“ചീഞ്ഞ മനസ്സുകളിൽ നിന്നും ഇരുളിൽ നീണ്ടു വരുന്ന കാമ വിരലുകളെച്ചെറുക്കാൻ നിരാലംബരായ പെൺ നിറങ്ങൾ ചീഞ്ഞ തക്കാളിയും ചുവന്ന മഷിയും ഉപയോഗിക്കുക തന്നെ വേണം.” ആംഗലേയ സാഹിത്യം ആഘോഷമാക്കിയ ബോധ ധാരാ രീതിയുടെ നൂലിഴ പൊട്ടാത്ത ഭാവ ഗരിമയിൽ താൻ കണ്ടറിഞ്ഞ അല്ലെങ്കിൽ തന്റെ സഞ്ചാര പഥങ്ങളിൽ തൊട്ടറിഞ്ഞ ജൈവ നോവുകളുടെ യാഥാർത്ഥ്യങ്ങളെ സത്യ സന്ധമായി കൊരുത്ത കെട്ടിയ ശ്രീമതി.അജിതാ ടി.ജി.യുടെ ‘ (അ) വിശുദ്ധ മുറിവുകൾ’ എന്ന പുസ്തകത്തെക്കുറിച്ച് എന്തെങ്കിലുമെഴുതുമെങ്കിൽ ആദ്യവാചകം മുകളിൽ പറഞ്ഞതു തന്നെയായിരിക്കുമെന്ന് പ്രിയ സുഹൃത്ത് ജെംസ(Jerszar M) റിനോട് ഞാൻ തീർത്തു പറഞ്ഞിരുന്നു. കവിതയിൽ ജീവിതവും നോവുമുണരുന്നത് മലയാളത്തിൽ നടാടെയൊന്നുമല്ല.എന്നാൽ പെൺ മനസ്സുകൾ തീർത്തും പാർശ്വവൽക്കരിക്കപ്പെട്ടു പോയ പുതിയ വർത്തമാനത്തിന്റെ വർക്കത്തുകേടുകളെ നിശിതമായും വിചാരണയ്ക്ക് വിധേയമാക്കുന്ന വാക്കുകളുടെ നീതി പീഠമാണ്. അജിതാ ടി.ജി.യുടെ ‘ (അ) വിശുദ്ധ മുറിവുകൾ’. ഈ മുറിവുകൾ കപട സദാചാര വാദത്തെയും കപട മാനുഷികതയേയും കടന്നാക്രമിച്ച് മുറിവേൽപ്പിക്കുന്നു. ഇതിലെ മുപ്പത്തിരണ്ട് മുറിവുകളും ചില മുഴുമിപ്പിക്കലുകളാണ് .കവിതയെന്നർത്ഥത്തിലുപരി വായിക്കപ്പെടുമ്പോഴാണ് ഇതിലെ കവിതകൾ സാർത്ഥകമാകുന്നത്. പെണ്ണ് ഇതിലെ കാതലായ അംശമായി നിറയുന്നത് അവൾക്ക് ഇടപെടേണ്ടി വരുന്ന ഇടങ്ങളിലൂടെയാണ്.അതിൽ അടുക്കളയുണ്ട്.വീടുണ്ട് സഞ്ചരിക്കുന്ന ബസ്സുണ്ട് തൊഴിലിടമുണ്ട് .അങ്ങനെ അവൾ ഇടപഴകുന്ന എല്ലാ മേഖലകളുടേയും സമഞ്ജസ സമ്മേളനമാണ് ‘ (അ) വിശുദ്ധ മുറിവുകൾ’. ‘(അ)വിശുദ്ധ മുറിവുകളി’ലെ ഓരോ മുറിവുകളും ഓരോ സാധ്യതകളാണ്. സ്നേഹം നുകർന്നെടുത്ത് പകർന്നു തരുന്നതാണ് ഒന്നാം മുറിവ് .വാർദ്ധക്യത്തിന്റെ വേദനയ്ക്ക് പൂർവ്വ കാലത്തിന്റെ നഷ്ടം കൂടി ഇന്ധനമാക്കുന്ന കാഴ്ചയാണ് രണ്ടാം മുറിവ് ,ബാന്റുകാരൻ വാറുണ്ണിയുടെ ചട്ടുകാലുള്ള കെട്ട്യോൾ കവിക്കണ്ണിൽ;”ഒരു തൂക്കു പാത്രം കഞ്ഞിതൂക്കിയെടുക്കും പോലെചേടത്തി പോകും” എന്ന കാഴ്ചയാണ്.ബാല്യത്തിലെ നഷ്ട ബോധങ്ങളുടെ വേദനാരോഹണമാണ് മൂന്നാം മുറിവ് .തിരിച്ചറിവില്ലാത്തവർ തിരിച്ചറിയുന്നതെങ്ങനെയെന്ന ചോദ്യമാണ് നാലാം മുറിവും .