ആചാര്യ ദേവോ ഭവ:
പ്രജ്ഞയിലെന്നും വിദ്യനിറയ്ക്കും ഗുരോ നമസ്കാരം
ജീവിതവഴികളില് വഴികാട്ടികളാം ഗുരോ നമസ്കാരം
അജ്ഞാനാന്ധതതിമിരം മാറ്റും ഗുരോ നമസ്കാരം
ആജീവനാന്തമാനന്ദമരുളും ഗുരോ നമസ്കാരം!!
*
പ്രജ്ഞയിലെന്നും കാറ്റും വെട്ടോം നിറച്ച ഗുരുനാഥന്‍
പ്രജ്ഞയിലെന്നും നെയ്ത്തിരിനാളം തെളിച്ച ചൈതന്യം‍
പ്രജ്ഞയിലെന്നും മാലേയത്തിന്‍ പരിമളം പാരമ്യം
പ്രജ്ഞയിലെന്നും നിറഞ്ഞുനില്‍ക്കും ഗുരുസങ്കല്പത്തെ
വണങ്ങി നില്‍പ്പൂ ഇരവുംപകലും, ഗുരോ നമസ്കാരം!
സമസ്തഗുരുവരഗണമേ, ഓര്‍ക്കാമാദരമനുനിമിഷം
സമസ്തഗുരുവരഗണമേ, നേരാ‍മാദരമനുനിമിഷം
വിദ്യാവിലാസവിശേഷതയോടെ കവിത രചിച്ചീടും
മണ്ണിലെ മാധവ-മാനവസന്ധിസമാസം ഗരുവചനം
മനമേ,യക്ഷരവിദ്യ തെളിച്ചിടുമക്ഷര തേജസ്സേ
ജ്ഞാനാഞ്ജനലേപനപാലനസുഖമോ പരമാന്ദകരം
ഗുരുത്വമെന്നതു ഗുരുവീശ്വരാധീനവരം, സുകൃതം!
*
മനസ്സിനുള്ളില്‍ത്തെളിഞ്ഞുനില്‍ക്കും ദീപം ഗുരുനാഥന്‍
അകത്തെ,യജ്ഞാനാന്ധതമാറ്റും ദീപം ഗുരുനാഥന്‍
ഗുരുവരനേകും വിദ്യാധനമോ സര്‍വ്വധനാല്‍ക്കേമം
അറിയൂ സുകൃതം, മാതാ-പിതാ-ഗുരു ദൈവമൊന്നല്ലോ
നേരും നന്മയുമൊന്നായ് വാഴും ഗുരുവൊരു ദേവഗൃഹം
അറിവിന്നമൃതം പകര്‍ന്നുനല്‍കിടും ഗുരുവിനു ദേവമനം
അക്ഷരവഴിയിലെ പൊന്‍തിരിനാളും ഗുരജനപുണ്യങ്ങള്‍
ബ്രഹ്മം ഗുരുവിനു സമവും സര്‍വ്വഗുരുത്വാകാര്‍ഷണവും
സര്‍വ്വചരാചരഭാവതലങ്ങള്‍ നിറഞ്ഞു സങ്കല്പം
വിജ്ഞാനത്തിന് വിത്തു വിതയ്ക്കും കര്‍ഷകരിവരെന്നും
‍വിദ്യാധനമോ സര്‍വ്വധനത്തിനു, മുകളിലെ‍ പരമധനം
സ്വര്‍ഗ്ഗാത്മകമാം സന്തോഷത്തിന്‍ വാഹകരിവരെന്നും!
*
പ്രജ്ഞയിലെന്നും വിദ്യനിറയ്ക്കും ഗുരോ നമസ്കാരം
ജീവിതവഴികളില് വഴികാട്ടികളാം ഗുരോ നമസ്കാരം
അജ്ഞാനാന്ധതതിമിരം മാറ്റും ഗുരോ നമസ്കാരം
ആജീവനാന്തമാനന്ദമരുളും ഗുരോ നമസ്കാരം!!

By ivayana