ഏത് മറവിക്കും മായ്ക്കാനാവാതെ, എത്ര നിറഞ്ഞാലും ഹാങ് ആവാതെ ചില ചിത്രങ്ങൾ വൈറസ് ബാധിക്കാതങ്ങനെ കിടക്കും.,ആഴത്തിൽ വേരൂന്നി. ഒരു ചിരിയോ, ശബ്ദമോ, നോട്ടമോ ഒക്കെ മതി, അത് വളരെ പെട്ടെന്ന് തഴച്ചുവളരും. പൂത്തു വിടരും.പിന്നെ ആ സുഗന്ധത്തിലാഴും നമ്മൾ, സന്തോഷങ്ങളുടെ വിത്തിൻ മേലാണാ തലോടലെങ്കിൽ .. എന്റെ തൊഴിൽ കുഞ്ഞുങ്ങളോടൊപ്പമായതിനാൽ എല്ലാറ്റിനും പൂമ്പാറ്റവർണങ്ങളാണ്. അപ്പൂപ്പൻ താടിയുടെ കനമാണ്.വളപ്പൊട്ടിന്റെ ഒതുക്കമാണ്.ഒരു കുഞ്ഞു മഴയുടെ സുഖമാണ്. ഓർമ നൂലിൽ ആ ചിത്രങ്ങളങ്ങനെ പട്ടമായൊഴുകും. കോവിഡിന്റെ ചുടല നൃത്തം കാരണം ഇക്കൊല്ലം കുഞ്ഞു കുറുമ്പുകളെ കണ്ടതേയില്ല. വീട് സ്കൂളിനടുത്തായതിനാൽ അത്യാവശ്യ സന്ദർഭങ്ങളിൽ പോവാറുണ്ട്.അങ്ങനെ കഴിഞ്ഞയാഴ്ചയും ഒരു ദിവസം പോയി. അന്ന് വീണ്ടും തളിർത്ത ഓർമയാണ് ഇനി പറയാൻ പോണത്. ഉച്ചഭക്ഷണക്കിറ്റ് സ്കൂൾ വഴിയാണല്ലോ വിതരണം.കുട്ടികൾ വരരുതെന്നും രക്ഷിതാക്കൾ മാത്രമേ വരാവൂ എന്നും നിർദ്ദേശിച്ച പ്രകാരം അച്ഛൻ മരോ അമ്മമാരോ വന്നുകൊണ്ടിരുന്നു.വന്നവരെ പലരെയും അറിയുമായിരുന്നിരിക്കണം. കൊറോണക്കവചം അത് മറച്ചു.കണ്ണിൽ മുഖം വായിച്ചെടുക്കാൻ പഠിക്കുന്നതേയുള്ളൂ. സാമൂഹ്യ അകലം ഇപ്പോൾ മനസ്സിലും കടന്നു കൂടുന്നില്ലേ എന്ന് ന്യായമായും ഞാൻ സംശയിക്കുന്നു.! “ടീച്ചർ, ഹിബ K F -6 C “മാസ്കിലൂടെ ഫിൽറ്റർ ചെയ്ത ശബ്ദം.ഞാൻ റെജിസ്റ്റർ നോക്കി ടിക് രേഖപ്പെടുത്തി.അരി സാമാനങ്ങളടങ്ങിയ കിറ്റ് കൈമാറി. കിറ്റ് വാങ്ങിയിട്ടും ക്യൂവിനെ കറങ്ങി അയാൾ വീണ്ടും എന്റെ മുന്നിൽ “ടീച്ചർ,ങ്ങക്കെന്നെ ഓർമ്മണ്ടോ?””ഇല്ലല്ലോ. മുഖം കാണട്ടെ ” എന്ന് പറഞ്ഞപ്പോൾ അയാൾ മാസ്ക് ഊരി .വല്യേ മീശേം നിറയെ താടീം ക്കെ ള്ള ഒരു സുന്ദരൻ. എന്നിട്ടും എനിക്കാളെ പിടികിട്ടിയില്ല. ഞാൻ മിണ്ടാതിരുന്നത് കണ്ടാവണം അവൻ ഒരു ‘ക്ലൂ ‘ തന്നു. “ടീച്ചറെ കയ്യിമ്മല് ഇപ്പോ അന്ന് ഞാൻ തന്ന ആ വാച്ച് ല്ല, ല്ലേ..? ചോദ്യം.. ,നിറയെ ചിരിച്ചു കൊണ്ട് .