ഒരു ചിങ്ങമാസ പുലരിയിലാണത് ഞാൻ കേട്ടത്. എഴുനേറ്റതേയുള്ളു. ഭാര്യ ആരോടോ സംസാരിക്കുന്നതുകേട്ടു കതോർത്തതാണ്. കിഴക്കേതിലെ പൊന്നപ്പൻ തലേദിവസം വീട്ടിൽ വന്നിരുന്നില്ലത്രേ. നേരം വെളുത്തപ്പോൾ ശവം തോട്ടിൽ കുറെ കിഴക്കോട്ടുമാറി കണ്ടുകിട്ടി. അലുമിനിയം ചരുവം വെള്ളത്തിൽ പൊങ്ങിക്കിടന്നിരുന്നു. അതിനകത്തു ഭദ്രമായി മീനുവിനു വാങ്ങിയ ഓണപ്പുടവ നനയാതെ ചുളുങ്ങാതെ ഒരു പ്ലാസ്റ്റിക് കൂടിനകത്തു ഉണ്ടായിരുന്നു.ഒപ്പം ഒരു കടലാസ്സുപൊതിയിൽ നനഞ്ഞു കുതിർന്ന രണ്ടു പരിപ്പുവടയും. ആരോ അതു വീട്ടിലെത്തിച്ചു. അതു കാൺകെ പൊന്നപ്പന്റെ ഭാര്യ ഓമനയും മകളും കൂടി നെഞ്ചത്തലച്ചു കരഞ്ഞ കാഴ്ച എത്ര ശ്രമിചിച്ചിട്ടും മനസ്സിൽനിന്നും പോകുന്നില്ല.“അപ്പോ…!!ഞങ്ങളെവിട്ടുപോയോ!!….ഉടുപ്പ് മറക്കാതെ വാങ്ങിയല്ലോ…ഇത്രയും വേണമായിരുന്നോ… “ വേദനയുടെ തേങ്ങൽ ഒരു അലമുറയായി മാറി.ഒരു കൊച്ചു മനുഷ്യനായിരുന്നു പൊന്നപ്പൻ.അഞ്ചടിയിൽ കൂടുതൽ ഉയരമില്ല. മെല്ലിച്ച പ്രകൃതം.എപ്പോഴും ആരെയും മോണകാട്ടി ചിരിച്ചു കാണിക്കും.ജീവിതം കഷ്ടപ്പാടാണെങ്കിലും ഒരു പരിഭവവും ഇല്ലാത്ത മനുഷ്യൻ.നാൽപ്പതുവയസ്സിനടുത്തു പ്രായമുണ്ടെങ്കിലും മുപ്പതുപോലും പറയില്ല.പൊന്നപ്പനു മീനു ജീവനായിരുന്നു.ഏഴുവയസ്സുള്ള അവൾ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു.പഠിക്കാൻ മിടുമിടുക്കിയായ ഒരു ചുണക്കുട്ടി. തലേ ഓണത്തിന് അവൾ അച്ഛനോട് ഓണപ്പുടവ ആവശ്യപ്പെട്ടിരുന്നു.അന്ന് ഒരുദിവസം അച്ഛൻ അമ്മയോടു പറഞ്ഞത് അവൾ കേട്ടു:“ഞാൻ കടയിൽ കയറി.കൂടെയുണ്ടായിരുന്നവരെല്ലാം ഓരോന്ന് വാങ്ങി”, അച്ഛൻ പറഞ്ഞുനിർത്തി.“എന്തേ നിങ്ങൾക്കിഷ്ടപെട്ടതൊന്നും കണ്ടില്ലേ? ““അതല്ല.പൈസ….”“ഹും… പൈസ തികഞ്ഞില്ല, അല്ലെ? ““ഹും…ഓമന കുട്ടനാട്ടുകാരിതന്നെയായതുകൊണ്ടു പെട്ടെന്നു കാര്യം മനസ്സിലാകും. ദരിദ്ര കുടുംബത്തിൽ നിന്നു വന്നവൾ.ഗ്രാമീണത്വവും ശാലീനതയുമുള്ള ഒരുമുപ്പത്തഞ്ചുകാരി.പൊന്നപ്പന്റെ ഹ്രസ്വമായ വാക്കുകൾക്കൊരു ഗദ്ഗദ ചുവയുണ്ടായിരുന്നു.