ഡോക്ടർ സുലോചനക്കു ഇപ്പോൾ എങ്ങനെയുണ്ട്… അപകട നിലയിൽ നേരിയ മാറ്റം വന്നിട്ടുണ്ട് എന്നു മാത്രം.. ഒന്നും പറയാറായിട്ടില്ല… ഇപ്പോൾ മയക്കത്തിലാണ്. പ്രാർത്ഥിക്കാം ഒക്കെ ശരിയാകും.. ഡോക്ടർ ആശ്വാസ വാക്കുകൾ പറഞ്ഞെങ്കിലും ശ്രീധരന് സമാധാനം തോന്നിയില്ല.. തന്റെ നിഴലായി നാല്പതു വർഷം കൂടെനിന്ന ഭാര്യയാണ് ഐ സി യൂ വിൽ മരണത്തോട് മല്ലടിച്ചു കിടക്കുന്നത്.. ശ്രീധരൻ വാതിലിലെ ചെറിയ ചില്ലു ജനാലയിലൂടെ അകത്തേക്ക് നോക്കി..അവൾ ഉറങ്ങുകയാണ്.. തന്റെ എല്ലാംഎല്ലാം ആയ സുലോചന… സുലോചന ഐ സി യൂ വിൽ ഉറങ്ങുക ആയിരുന്നില്ല.. ചെറിയ ഒരു മയക്കം.. ഓർമ്മകൾ മനസ്സിൽ തിക്കി തിരക്കി നിറയുന്നു.. വേദന എവിടെയൊക്കെയോ ചൂഴ്ന്നു കയറുന്നു . ശരീരത്തിൽ മാത്രമല്ല. ബോധ മണ്ഡലത്തിൽ ആകെ..ഒരു വേദനയുടെ കവചം പൊതിഞ്ഞതു പോലെ.. പുറത്ത് ശ്രീധരേട്ടൻ ആകെ വിഷമത്തിൽ ആയിരിക്കും . തനിക്ക് ചെറിയ ഒരു ജലദോഷം വന്നാൽ അസ്വസ്ഥനാകുന്ന ആളാ.. ഇതിപ്പോൾ അതിലൊക്കെ മേലെയല്ലേ.. ഹൃദയം തന്നെയല്ലേ തകരാറിൽ ആയിരിക്കുന്നത്.. സുലോചനക്ക് അല്പം വെള്ളം കുടിച്ചാൽ നന്നായിരുന്നു എന്ന് തോന്നി.. പക്ഷെ തന്റെ തോന്നലുകൾ പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല.. നല്ല ബോധമുള്ള അബോധാവസ്ഥ.. ഒന്നുറങ്ങാൻ സാധിച്ചാൽ അല്പം ആശ്വാസം ലഭിച്ചേനെ.. പക്ഷെ ശാന്തമായ ഉറക്കം.. അതും ലഭിക്കുന്നില്ല… മനസ്സിൽ ചിന്തകൾ പടർന്നു കയറുന്നു.. മറന്നത് എല്ലാം മനസിലേക്ക് പരന്നു വരുന്നു.. ഈ നീല കനകാംബര പൂക്കൾ എങ്ങനെ ഈ മുറിയിൽ നിറഞ്ഞു…. അതാ അമ്മ… അമ്മ വിളിക്കുന്നു സുലോ.. പെണ്ണേ സുലോ.. നീ നിലവിളക്കു തേച്ചോ.. ത്രിസന്ധ്യ ആകാറായി.. വേഗം വിളക്ക് തേച്ചു സന്ധ്യക്കു ദീപം കൊളുത്താൻ നോക്ക്.. സാവിത്രി കുന്നിൽ ഇരുട്ടു പരന്നു.. ബീവിതാത്തയുടെ കടവിൽ മുങ്ങി