യാക്കോബായ-ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ  വീണ്ടും  സമവായ നീക്കവുമായി സർക്കാർ. ഈ മാസം പത്തിന് ഇരുവിഭാഗവുമായി  സർക്കാർ ചർച്ച നടത്തും. സർക്കാർ നീക്കവുമായി സഹകരിക്കുമെന്ന് ഇരു വിഭാഗവും പ്രതികരിച്ചു.

ഇരു സഭകളുമായുള്ള തർക്കം ക്രമസമാധാന പ്രശ്നത്തിലേയ്ക്ക് നീങ്ങിയ  സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. ഈ മാസം പത്തിന് തിരുവനതപുരത്തു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാകും ചർച്ച എന്നാണ് സൂചന. സുപ്രീം കോടതി വിധി ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായതോടെ പോലീസ് സംരക്ഷണയിൽ പള്ളികൾ ഏറ്റെടുത്തു തുടങ്ങിയിരുന്നു. എന്നാൽ പലയിടത്തും യാക്കോബായ വിശ്വാസികളിൽ നിന്നും ശക്തമായ എതിർപ്പും നേരിടേണ്ടി വന്നു.

വിശ്വാസ സംരക്ഷണത്തിന് നിയമ നിർമ്മാണം വേണമെന്ന് യാക്കോബായ സഭയും ആവശ്യം ശക്തമാക്കി. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സർക്കാർ മുൻകൈ എടുത്ത് ചർച്ചയ്ക്ക് കളമൊരുക്കുന്നത്. ചർച്ചയോട് സഹകരിക്കുമെന്ന് ഓർത്തഡോക്സ് സഭ വക്താവ് ഫാ.ഡോ.  ജോൺസ് എബ്രഹാം കോനാട്ടും  യാക്കോബായ സഭ വക്താവും മീഡിയ സെൽ മേധാവിയുമായ ബിഷപ്പ് കുര്യാക്കോസ് മാർ തെയോഫിലോസും അറിയിച്ചു.

By ivayana