കായലിൽ മുങ്ങാംകുഴിയിടുന്ന നീർകാക്കയുടെ അതേ സ്വരം.പൊന്നപ്പൻ ഒരു കക്കവാരൽ തൊഴിലാളിയായിരുന്നു.വേമ്പനാട്ടുകായലിന്റെ അടിത്തട്ടിൽ നിന്നും കറുത്ത പവിഴം വാരി കൊണ്ടുവരും.അയൽവാസി മനോജാണ് കൂട്ടുകക്ഷി.അവിടെ ചെന്നാൽ അവർക്കൊപ്പം കുറെ നീർകാക്കകളും ഉണ്ടാവും ഉണ്ടയിടാൻ. ഒരു മത്സരംപോലെ അവർ ഒന്നിച്ചു മുങ്ങി തപ്പും.പൊന്നപ്പനും കൂട്ടുകാരനും സ്ഥലം വിട്ടാലും അവറ്റകൾ അവിടെയുണ്ടാകും.അവിരാമമായ മുങ്ങിത്തപ്പൽ. കുളിരില്ല.പനിയില്ല.ക്ഷീണമില്ല. മനുഷ്യർക്കിടയിലെ ഒരുവിഭാഗം ജനങ്ങളെപ്പോലെ. മനുഷ്യരെ എന്തൊക്കെയോ പഠിപ്പിക്കുന്നതുപോലെ.പൊന്നപ്പന്റെ വള്ളം വീട്ടുകടവിൽ എത്തിയാൽ ഭാര്യ കക്കവാരി വീട്ടിലേക്കു കൊണ്ടുപോകാൻ സഹായിക്കും.പിന്നെ ഓമനയുടെ ഊഴമാണ്.പോന്നപ്പനും മീനുവും സഹായിക്കും.ഒരുകുടുംബവ്യവസായം.രണ്ടുപേരുംകൂടി അതിരാവിലെ എഴുനേറ്റു ആ കക്കകൾ മുഴുവൻ തിളപ്പിച്ചു പൊട്ടിച്ചുതിരിഞ്ഞു ഇറച്ചി പുറത്തെടുത്തു പാത്രത്തിലാക്കും.എന്നിട്ട് കിഴക്കോട്ടൊരു വിടീലാണ് പൊന്നപ്പൻ. നാല്പത്തഞ്ചു മിനിറ്റ് നടക്കണം ബസ്‌സ്റ്റോപ്പിലെത്താൻ.തിരിച്ചും ഈ നടത്തം.അതിരാവിലത്തെ വണ്ടിക്കു മലമ്പ്രദേശത്തെത്തും.വീടുവീടാന്തിരം കയറിയിറങ്ങി കക്കയിറച്ചി വിറ്റാൽ മൂന്നുമണിയാകുമ്പോൾ വിറ്റുതീരും.മുന്നൂറു രൂപ ലാഭം കിട്ടും ചിലപ്പോൾ. ചിലദിവസങ്ങളിൽ അതിലും കുറയും.പോരുന്നവഴിക്കു വീട്ടിലേക്കുവേണ്ട സാധനങ്ങൾ വാങ്ങും. .ചങ്ങനാശേരിയിൽ വന്നിട്ടു ഒരു ചായ കുടിക്കും.ഉച്ചയൂണ് വീട്ടിൽ ചെന്നിട്ട്. ഓമനയ്ക്കും മീനുവിനും ഓരോ ചായക്കട പലഹാരം വാങ്ങും.പിന്നെ വണ്ടിക്കൂലിക്കു അല്പം മാറ്റിവയ്ക്കും. അധികം മിച്ചമുണ്ടാകാറില്ല.ഓമനക്കും മീനുവിനും കൺമഷിയോ പൊട്ടോ മറ്റോ വാങ്ങിയാൽ പിന്നെ വീട്ടിൽ പട്ടിണിയും പരിവട്ടവുമാകും.അന്നും പതിവുപോലെ വെളുപ്പിനെ പോയതാണ് പൊന്നപ്പൻ. ഏകദേശം പത്തുകിലോ ഇറച്ചിയുണ്ടായിരുന്നു.സാധാരണ എട്ടുകിലോയാണ് കൊണ്ടുപോകുക.ഓണം അടുത്തു വരുന്നു.ഓമനക്കും മീനുവിനും പുതിയ വസ്ത്രം വാങ്ങണം.