എന്റെ സ്വപ്‌നങ്ങൾ കത്തിനിൽക്കുന്നു
കറുത്ത ആകാശത്തിന്റെ നടുക്കായി
ആ ഒറ്റനക്ഷത്രമായി വിരൽകൊരുത്തൊരു
വിതുമ്പിയ സ്മൃതിയിണക്കുരുവികളായി!
വെന്തൊഴുകും ചിന്തകളൂറിത്തികട്ടിയ
വരിഞ്ഞു കെട്ടിയ സിരകളിൽ
ഒഴുകിത്തിളച്ചുകുതിച്ചു പാഞ്ഞൊഴുകുന്നു
പ്രതീക്ഷ വറ്റിയ പ്രാണനും!
കുറുകിപ്പറക്കുന്നു ഇടനെഞ്ചിന്റെ
ഇടുങ്ങിയ ഊഷരഭൂമിക്കു മീതെ
ഒരു മിടിപ്പുപോലെ ഹൃദയം നുറുക്കി
വച്ചുനീട്ടിയ തീവ്രവികാരവിചാരവും!
ഒട്ടു നേരം ചിരിച്ചുവെങ്കിലതറ്റ-കന്നു
പറന്നടുക്കുവതഴൽ കരുത്തകൂരമ്പുകൾ
നനച്ചു നട്ടു വളർന്നതൊക്കെയും
പഴുത്തമണൽമഴയെടുത്തു പോയ്!
വറ്റിവരണ്ടയെൻ നെറ്റിയിൽ ,
നിന്നിൽനിന്നുമിറ്റുവീണ നീർതുള്ളിയിൽ
ഞാനൊട്ടു നേരമെങ്ങനെ
നിന്നോടൊട്ടിനിന്നു പൂവാകയായ് !
( അജികുമാർ)