കൂകൂ കൂകൂ പാടുന്ന കുയിലെ
കൂകി മടുക്കുമ്പോളെന്തു ചെയ്യും ?
കൂകൂ കൂകൂ പാടി മടുക്കില്ല
എന്റെ പുളകങ്ങളല്ലെ യവ !
കൂകൂ കൂകൂ പാടുന്ന കുയിലെ
പുളകങ്ങളില്ലെങ്കിലെന്തു ചെയ്യും?
പുളകങ്ങൾ പാടിത്തീർന്നീടുമ്പോൾ
ഉൾപ്പൂവ്വിൽ വീണ്ടും മധുനിറയും !
ഉള്ളിലുറവകൾ വറ്റിയെന്നാൽ
എങ്ങനെ പാടീടും പിന്നെ നീയ്യും ?
ഉള്ളിലുറവകൾ വറ്റിയെന്നാൽ
പൊയ്പ്പോയ മാധുര്യമോർത്തു പാടും.
അക്കാലം പാടി തീർന്നീടുമ്പോൾ
പിന്നെ നീ പാടുവാനെന്തു ചെയ്യും?
അക്കാലം പാടിക്കഴിഞ്ഞീടുമ്പോൾ
ചുറ്റും നിറഞ്ഞവ കണ്ടു പാടും.
ചുറ്റിനും കാൺമതു പോയ് മറഞ്ഞാൽ
പിന്നെയുമെന്തു നീ പാടും പെണ്ണെ?
ചുറ്റിനുമുള്ളതു പോയ് മറഞ്ഞാൽ
പിന്നെയെൻ ദു:ഖങ്ങൾ മാത്രം പാടും.
ദു:ഖങ്ങളൊക്കെയും പാടിത്തീർന്നാൽ
പിന്നെ നീയെങ്ങനെ പാടും പെണ്ണെ?
ദു:ഖങ്ങളൊക്കെയും പാടിത്തീർന്നാൽ
പിന്നെ നിനക്കു ഞാനോർമ്മ മാത്രം.