കൊറോണ നിയമമൊക്കെ മറന്ന് ഞാൻ. ടാ .. എന്ന് പറഞ്ഞുകൊണ്ട് ഫഹീമിന്റെ കയ്യില് ഒരടി! അവ നിപ്പോൾ എന്റെ മുന്നിൽ ഒന്നാം ക്ലാസുകാരൻ! പെരും മടിയനായിരുന്നവൻ.നഴ്സറിലൊന്നും പോവാതെ നേരെ ഒന്നിലേക്ക് വന്നവൻ . കണ്ണ് തെറ്റിയാൽ മുറ്റവും കടന്ന് റോഡിലെത്തും.ക്ലാസിലിരുന്നാലോ ഉച്ചവരെ കരയും. അസാധ്യവികൃതിയും. കൂട്ടുകാരെ കടിച്ചാണ് അവൻ ദേഷ്യവും സങ്കടവും തീർത്തിരുന്നത്. വൈകുന്നേരമാവുമ്പോ മിക്കകുട്ടികളുടെയും മുഖത്ത് ഫഹീം കടിച്ചുണ്ടാക്കിയ വാച്ച് കല്ലിച്ച് കിടപ്പുണ്ടാവും. അങ്ങനെ ഒരിക്കൽ ഇൻറർവെൽ സമയത്ത് അവൻ റോഡിലിറങ്ങി ഓട്ടമായി. വീട്ടിലേക്കാണ്. പിറകെ ഓടിയ ഞാൻ അവനെ ബലമായി പിടിച്ച് പൊക്കിയെടുത്തു. മൽപ്പിടുത്തത്തിനിടെ എന്റെ കൈത്തണ്ടയിൽ സമാന്യം കട്ടിയുള്ള ഒരു വാച്ച് വരച്ചു അവൻ! (വൈകുന്നേരം TT എടുത്ത വിവരം അവനറിഞ്ഞില്ല )ഏറെ നാൾ അതവിടെ അഴിയാതെ കിടന്നു” ഫഹീം, ദേ, നീ തന്ന വാച്ചില് സമയം നോക്കാൻ പറ്റൂലാട്ടോ എന്ന് പറയുമ്പോൾ സത്യായും അവൻ സങ്കടപ്പെട്ടിരുന്നു. കടിക്കണ ശീലവും മെല്ലെ ഉപേക്ഷിച്ചു.നാലാം ക്ലാസുവരെ അവനതോർത്തിരുന്നു. ഞങ്ങൾ പരസ്പരം നോട്ടത്തിലൂടെ ചിരിച്ച് ആ കഥ വായിച്ചു കൊണ്ടേയിരുന്നു.അഞ്ചിൽ ആയപ്പോ അവൻ സ്കൂൾ മാറി.”ഉമ്മക്കുപ്പാനേം, ഉപ്പാക്കുമ്മാനേം വെറിയാ ടീച്ചർ. അതോണ്ട് ഞമ്മള് കുടി(വീട് ) മാറണ്” എന്നവൻ പറഞ്ഞതോർക്കുന്നു ഒരു ദിവസം ക്ലാസിൽ കളിപ്പാട്ട നിർമാണമാണ് നടക്കുന്നത്. ഈർക്കിൽ , അച്ചിങ്ങ, കകടലാസ്, മഞ്ചാടി, വളപ്പൊട്ട്.. പന്ത്, കുപ്പി എന്നിങ്ങനെ പാഴ്വസ്തുക്കൾ ഉപയോഗിച്ചാണ് നിർമാണം ഏറ്റവും കൂടുതൽ വസ്തുക്കൾ ഉണ്ടാക്കുന്നവർക്ക് സമ്മാനം ഉണ്ട് – എന്നൊരു പ്രോത്സാഹനവും കൊുത്തു.സമ്മാനത്തേക്കാൾ കുട്ടികൾക്കിഷ്ടം” എനിക്ക് നിന്നെ എന്തിഷ്ടാന്നോ ” എന്ന് കേൾക്കുന്നതാണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞതും അവനിൽ നിന്ന് തന്നെ – അതുകൂടി പറയാം. ഈ വില്ലന്റെ വികൃതി സഹിക്കവയ്യാതെ ഞാനൊരു ദിവസം”നിന്നെയെനിക്കൊട്ടും ഇഷടല്ല ” എന്ന് അവനോട് പറഞ്ഞു. ഉച്ചയായപ്പോ അവൻ എന്നടുത്ത് വന്നിട്ട് ചോദിച്ചു ” ങ്ങക്കെന്നെ ഇഷ്ടല്ലാ”?” ഇല്ല,നീയെന്തിനാ എല്ലാരേം കടിക്കണേ. അതോണ്ട് എനിക്കിഷ്ടല്ല ” എന്ന് ഞാനും പറഞ്ഞു. പിറ്റേന്ന് രാവില ഉമ്മയുണ്ട് സ്കൂളിൽ .എന്നെക്കാണാൻ വന്നതാണ്.”ടീച്ചറേ.. ഓനിന്നലെ പെരും സങ്കടായ്ക്ക്ണ്. ടീച്ചർക്ക് ഓനെ ഇഷ്ടല്ലാന്ന് പറഞ്ഞോലും!”പാവം.ഉമ്മയ്ക്കും സങ്കടം. അതറിയിക്കാൻ വന്നതാണവർ.! എനിക്കപ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത സങ്കടം. ദുഷ്ട, ഞാൻ! ഞാനവനെ വാരിയെടുത്തു.ഉമ്മ നൽകി. സമാധാനായി മൂവർക്കും……… അങ്ങനെ കളിപ്പാട്ട നിർമാണം തകൃതിയായി നടന്നു. സമയം കഴിഞ്ഞു. “ആരാണ് ഏറെ ഉണ്ടാക്കിയത് എണ്ണി നോക്കൂ.. ” കുട്ടികൾ എണ്ണി “ടീച്ചർ, ഞാം 9 എണ്ണം ണ്ടാക്കിക്ക്ണ്… ഫഹീം. ഉത്സാഹത്തിലാണ്.”അമ്പട കേമാ, കാണട്ടെ. ഞാൻ vatuator ആയി. 9 എണ്ണം ഉണ്ട് പക്ഷേ 4 എണ്ണം ഒരു പോലെ. ‘അച്ചിങ്ങയുടെ മേൽ ഒരീർക്കിൽകുത്തിയത്!’,*ന്തെടാ, ഇതൊക്കെ ഒരു പോലാണല്ലോ..? ഞാൻ ചോദിച്ചു ‘ “അല്ല, ടീച്ചറേ.ങ്ങോട്ടോക്ക്. ദ് ,പമ്പരാദ് ,മന്ത്(കടകോൽ )ദ്, കോൽമിട്ടായിദ് ,നെലോതുക്കി (മണ്ണ് ഇടിച്ചുറപ്പിക്കണ ഉപകരണം ) മണിച്ചിത്രത്താഴിലെ നാഗവല്ലി ,ചിലങ്കയെടുത്ത് മോഹൻ ലാലിനോട് പറയണ ചേലിൽ അവൻ വിശദീകരിച്ചു.സത്യം! 100 %!ഇതാണ് സർഗാത്മകത ! നിഷ്കളങ്കമായ ഭാവന! അവന് തന്നെ സമ്മാനവും കൊടുത്തു കുട്ടികളെ പഠിപ്പിക്കണമെങ്കിൽ, അവരെ അറിയണമെങ്കിൽ നാം അവരോളം .വലുതാവണം’! എന്നും ഓർമിപ്പിക്കുന്ന ചിത്രം ഫഹീമിന്റെ ‘വാച്ചി’ലൂടെ നിറമിട്ടു. അരി വാങ്ങി അവൻ സന്തോഷത്തോടെ പോയി. ബാല്യം മനോഹരമാണ്. സർവതന്ത്ര സ്വതന്ത്രം’ അമ്പിളി വട്ടത്തെ പൊട്ടിച്ച് കുഴച്ച് ചോറുണ്ണുന്ന രുചി. !!ജലജാപ്രസാദ്