കുളിച്ച് രസം തീരും മുൻപ് സുലോചന അമ്മയുടെ വിളി കേട്ട് വേഗം വീട്ടിലേക്ക് നടന്നു.. നടക്കുമ്പോൾ തട്ടാത്തി സരോജം കടവിന് മുകളിൽ നട്ടിരിക്കുന്ന കൃഷ്ണ തുളസിയിൽ നിന്നും ഒരുപിടി ഇല വിളക്കിൽ വക്കാൻ പറിച്ചെടുക്കാൻ മറന്നില്ല സുലോചനമീനച്ചിൽആറിന്റെ ഈ കൈവഴി ബീവിതാത്തയുടെ കടവിൽ എത്തുമ്പോൾ ചെറിയ കൈത്തോട് ജിന്നുകൾ ഉറങ്ങുന്ന കയം ആയി രൂപം മാറും. സന്ധ്യക്ക് മുൻപ് കുളിച്ച് കയറണം എന്നാണ് അമ്മയുടെ കല്പന . അല്പം വൈകി.. വിളക്ക് കൊളുത്താൻ സമയമായി . അമ്മ താളത്തിൽ സുലോ സുലോ എന്ന് വിളിക്കുന്നത് കേട്ട് സുലോചന വേഗം നടന്നു.. വേഗം വിളക്ക് കൊളുത്തു പെണ്ണേ.. അപ്പുറത്തു സരോജയുടെ പിള്ളേർ വിളക്ക് കത്തിച്ചു നാമം ജപിക്കുന്നത് നീ കേട്ടില്ലേ.. സുലോചനയുടെ അമ്മ അവളോട് ദേഷ്യപ്പെട്ടു.. തുളസികതിർ നിറഞ്ഞ നിലവിളക്കിന്റെ തട്ടിൽ നീല കനകാംബര പൂക്കൾ നിറച്ചു രണ്ടു തിരിയിട്ട വിളക്കിനു മുന്നിൽ ഇരുന്നു അനുജത്തിയോടൊപ്പം ഹരിനാമ കീർത്തനം ജപിക്കുമ്പോൾ സുലോചന തൊടിയുടെ അപ്പുറംനന്ത്യാർവട്ടത്തിന്റെ നിഴലിൽ ചുവന്നകട്ട ചെമ്പരത്തിചെടി പടർന്നു നിൽക്കുന്ന വഴിയിൽകൂടി കടന്നു പോകുന്ന ഒരാളെ തേടുകയായിരുന്നു. അയാൾ നന്ത്യാർ വട്ട ചെടിയുടെ ചുവട്ടിലെക്കു എറിഞ്ഞു കളയുന്ന ആ തുണ്ടു പേപ്പറിൽ തനിക്കായി കുറിക്കുന്ന വാക്കുകൾ വായിക്കാൻ തരള ഹൃദയത്തോടെ കാത്തിരിക്കുകയായിരുന്നു.. അതാ മാത്യൂസ്.. തന്റെ maathews..തന്റെ കളിക്കൂട്ടുകാരനായിരുന്ന. തന്റെ എല്ലാമായ കാമുകൻ.. കോളേജിൽ നിന്നും സന്ധ്യക്ക് അവൻ വീട്ടിലേക്ക് മടങ്ങുമ്പോൾ എന്നും തനിക്കായി അവന്റെ ഹൃദയ വികാരങ്ങൾ തുണ്ടു പേപ്പറിൽ ആ നന്ത്യാർ വട്ട ചുവട്ടിൽ അവൻ നിക്ഷേപിക്കും.. മറ്റാർക്കും അറിയാത്ത തങ്ങളുടെ പ്രണയം.. ഹരിനാമ കീർത്തനം വേഗം ചൊല്ലി അവസാനിപ്പിച്ചു