മാടായിക്കോണമെന്നോമനപ്പേരുള്ള
നാടിന്റെ രോമാഞ്ചമെന്നപോൽ , പണ്ടൊരു
രാജകുമാരനുണ്ടായിപോൽ , നിത്യവു –
മാടിയും പാടിയും കാലം കഴിച്ചുപോൽ !
മോഹനരൂപനാമോമൽക്കുമാരനെ
‘മോഹന’നെന്നു വിളിച്ചുവന്നൂ ജനം
മോഹം വിതിർക്കും മനസ്സിൻ ചിറകുകൾ
മൂകം തലോടിയവൻ വളർന്നങ്ങനെ !
കാണുന്നതൊക്കെക്കനകക്കിനാവുകൾ
കേൾക്കുന്നതോ വശ്യസുന്ദര നിസ്വനം
തൂവെയിൽപ്പാളിമേൽ തത്തിക്കളിക്കുന്ന
തൂവലിനെപ്പോൽ ഘനശ്ശൂന്യമാനസം !
പത്തുവരെ സ്വന്തനാട്ടിൽപ്പഠിച്ചവൻ
ഡിഗ്രിയെടുത്തൂ ട്രിവാൻഡ്രത്തു നിന്നഹോ !
ടെസ്റ്റെഴുത്തിൽ കറക്കിക്കുത്തിയാവണം
കിട്ടീ ഗുമസ്തപ്പണി ബാങ്കി , ലത്ഭുതം !
പറ്റിച്ചുവെന്നോ വിധി ,യിനി വാഴുവാൻ
നെറ്റി വിയർക്കെപ്പണി ചെയ്തിടേണമോ ?
വിട്ടകന്നീടണോ വീടിനെ , മാറ്റണോ
കുട്ടിക്കളിയായ്ക്കരുതിയ ജീവിതം ?
കുത്തിനിറച്ച തുണികളുമായൊരു
പെട്ടിയേല്പിച്ചമ്മ ചൊല്ലീ , പുറപ്പെടാൻ !
രക്ഷ വേറില്ലെന്നറികയാൽ സത്വരം
ടിക്കറ്റെടുത്തൂ , കരേറി തീവണ്ടിയിൽ !
കഷ്ട , മാ രാജകുമാരന്റെ ജീവിത –
ശിഷ്ട കഥകളറിയാൻ തിടുക്കമോ ?
നിശ്ചയമില്ല ശരിയ്ക്കു , മെന്നാകിലും
കിട്ടിയ കാര്യങ്ങളൊക്ക ശോകാകുലം !
…….. കണ്ണൂരിലേതോ വനത്തിന്നകത്തവൻ
കണ്ണുനീർ പൊയ്കയിൽ നീന്തുകയാണു പോൽ ,
മണ്ണിന്നടിയിൽ മറയുവാൻ നാളുകൾ
എണ്ണിക്കഴിയുകയാണു പോൽ , നിത്യവും !