സജീവ അഗ്നിപർവ്വതങ്ങളുള്ള
ഈ ഒറ്റപ്പെട്ട ദ്വീപിലേക്ക്,
ഈ വിനോദശാലയിലേക്ക്
ഇപ്പോളാരും വരാറില്ല.
എങ്കിലും എല്ലാക്കൊല്ലവുമെത്തുന്ന,
ധാരാളം ടിപ്പ് തരുന്ന
ജർമ്മൻകാരി ഗവേഷക
‘അമേലിയ’യെ മാത്രം പ്രതീക്ഷിക്കുന്നു.
കാലത്തിന്റെ ലോക്ക്ഡൗണിൽ
പ്രപഞ്ചത്തിലെ എല്ലാ വഴിത്താരകളുമടയുന്നു!
കടലിനന്നു പതിവിലും പച്ചനിറമായിരുന്നു,
ഞാനൊരിക്കലും നീലക്കടൽ കണ്ടിട്ടില്ല.
അന്നാണ്, സൾഫർ തടാകത്തിന്റെ കരയിൽവച്ച്
അമേലിയയോട് മനുഷ്യരിലെ
അഗ്നിപർവ്വതങ്ങളെപ്പറ്റി പറഞ്ഞത്.
‘അന്നമില്ലാതെ തിളച്ചുമറിയുന്ന
വയറിനുള്ളിലെ അമ്ല മാഗ്മകൾ,
പൊട്ടിത്തെറിച്ചു നുരഞ്ഞൊഴുകാൻ
അനുകൂല ദുർബല നിമിഷത്തെ തിരയുന്ന
തിളച്ച വികാരവിക്ഷുബ്ധ ചിന്തകൾ,
കാമം, പക, സങ്കടം, കോപം..,
എന്തിന് സ്നേഹംപോലും
അടിച്ചമർത്തപ്പെട്ട ലാവയാകുന്നു.’
തടാകത്തിൽ കോളിഫ്ലവറിന്റെ രൂപത്തിൽ
ഒരു ധൂമപടലം പ്രതിഫലിച്ചു,
അതിൽനിന്നു വിഷലിപ്തമായ കാറ്റുകൾ
ഞങ്ങൾക്കു ശല്യമായ്ക്കടന്നുപോയി,
പേരറിയാ വാതകങ്ങളുടെ രൂക്ഷഗന്ധം.
അവൾ വിളറി വേദനിക്കുന്നു,
വയറ്റിൽ അമർത്തിപ്പിടിക്കുന്നു,
പതഞ്ഞുപൊന്തിയൊഴുകുന്ന ചുവന്ന ലാവ!
കൃത്യമായ ഇടവേളകളിൽ
പ്രവർത്തനനിരതമാകുന്ന ചൂടുറവകളുടെ,
ഉർവ്വരതയുടെ ജ്വാലാമുഖി..
ഞാനവളുടെ അടിവയറുഴിഞ്ഞു,
പതിവിലും മെദുവേ,
ഏറ്റവും സ്നേഹത്തോടെ.
എവിടുന്നോ ഒഴുകിയെത്തിയ
ചുവന്ന ആൽഗകളാൽ
ദ്വീപിന്റെ കടലപ്പോൾ സുന്ദരിയായി!
അഗ്നിശൈലം പൊട്ടിത്തെറിച്ച രാത്രി,
കുരുതിക്കളംപോലെ ആകാശം.
ഭൂകമ്പങ്ങൾ, തിരത്തളളിച്ചയുടെ ജലാഗ്രങ്ങൾ
നടുങ്ങി നുറുങ്ങുമുഗ്രസ്ഫോടനങ്ങൾ,
ക്ഷുഭിതയായി ജ്വാലാമുഖി!
വർണ്ണശബളമായ അഗ്നിജ്വാലകൾ,
പലനിറപ്പുഴുക്കൾ നുരയ്ക്കും ശിലാദ്രവങ്ങൾ,
വെടിത്തിരികൾ ചിതറുന്ന കൂറ്റൻ കുരവപ്പൂവ്,
നാളെത്തെയെന്റെ ചിതാഗ്നി!
ചാരങ്ങൾ പറക്കുന്ന,
ചുവപ്പും നീലയും കത്തിമരിക്കുന്ന രാത്രി.
അകലെ, പൊളിഞ്ഞുകിടക്കുന്ന
ജ്വാലാമുഖിയുടെ ക്ഷേത്രം.
ഞങ്ങളിപ്പോൾ അവിടെയാണ്,
പ്രലോഭനങ്ങളുടെ ദുർബലതയിലൂടെ
പുകഞ്ഞു പുകഞ്ഞു പൊട്ടിത്തെറിക്കാൻ.
മേഘങ്ങളിൽ യുദ്ധംചെയ്തിരുന്ന
രാക്ഷസരൂപികൾ ഒലിച്ചിറങ്ങുന്ന മഴ,
ആ ഗന്ധകമഴനനയുന്ന ക്ഷേത്ര രതിശില്പം.
കടൽ കലങ്ങിക്കറുക്കുന്നു,
ഇനിയും കറുക്കട്ടെ,
ഈ ലോകം കരിങ്കടലാണ്!
ദ്രവശിലകളാൽ എന്നും മാറ്റിവരയ്ക്കപ്പെടുന്ന
ഈ ദ്വീപിന്റെ വഴികാട്ടിക്കു വഴിതെറ്റിയിരിക്കുന്നു!
ഇവിടെ ഒറ്റപ്പെട്ടവനെന്ത് ക്വോറന്റീൻ,
അമേലിയാ.., നീ എവിടെയാണ് ?
നീയിപ്പോൾ ‘Covid – 19 Volcano’,
ഓരോ കോശങ്ങൾക്കുള്ളിലും
പൊട്ടിപ്പൊട്ടിത്തെറിക്കാനായി, ജ്വാലാമുഖീ..,
എത്രയുംവേഗം എന്നിലേക്കെത്തുക.
✍️ ദിജീഷ് കെ.എസ് പുരം.

By ivayana