വിളക്ക് കെടുത്തി അപ്പൻ ജോലി കഴിഞ്ഞു വരും മുൻപ് സുജാത തട്ടാത്തി സരോജയുടെ വീട്ടിലേക്ക് ഓടി.. അമ്മേ ഞാൻ കോമളത്തിന്റെ കയ്യിൽ നിന്നും പുസ്തകം വാങ്ങി ഇപ്പോൾ വരാം.. പ്രാണപ്രിയൻ തനിക്കെഴുതിയ കത്ത് കൈക്കലാക്കാൻ പ്രയോഗിക്കുന്ന വിദ്യയിൽ ഒന്ന്.. സുലോ സരോജത്തിന്റെ വീട്ടിലേക്ക് ഓടുമ്പോൾ അനുജത്തി പറയും ചേച്ചിക്ക് പുസ്തകം സന്ധ്യക്ക് മുൻപ് വാങ്ങരുതോ.. എന്നും ഒരു പുസ്തകം വാങ്ങൽ… ഐ. സി യുടെ വാതിൽ തുറന്ന് ഡോക്ടർ അകത്തേക്ക് വന്നത് സുലോചന അറിഞ്ഞില്ല.. ഡോക്ടറുടെ ഒപ്പം സുലോചനയുടെ ഭർത്താവ് ശ്രീധരനും.. ഉറങ്ങുന്ന പ്രിയ ഭാര്യയുടെ നെറ്റിയിൽ അയാൾ സ്നേഹത്തോടെ, വാത്സല്യസത്തോടെ പതിയെ തലോടി.. നെഞ്ചിൽ ഉരുണ്ടു കൂടിയ സങ്കടം കണ്ണുകളിൽ നിറഞ്ഞപ്പോൾ ഭാര്യയെ ഒന്നു കാണാൻ അനുവദിച്ച ഡോക്ടറെ നന്ദി അറിയിച്ചു അയാൾ പുറത്തെ കാത്തിരിപ്പു കസേരയിലേക്ക് മടങ്ങി.. ഡോക്ടർ സുലോചനയുടെ ഞരമ്പുകളിലേക്കു മരുന്നിന്റെ പുതിയ ഡോസ് കയറ്റുമ്പോൾ സുലോചന മാത്യൂസിനൊപ്പം കാഞ്ഞിരപ്പള്ളി മാതാവിന്റെ അക്കര പള്ളിയുടെ പടവുകൾ ഇറങ്ങുകയായിരുന്നു… സെയിന്റ് ഡൊമിനിക് കോളേജിൽ നിന്നും പഠനം കഴിഞ്ഞു മാത്യൂസ് ഡൽഹിക്ക് പോകുന്നു.. ഇനി ഏതാനും ദിവസം കഴിഞ്ഞാൽ മാത്യൂസ് പോകും.. ഒന്നും മിണ്ടാതെ തന്റെ കൂടെ നടക്കുന്ന സുലോചനക്ക് അക്കര പള്ളിയുടെ സമീപത്തെ റീത്ത ചേടത്തിയുടെ കടയിൽ നിന്നും വാങ്ങിയ പച്ച കല്ലുകൾ പതിപ്പിച്ച നെക്ക്ലെസ്സ്സമ്മാനിച്ചു കൊണ്ട് അവൻ പറഞ്ഞു നീ വരില്ലേ ക്ലബ്ബിൽ വൈകിട്ട്…. നാടകം കാണാൻ.. വരണം.. ഞാൻ അതിന് പിറ്റേന്നു പോകും.. എനിക്ക് ഒത്തിരി സംസാരിക്കാനുണ്ട്.. നീ കോമളത്തിനൊപ്പം എങ്ങനെയെങ്കിലും വരണം.. കോമൺസ് ക്ലബ്ബിൽ നാടകം എട്ടു മണിക്കാണ്.. ഞാൻ ആ സമയം ക്ലബ്ബിന്റെ ഇപ്പുറം ഉള്ള പുളിമാവ് വില്ലജ് ഓഫീസിനു