താരകൾത്തെല്ലുകൾതാഴത്തു പൂത്തപോൽ
താരുംവഹിച്ചിങ്ങു നില്ക്കുന്നൊരൗഷധി
ജീവിതനൈർമ്മല്ല്യ തത്ത്വത്തിനുത്തമ
ദൃഷ്ടാന്തമാണു നീ ഞങ്ങൾക്കെന്നും
ഒത്തിരി പച്ചിലച്ചാർത്തുകൾക്കുള്ളിലായ്
വട്ടത്തിലുള്ള ദലപുടംതന്നിലായി
കുത്തി നീ നിർത്തുന്നു ശ്വേതവർണ്ണങ്ങളെ
തൊട്ടടുത്തെത്തവേ ഗന്ധവും നല്കുന്നു
ശ്വേതഹരിതസമ്മിശ്രത കണ്ണിനാ-
യാനന്ദമേകുന്നവാച്യം നിനയ്ക്കുകിൽ
താരാപഥങ്ങൾക്കു മധ്യത്തിലാണെന്ന
ഭാവനനല്കുന്നു തുമ്പ നീ ഞങ്ങൾക്ക്
ചാരുതയാർന്ന നിൻ സാന്നിധ്യമില്ലാത്ത
ഭൂവിത് സത്യത്തിൽ സങ്കടം തന്നിടും
നിന്നെ പ്രണയിച്ചു ചുറ്റും വലംവച്ചു
സത്യത്തിൽ വണ്ടുകൾ സന്തുഷ്ടി നേടുന്നു!
അല്പം കുശുമ്പോടെ മറ്റുള്ള പുഷ്പങ്ങൾ
നിന്നെയകറ്റാൻ ശ്രമിക്കുന്നപോലെ നീ
വാടിയിൽ നിന്നുമകന്നുപറമ്പിലായ്
നീളെയായ് പൂക്കുന്നു സന്തോഷപൂർണ്ണയായ്
നിൻ്റെ നിതാന്തമാം നൈർമല്ല്യ ഭാവത്തെ
വർണ്ണിച്ചിടാത്തവരുണ്ടോ കവികളിൽ
നിന്നെ സ്മരിക്കവേയുള്ളത്തിലെത്തുന്നു
ഈശ്വരൻ പോലും കൊതിക്കുന്ന ശുദ്ധത!
ധന്യയായ് വാഴുക മേന്മേലെ മണ്ണിലായ്
നിർമ്മലേ ഞാൻ നിനക്കേകുന്നു ഭാവുകം

എൻ.കെ.അജിത്ത് ആനാരി

By ivayana