദ്രീയ ദുഖം നിറച്ചൊരു കവിത
അത്രമേൽ ശോകഛവിയിൽ ശ്രവിക്കും പോലെ
അതിൻ ശോക മനാന്തരങ്ങളിൽ
ഒരു ഏകാന്തദീപം ജ്വലിക്കുന്ന പോലെ..!
ജയൻ.

By ivayana