പുറകിൽ കാത്തിരിക്കും.. നീ വരാതിരിക്കരുത്.. കോമളം നാടകത്തിനു ഉണ്ടല്ലോ അപ്പോൾ അവൾക്കു കൂട്ടായി നിനക്ക് വരാം.. നമുക്കു വേണ്ടിയാണ് ഞാൻ ജോലി തേടി ഡൽഹിക്ക് പോകുന്നത്… ജോലി കിട്ടിയാൽ ഉടൻ ഞാൻ നിന്നെ കൂട്ടികൊണ്ടു പോകാൻ വരും.. ഈ പച്ച നെക്ക്ലസ് അണിഞ്ഞു നീ അന്ന് വരണം.. നാടകം നടക്കുന്ന ദിവസം പുളിമാവ് കോമൺസ് ക്ലബ്ബിനു സമീപം ഉള്ള വില്ലജ് ഓഫീസിന്റെ പിന്നിൽ എത്താം എന്ന് മാത്യൂസ്സിനു വാക്കു കൊടുത്തു കുട നിവർത്തി,.മീനാക്ഷി കോവിലും, തോട്ടുമുഖം മസ്ജിദും കടന്ന് ആനക്കൽ ലക്ഷ്യമാക്കി നടക്കുമ്പോൾ സുലോചന പ്രാർത്ഥിക്കുകയായിരുന്നു.. എത്രയും വേഗം മാത്യൂസിനൊപ്പം ജീവിക്കാൻ സാധിക്കണെ എന്ന്.. കോമൺസ് ക്ലബ്ബിൽ നാടകം നടക്കുന്ന ദിവസം വന്നെത്തി. കെ പി എ സി യുടെ അശ്വമേധം നാടകം..അതിന് മുൻപ് ക്ലബ് അംഗങ്ങളുടെ നാടകം “സ്വയംവരം”.. അന്ന് പകൽ നേരിയ മഴ പെയ്തു.. സന്ധ്യക്ക് തന്നെ കോമളത്തിന് കൂട്ടായി സുലോചന ക്ലബ്ബിൽ എത്തി.. രാത്രി എട്ടു മണിക്ക് ജീവൻ പണയം വച്ചു ആലിലപോലെ വിറക്കുന്ന മനസോടെ സുലോചന വില്ലജ് ഓഫീസിന്റെ പിറകിൽ എത്തി.. മാത്യൂസ് അക്ഷമനായി അവിടെ കാത്തു നിന്നിരുന്നു.. പകൽ പെയ്ത മഴയിൽ മീനച്ചിൽആറിന്റെ കൈവഴിയായ ശോശ പുഴയിൽ നിന്നുംവീശുന്ന തണുത്ത കാറ്റ് പുളിമാവിൽ എങ്ങും നിറഞ്ഞു നിന്നു.. ദൂരെ സാവിത്രി കുന്നിൽ പടർന്ന നിലാവ് പുളിമാവ് ഗ്രാമത്തിൽ കാറ്റിനൊപ്പം ഒഴുകി എത്തി.. വില്ലജ് ഓഫീസിന്റെ പുറം തിണ്ണയിൽ നിലാവിൽ സുലോചനയുടെ കഴുത്തിൽ കിടന്ന മാത്യൂസ് സമ്മാനിച്ച പച്ച കലുള്ള നെക്ക്ലെസ് തിളങ്ങി. ഒന്നും പറയാതെ എല്ലാം പറഞ്ഞു മാത്യൂസ് ആ രാത്രി യാത്ര പറഞ്ഞു പോകുമ്പോൾ കോമളത്തിന് കൂട്ട് വന്ന സുലോചനയെ ക്ലബ്ബിൽ വീട്ടുകാർ അന്വേഷിക്കുകയായിരുന്നു.. വിളർത്ത മുഖവും, സങ്കടം തുളുമ്പുന്ന