മൻസൂർ (Mansoor Ahammed)എന്ന യാത്രികൻ വീണ്ടും നമ്മളെ വീട്ടിലിരുത്തി ലോകം ചുറ്റിച്ചിരിക്കുന്നു ‘കാലൊപ്പുകൾ’ എന്ന പുസ്തകത്തിലൂടെ. ആ കാലുകളിലൂടെ നമ്മൾ മരുഭൂമികളും മരുപ്പച്ചകളും ചൈനയും കോഴിക്കോടും മലമടക്കുകളും കടൽത്തീരവും എല്ലാം കടന്നുപോവുന്നു. അനുഭൂതിയോടെ കാണുന്നു. കൊതിയോടെ നുണയുന്നു. സന്തോഷമടയുന്നു.
ചാലിയാറിന്റെ ഇക്കരെയാണ് ഞാനെങ്കിൽ അക്കരെയാണ് മൻസൂർ. അയൽവക്കക്കാർ. ഒരേ കാഴ്ചകൾ കാണാനാവുന്നവർ. അതുകൊണ്ടുതന്നെ ചാലിയാർ പുഴയിലൂടെ അയാൾ ഇങ്ങോട്ട് കൊന്നാര് കടവ് കടക്കുമ്പോൾ ഞാനാദ്യം മുക്കത്തേക്ക് പോവാൻ അങ്ങോട്ട് ചെറുവാടി കടവ് കടക്കുന്നതോർക്കും. തോണിയാത്രയുടെ ഓളങ്ങൾ മനസ്സിനെ മെല്ലെയുലയ്ക്കും. മാവൂർ കൽപള്ളിയുടെ സൗന്ദര്യം അയാൾ വർണിക്കുമ്പോൾ ഞാനെപ്പോഴും പലരോടും പറയാറുള്ളതോർക്കും – പോകാൻ ഏറ്റവും ഇഷ്ടമുള്ള വഴിയാണ് ചെറൂപ്പ മുതൽ മാവൂർ വരെ – എന്ന്.
മുറിഞ്ഞാട് – തൃക്കളയൂർ ചരിത്രം എന്നെ പുളകം കൊള്ളിച്ച് കടന്നുപോയി. എന്റെ സ്ഥിരം വഴികളിലൂടെ ഇനി നീങ്ങുമ്പോൾ ഞാനാ ചരിത്രത്തിന്റെ കൂടെ തുഴയും.
ഗൾഫ് നാടുകളിലെ ചൂട്കാലവും അതിലെ തണുപ്പും ചൈനയുടെ പച്ചപ്പും എല്ലാം നമുക്ക് പുത്തൻ കാഴ്ചകൾ സമ്മാനിക്കും.
ബിരിയാണി മുതൽ കട്ടൻ ചായ വരെ നമ്മുടെ വായിൽ കപ്പലോടിക്കും. ഉപ്പയുടെ ഓർമകൾ വാത്സല്യം കൊണ്ട് പൊതിയും .
യാത്രകളുടെ കൂടെ ഓർമയും രുചിയും മാത്രമല്ല, ഒഴിച്ചുകൂടാനാവാത്ത ചരിത്രങ്ങളും പറഞ്ഞ് പോവുന്നുണ്ട് മൻസൂർ അബ്ദു ചെറുവാടിയുടെ കാലൊപ്പുകളിൽ .
തീർച്ചയായും മനോഹരമായൊരു പുസ്തകം.
ഇതിന്റെ കൂടെ ഞാൻ മുന്നെ എഴുതിയ ഏതാനും വരികൾ കൂടെ ഇവിടെ ചേർക്കട്ടെ.
കുടിച്ചു വറ്റിക്കാത്തവ
രാത്രിയുടെ മൂർദ്ധന്യത്തിൽ
യാത്രയുടെ പകുതിയിൽ,
ഒറ്റബെഞ്ചിലേയ്ക്ക്
കയറിക്കൂടിയ
കുപ്പിവിളക്കിന്റെ
അരണ്ട വെളിച്ചത്തിൽ
ചുടുകാപ്പി
ഊതി ഊതിപ്പറപ്പിച്ച്
മാറ്റിമാറ്റിക്കുടിക്കുന്ന
ചുണ്ടുകൾ നാം..
ഒട്ടിയിരിക്കുമ്പോൾ
തേടിവരുന്ന ചൂടും
മഞ്ഞ്കാറ്റിന്റെ
പാറിപ്പോകുന്ന തണുപ്പും..
കുന്നുകയറാനുള്ള
തയ്യാറെടുപ്പിൽ
ഗ്ലാസിനടിയിൽ
ഒരു കവിൾ ബാക്കിവെച്ച്
വീണ്ടും കാണാം എന്ന്
യാത്രപറയുമ്പോൾ
അത്രത്തോളം
ആസ്വദിച്ചവയുടെ
കുടിച്ചു വറ്റിക്കാത്ത
ചെറുശേഷിപ്പ്
ചിരിയോടെ
നിറഞ്ഞ് തുളുമ്പുന്നു…!
ഈ പുസ്തകം ലഭിക്കുന്നതിനായി ➡️ 9072 91 24 91 എന്ന നമ്പറിൽ നിങ്ങളുടെ അഡ്രസ് വാട്സ്ആപ്പ് ചെയ്യുക. (HomeLibrary Kozhikode)