പത്തനംതിട്ട: കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച ഡ്രൈവർ അറസ്റ്റിൽ. ആറന്മുളയിൽ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലാണ് പിടിയിലായത്. അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടെയാണ് പീഡനം.രണ്ടു യുവതികളാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഒരാളെ ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശപ്രകാരം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കി. പീഡനത്തിനിരയായ 20 കാരിയുമായി ഇയാള്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് യാത്ര തുടര്‍ന്നു. യാത്രാമധ്യേ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം പെണ്‍കുട്ടി പൊലീസില്‍ വിവരമറിയിച്ചു. രാത്രി തന്നെ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പെൺകുട്ടിയെ ഒറ്റയ്ക്ക് കിട്ടാൻ പ്രതി തക്കംപാർത്തിരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കൊലക്കേസ് പ്രതിയായിരുന്ന നൗഫൽ ഇതിനായി തന്റെ ക്രിമിനൽ ബുദ്ധി ഉപയോഗിച്ചുവെന്നും പൊലീസ് കരുതുന്നു. പെൺകുട്ടിയുടെ അച്ഛനും അമ്മയ്ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവരെ ആംബുലൻസിലെത്തിച്ചതും നൗഫലായിരുന്നു. ഇതുവഴി പെൺകുട്ടിയുടെ ഫോൺ നമ്പർ അടക്കം പ്രതി സംഘടിപ്പിച്ചിരുന്നു. അന്നുമുതൽ തന്നെ പ്രതി പെൺകുട്ടിയെ വലയിലാക്കാൻ നീക്കം തുടങ്ങി.സമ്പർക്കപട്ടികയിലുള്ളതിനാൽ പെൺകുട്ടിക്ക് കോവിഡ് വരുമെന്നും ആശുപത്രിയിലേക്ക് മാറ്റുന്നതിനായി അവസരം ലഭിക്കുമെന്നും മനസിലാക്കിയ പ്രതി, ഇതിനായി കാത്തിരിക്കുകയുമായിരുന്നു.സംഭവത്തിനു ശേഷം പ്രതി യുവതിയെ ഫോണിൽ വിളിച്ച് മാപ്പ് പറയുകയും പീഡന വിവരം പുറത്ത് പറയരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് കുട്ടി റെക്കോർഡ് ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ നിന്നും രാത്രി ഒരു മണിയോടെ തന്നെ പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നൗഫലിനെ അടൂർ ഗവ. ആശുപത്രിയിൽ നിന്ന് എസ് ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലർച്ചെ 2.30 ന് കസ്റ്റഡിയിലെടുത്തു.