കണ്ണുകളും, ഉടഞ്ഞ ഉടയാടയുമായി കോമൺസ് ക്ലബ്ബിന്റെ ഗ്രൗണ്ടിലേക്ക് സുലോചന കടന്നുവന്നത് സുലോചനയുടെ അപ്പാ ഗോവിന്ദകൈമൾ ദൂരെ നിന്നു കണ്ടു. ക്ലബ്ബിൽ അശ്വമേധം നാടകം അരങ്ങേറി കൃത്യം ഇരുപതാം ദിവസം ഗൾഫിൽ ജോലിയുള്ള ശ്രീധരൻ സുലോചനയുടെ കഴുത്തിൽ മിന്നു കെട്ടി. കല്യാണത്തിന് സമ്മതിക്കാതെ മാത്യൂസിനൊപ്പം ജീവിക്കാൻ തീരുമാനിച്ച വിവരം അപ്പായെ അറിയിച്ചപ്പോൾ അദ്ദേഹം യാതൊരു തടസവും പറഞ്ഞില്ല. പക്ഷെ അപ്പനെയും, അമ്മയെയും, അനുജത്തിയേയും ആത്മഹത്യ ചെയ്യാൻ വിട്ടുകൊടുത്തിട്ടു മാത്യൂസിന് ഒപ്പം ജീവിക്കാൻ പോക്കൊള്ളൂ എന്ന് അപ്പാ പറഞ്ഞപ്പോൾ ശ്രീധരനെ വിവാഹം കഴിക്കുക എന്നതല്ലാതെ സുലോചനക്ക് വേറെ പോംവഴി ഉണ്ടായിരുന്നില്ല.. വിവാഹം കഴിഞ്ഞു ഉടൻ വിദേശത്തേക്ക്.. നീണ്ട നാല്പതു വർഷത്തെ ദാമ്പത്യ ജീവിതം. ഒരിക്കൽ പോലും ഒന്നിനും വേദനിപ്പിക്കുകയോ, മാറ്റിനിർത്തുകയോ ചെയ്യാത്ത നന്മ നിറഞ്ഞ മനുഷ്യനായ ശ്രീധരേട്ടനെ ഭർത്താവായി ലഭിച്ചത് പുണ്യമായി കരുതി.. മൂന്നു കുട്ടികൾ മൂന്നു പേരും വിവാഹിതരായി സന്തോഷത്തോടെ കഴിയുന്നു.. സ്നേഹവും, പരിഗണയും, ഭാഗ്യവും, ഈശ്വരാധീനവും നിറഞ്ഞ കുടുംബം… എന്നിട്ടും താൻ ഹൃദയം നുറുങ്ങി ഇവിടെ ഈ ഐ സി യൂ വിൽ.. നാൽപ്പതു വർഷമായി ഉള്ളിൽ ഒളിപ്പിച്ച സത്യം ആരും അറിയാതെ, സ്വന്തം മനസാക്ഷിക്ക് മുൻപിൽ പോലും മറച്ചു പിടിച്ച ആ യാഥാർഥ്യം തന്നെ വേദനയുടെ തീച്ചൂളയിലേക്കു തള്ളിയിട്ടിരിക്കുന്നു. തന്നെ ജീവനേക്കാളേറെ സ്നേഹിക്കുന്ന, തന്നെ ഒരു നോക്കുകൊണ്ടു പോലും വേദനിപ്പിക്കാത്ത തന്റെ ഭർത്താവിനെ ഈ നീണ്ട നാൽപതു വർഷമായി താൻ വഞ്ചിക്കുന്നു.. വയ്യ ഇനി വയ്യാ.. മരിക്കും മുൻപ് സത്യം അദ്ദേഹത്തോട് തുറന്നു പറയണം… അല്ലങ്കിൽ തന്റെ ആത്മാവിനു പോലും ഗതി കിട്ടില്ല.. ജീവിതത്തിൽ ഒരിക്കൽ മാത്രം