പിന്നെ ഓണം അടിപൊളിയാക്കണം.അച്ഛന്റെയും അമ്മയുടെയും മരണശേഷം ഓണം നാന്നായി കൊണ്ടാ ടിയിട്ടില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല. കടം!.നാലുവർഷത്തിനിടെ രണ്ടു മരണം.ചിലവുകൾ താൻ തന്നെ വഹിക്കേണ്ടി വന്നപ്പോൾ കടംകയറി.“ശവം വീട്ടിൽ കൊണ്ടുവന്നോ? “, ഞാൻ തിരക്കി “ഇല്ല. പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോയിരിക്കുവാ. സമയമെടുക്കും”ഭാര്യ പറഞ്ഞു.“ഞാൻ ഏതായാലും അവിടംവരെ ഒന്നു പോയിട്ടുവരാം”കുറേപ്പേർ അവിടെ കൂടിനിൽപ്പുണ്ട്. മൂന്നുനാലുപേർ മുറ്റത്തു നിന്ന മാവുവെട്ടുന്നു.വീടിന്റെ വശത്തായി അല്പം മാറി ഒരാൾ മാംകമ്പുകൾ അടുക്കി വയ്ക്കുന്നു. “ഇതെങ്ങനെ സംഭവിച്ചു? പൊന്നപ്പനു നീന്തൽ നല്ല വശമാണല്ലോ.”ഞാൻ അയൽവാസി മാധവനോട് ചോദിച്ചു. “ഇന്നലെ ആ കാറ്റും മഴയും ഉണ്ടായ സമയത്തു പൊന്നപ്പൻ കായൽ വരമ്പത്തുകൂടി നടന്നു പോന്നതു കണ്ടവരുണ്ട്.രാജരാജപുരത്തിന്റെ മോട്ടോർതറയിൽ എത്തിയപ്പോൾ ഏകദേശം നാലുമണിയായിക്കാണും. അവിടെ മടവീണു കൊണ്ടിരിക്കുകയായിരുന്നു. മട ചാടിക്കടക്കാൻ ശ്രമിച്ചതാണെന്നു തോന്നുന്നു.കൂടെ ആരും ഉണ്ടായിരുന്നില്ല.”“വീട്ടിലുള്ളവർ അന്വേഷിച്ചില്ലെ? “ ഞാൻ ചോദിച്ചു “ഓമന അന്വേഷിച്ചു പോയിരുന്നു.ആരോടുചോദിക്കാൻ? വീട്ടിൽ മീനു തനിച്ചാ യിരുന്നതുകൊണ്ട് തിരിച്ചുപോന്നു. മീനുവിന് കുഞ്ഞുടുപ്പുമായ് വന്നവരവാ!” മാധവൻ പറഞ്ഞു. ഞാൻ ആ ഒറ്റമുറി അടുക്കള വീടിന്റെ ഉള്ളിലേക്ക് നോക്കി. പൊന്നമ്മ നിലത്തു ഒരു തഴപ്പായയിൽ കമഴ്ന്നുകിടന്നു തേങ്ങുന്നു.മീനു ഒരേയൊരു കയറുകട്ടിലിൽ കിടന്ന് കരയുന്നു.വീടിന്റെ മുൻവശത്തെ ഓലകൊണ്ടുള്ള മറയിൽ ഒരു പ്ലാസ്റ്റിക് കൂടു തൂക്കിയിട്ടിരിക്കുന്നു.വീടിന്റെ പിൻവശത്തായി കക്കയുടെ ഒരു കൂന.അപ്പുറത്തു തോട്ടിൽ ഒരു കൊച്ചുവള്ളത്തിൽ കഴുക്കോലും തുഴയും.തോട്ടിൽ അപ്പോഴും ഒരു നീർ കാക്ക മുങ്ങിയും പൊങ്ങിയും എന്തോ തെരഞ്ഞുകൊണ്ടേയിരുന്നു-ഇരയോ, ജലാശയത്തിന്റെ ആഴമോ അതോ മനുഷ്യന്റെ കളഞ്ഞുപോയ ഹൃദയമോ?
തോമസ് കാവാലം