തെരുവിൽ
അവർ വെട്ടേറ്റു പിടയുമ്പോൾ
അവരുടെ കുട്ടികളുടെ അമ്മ
എന്തെടുക്കയാവാം……..
അച്ഛനെന്നു ചൊല്ലിത്തുടങ്ങുന്ന
പുന്നാരപ്പൂങ്കുരുന്ന്
ആരെ കാത്തിരിക്കയാവാം…..
അവരുടെ ചങ്ങാതിമാർ
തെരുവിലോ
മോർച്ചറിയിലോ
അവരുടെ ജഡങ്ങക്ക്
കാവൽ നിൽക്കയാവാം
മരിച്ചവരുടെ
അച്ഛനും അമ്മയുംപെങ്ങളും
ഒരു കോടിമുണ്ടോ ചിരിയോ
ചേർത്തു പിടിക്കലോ
കൊതിക്കയാവാം……
ചിലർ
അവർ കമ്യൂണിസ്റ്റ് ആയതുകൊണ്ട്
സുഹൃത്തുക്കളുമൊത്ത്
ആഘോഷിക്കയാവാം….
സഖാക്കളെ
നിങ്ങൾ വെള്ള പുതച്ചു കിടക്കുന്ന
മരണത്തിരുവോണത്തിന്
ഞങ്ങൾ ചെമ്പതാകയുടെ
കോടി പുതപ്പിക്കുന്നു…….
ഇന്ന് ഞങ്ങളുണ്ണുന്ന ഓരോ വറ്റിലും
നിങ്ങളുടെ നിലവിളിയായിരിക്കും.

By ivayana