കൈവിട്ടു പോയ വിവേകം.. നാല്പതു വർഷങ്ങൾക്കു മുൻപ് പുളിമാവിൽ കോമൺസ് ക്ലബ്ബിനു സമീപമുള്ള ആ വില്ലജ് ഓഫീസിനു പുറകിൽ.. മഴയുടെ തണുവുള്ള, നിറഞ്ഞ നിലാവുള്ള, ശോശ പുഴയിലെ കാറ്റുള്ള അന്നു രാത്രി മാത്യൂസിനോട് എല്ലാം മറന്നു അയാളുടെ ഭാര്യ ആയി മാറുന്നതിനു മുൻപ് തന്നെ അർദ്ധ മനസോടെ സമർപ്പിച്ചത്.. മാത്യൂസിന്റെ കുഞ്ഞിന്റെ ജീവൻ ഉദരത്തിൽ തുടിക്കാൻ തുടങ്ങി എന്നറിഞ്ഞത് വിവാഹം കഴിഞ്ഞു പത്തു ദിവസങ്ങൾക്കു ശേഷമാണ്… ശ്രീധരൻ എന്നെ നല്ല മനുഷ്യന്റെ മനസിന് മുൻപിൽ ഒന്നും ഓർത്തില്ല. ഓർക്കാൻ ശ്രമിച്ചില്ല.. അങ്ങനെ ഒരു സംഭവം ജീവിതത്തിൽ ഉണ്ടായില്ല എന്ന് തന്നെത്തന്നെ വിശ്വസിപ്പിച്ചു.. മാത്യൂസ് എന്ന വ്യക്തിയെ പിന്നെ ഒരിക്കലും കണ്ടിട്ടില്ല.. അയാളെക്കുറിച്ചു അറിയാൻ ശ്രമിച്ചിട്ടില്ല.. തന്റെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞു അയാൾ തന്നെ ഒരു വഞ്ചകി ആയി കണ്ടിരിക്കാം.. അല്ലങ്കിൽ തന്നെ ഏറെ വെറുത്തിരിക്കാം.. അതൊന്നും തനിക്കറിയില്ല.. ഒരു സ്ത്രീ എന്നതിൽ കൂടുതൽ താൻ ഒരു ഭാര്യയാണ് എന്ന ചിന്തക്കാണ് ഈ നിമിഷം വരെ പ്രാധാന്യം കൊടുത്തത്.സ്വന്തം കുടുംബം ലോകത്തെ ഏറ്റവും പവിത്രമായ സ്ഥലമാണെന്നും കുടുംബ ബന്ധം ഏറെ തീവ്രമാണെന്നും മനസിലാക്കി ജീവിച്ചു.. മക്കൾ നല്ല നിലയിൽ ജീവിക്കുന്നു. വിവാഹ ശേഷം ഭർത്താവിൽ നിന്നും യാതൊന്നും ഒളിച്ചിട്ടില്ല…. എന്നാൽ എന്നാൽ തന്റെ മൂത്ത മകൻ അദ്ദേഹത്തിന്റെ മകനല്ല എന്ന സത്യം ഈ നാൽപ്പതു വര്ഷം താൻ തന്നിൽ തന്നെ ഒതുക്കി.. ഒരു സ്ത്രീ എന്ന രീതിയിൽ താൻ വിജയിച്ചിരിക്കാം.. പക്ഷെ തന്നിലെ ഭാര്യയുടെ ഈ കുറവുമായി മരിക്കാൻ തനിക്കാവില്ല.. തന്റെ ഭർത്താവിനോളം വലുതായി ഇഹത്തിലും പരത്തിലും തനിക്ക് ഒന്നുമില്ല.. ഇനിയെങ്കിലും താൻ ഇത് പറഞ്ഞില്ലെങ്കിൽ തന്നിലെ സ്ത്രീത്വത്തിന്റെ ആത്മാഭിമാനം തന്നെ വേഗം ഇല്ലാതാക്കും.. തന്റെ ഭർത്താവിന് തന്നെ മനസിലാകും… ഒരു ഭാര്യയുടെ പൂർണത തനിക്ക് വേണം.. ഒരു അമ്മയുടെ മഹത്വത്തെക്കാൾ ഒരു സ്ത്രീയുടെ സത്യസന്ധത താൻ കാത്തു സൂക്ഷിക്കണം… അദ്ദേഹം ഇതറിയണം.. ഒരു സമർപ്പണത്തിൽ ഉപരി സ്നേഹത്തിന്റെ, വിശ്വാസത്തിന്റെ, ഈ തീവ്രത മരണ ശേഷവും തനിക്കു ലഭിക്കണം.. താൻ ഒരു ഭാര്യയാണ്.. തന്നെ ജീവ വായു പോലെ മനസിലാക്കുന്ന ഒരു വ്യക്ത്ത്വത്തിന്റെ ഭാര്യ… സുലോചനയുടെ മനസ്സിൽ നിന്നും നീല കനകാംബര പൂക്കളും, കോമൺസ് ക്ലബ്ബും, നിലാവുള്ള രാത്രിയും, പുളിമാവ് ഗ്രാമവും ഊർന്നു പോയി… സുലോചന പതുക്കെ ഞെരങ്ങി.. ബോധ മണ്ഡലത്തിൽ നേരിയ പ്രകാശം.. സുലോചന കയ്യുകൾ പതുക്കെ അനക്കി.. ഇരുളിന്റെ ആ കയത്തിൽ നിന്നും കണ്ണുകൾ ചിമ്മി തുറന്നു.. സുലോചന അനങ്ങിയത് കണ്ട് നേഴ്സ് വേഗം ഡോക്ടറെ വിളിച്ചു.. ഡോക്ടർ സുലോചനയുടെ അടുത്തേക്ക് വന്നപ്പോൾ അവർ പതുക്കെ പറഞ്ഞു എനിക്ക് ശ്രീധരേട്ടനെ കാണണം.. സംസാരിക്കണം… ഓ. അതിനെന്താ കാണാമല്ലോ.. പക്ഷെ സംസാരമൊക്കെ വളരെ കുറച്ചു മതി കേട്ടോ.. ഡോക്ടർ സ്നേഹത്തോടെ പറഞ്ഞപ്പോൾ സുലോചന മെല്ലെ പുഞ്ചിരിച്ചു… ശ്രീധരനെ വിളിക്കാൻ പുറത്തേക്കു നേഴ്സ് പോയപ്പോൾ സുലോചന നാവുകൾ കൊണ്ട് മെല്ലെ ചുണ്ടുകൾ നനച്ചു.. ഒരു സത്യസന്ധമായ പുഞ്ചിരി അവർ ഹൃദയത്തിൽ നിന്നും പുറത്തെടുത്തു നീണ്ട നാൽപ്പതു വർഷങ്ങൾക്കു ശേഷം. അപ്പോൾ പുറത്ത് കാത്തിരിപ്പു കസേരയിൽ ശ്രീധരന്റെ ചേതനയറ്റ ശ്ശരീരം തണുത്തു വിറങ്ങലിച്ചു ഇരിപ്പുണ്ടായിരുന്നു.. ആരും അറിയാതെ ആരോടും പറയാതെ സുലോചന വരുന്നതും കാത്തിരുന്ന് അയാൾ പോയി.. ഒരു സ്ത്രീയുടെ തീക്ഷ്ണ സ്നേഹത്തിന്റെ ബാക്കിപത്രം അറിയാതെ…. ഒരു ഭാര്യയുടെ സമർപ്പണത്തിന്റെ കൂടുതൽ നന്മ കാണാനാവാതെ…
(സുനു വിജയൻ )