ജീവിതാരക്ഷിതാവസ്ഥയുടെ നിജസ്ഥിതി അരക്കിട്ടുറപ്പിക്കുന്ന അഞ്ചാം മുറിവും വായനയ്ക്ക് വിക്ഷോഭങ്ങൾ സമ്മാനിക്കുന്നവ തന്നെയാണ്. പരമ യാഥാർത്ഥ്യങ്ങൾ ഘോഷയാത്ര പോലെ നടന്നു നിറയുന്ന ഈ സമാഹാരത്തിലെ ഗീതാമണി (ഏഴാം മുറിവ് ) ചിന്തോദ്ധീപകമായ വായന സമ്മാനിച്ചാണ് കടന്നു പോകുന്നത്. സ്വയം ഉരുകിത്തീരുന്ന മെഴുകുതിരി വെളിച്ചം വീശുന്നത് മറ്റുള്ളവർക്കു വേണ്ടിയാണെന്ന എല്ലാവർക്കുമറിയാവുന്ന സത്യം പല വട്ടം ഓർമ്മിപ്പിച്ചു കൊണ്ട്.Stream of Conciousness ശൈലിക്ക് ഉത്തമ ദൃഷ്ടാന്തമാകുന്ന ഒന്ന് തന്നെയാണ് ഇതിലെ ഏഴാം മുറിവ് .വണ്ടിപ്പാട്ടുകാരിയുടെ സകല വേദനകളും ആ വാഹിച്ചെടുത്ത കവിത;” മേരേ സപനോം കി റാണി തുംപാടിയത് ചിലമ്പിച്ച ലതാജി” എന്നെഴുതിയ കവി നിറഞ്ഞു കരയുന്നൊരു കാഴ്ചയാണ്. ആത്മരക്ഷയ്ക്ക് നഖമെങ്കിലുമുണ്ടാകണമെന്നു കാണിക്കുന്ന പത്താം മുറിവും പെട്ടു പോകുന്നവരുടെ പെടാപ്പാട് ചിത്രീകരിക്കുന്ന പതിനൊന്നാം മുറിവും നേരനക്കങ്ങൾ സൃഷ്ടിക്കുമ്പോൾ ആക്ഷേപ ഹാസ്യത്തിനൊരാമുഖമാവുകയാണ് പതിമൂന്നാം മുറിവ് . മറ്റു മുറിവുകളിലൂടെ കടന്നു പോകുമ്പോൾ നോവ് വായനക്കാരന്റെ മുന്നിലും പിന്നിലും സാവധാന സഞ്ചാരം നടത്തിക്കൊണ്ടേയിരിക്കും. ഇവിടെ അജിതാ ടി.ജി.യെന്ന കവി അപ്രസക്തയാവുകയും അജിതാ ടി.ജി.യെന്ന സൂക്ഷ്മ ദൃക്കായ ഒരു നിരീക്ഷക വായനക്കാരന്റെ ഓരം ചേർന്ന് അവരിലൊരാളായി നടന്നു തുടങ്ങുകയും ചെയ്യുന്നു.വൈയ്യക്തികതയ്ക്ക് വലിയ പ്രാധാന്യം നൽകാത്ത യീ സമാഹാരത്തിൽ ശ് ആദ്യന്തം കവി ഒര ദൃശ്യ സാന്നിദ്ധ്യമാണ്.നില തെറ്റിയ ജീവിതങ്ങളുടെ നിറമുള്ള കിനാവുകളിൽ കാലം കുത്തിവയ്ക്കുന്ന വേദനകളെ ഒപ്പിയെടുത്ത് ഒട്ടിച്ചു ചേർത്താണ് ഇതിലെ മുപ്പത്തിരണ്ട് മുറിവുകളും .(അ)വിശുദ്ധ മുറിവുകളിലെ ഇരുപത്തഞ്ചാം മുറിവ് ചില അസ്വാരസ്യങ്ങളെ കുടഞ്ഞെറിയുകയാണ് “ചീഞ്ഞ തക്കാളി ” വഴി.തീർത്തും കാലികമായ ഈ സമാഹാരം വായിക്കപ്പെടേണ്ടത് തന്നെയാണ്.അജിതാ ടി.ജി.യെന്ന കവിയും.
മുമ്പ് 2018 സെപ്റ്റംബർ 4
ഓർമ്മയിൽ അന്ന് കിട്ടിയതാണ്അതിനും ഒരു കൊല്ലം
മുമ്പെഴുതിയതുംസെപ്റ്റംബർ 5
അധ്യാപക ദിനംഅങ്ങനെ നോക്കുമ്പംപ്രിയപ്പെട്ട അധ്യാപികയ്ക്ക്
നല്ല കൂട്ടുകാരിക്ക്ലോകത്തിലാകെ അനുസരിക്കുന്ന ഏതാനും
പേരിൽ ഒരാൾക്ക്
സഹോദരിക്ക്ഉപദേശകയ്ക്ക്
അഭ്യൂദയാകാംക്ഷിക്ക് (എൻ്റെ )
പിന്നിതെല്ലാം ചേർന്ന
എൻ്റെ ‘അയിതമ്മയ്ക്ക്’
Teachers day Wishes
ഇത് തന്നെ
(വ്യക്തിപരമായ അടുപ്പം കാരണം ഇപ്പോ തള്ളേടെ സാഹിത്യ സൃഷ്ടികളിൽ പ്രതികാരിക്കാറില്ല എന്തേലും ഒണ്ടെങ്കിൽ ഫോണിൽ തോന്നിയ പോലങ്ങ് പറയും)..
ചെറുമൂടൻ സന്തോഷ്.