അതിരാവിലെ നിലാവലിഞ്ഞു
തീരുന്ന വേളയിൽ
ഇടവഴിയുടെ അറ്റത്ത്.
സന്ധ്യയിൽ
വിജനമായ
തീവണ്ടി ആപ്പീസിനടുത്ത് .
തീവണ്ടി വരുന്നതും കാത്ത്…
ഭൂസ്പർശ വേളയിൽ
എത്രയെത്ര ശരീരങ്ങളും
ആത്മാക്കളുമാണ്
എൻ്റെ ഹൃദയത്തിൽ
വീർപ്പുമുട്ടുന്നത്.
ഞാൻ ഏകനല്ല.
നിശബ്ദമായി
ഹൃദയം സംസാരിക്കുന്നത്
കണ്ണുകളുടെ
ആഴങ്ങളിലെ
ചാറ്റൽ മഴയാണ്.
രണ്ട്
………..
രണ്ട് മണിക്കൂർ എങ്കിലും
കഴിഞ്ഞു കാണും
ഞാൻ ,തീവണ്ടി ആപ്പീസിലെ
കാത്തിരുപ്പ് സ്ഥലത്തെ
ഒരു ഒഴിഞ്ഞ മൂലയിലാണ്.
തിരിച്ചറിവ്.
ചക്രങ്ങൾ
തിരിയുന്ന ശബ്ദത്തിലാണ്
തലച്ചോറിലെ സ്പന്ദനങ്ങൾ.
നിശബ്ദതയുടെ ഇടനാഴികളില്‍
മോഹനം ഒഴുകുന്നു.
നീ വരുന്ന കാലൊച്ചയാണ്.
എന്‍റെ പിരിമുറുക്കങ്ങൾ
നിൻ്റെ തിരിച്ചു വരവറിഞ്ഞാണ് .
എന്‍റെ ആശ്വാസം.
പ്രതിധ്വനികള്‍
എന്‍റെ പ്രതീക്ഷകളും.
ജന്മവാസന നിത്യം
മോഹങ്ങള്‍ താത്കാലികവും
എന്നോർത്ത് ശാന്തി.
ഒരു തീവണ്ടി വരുകയും
അവൾ മാത്രം
ഇറങ്ങുകയും ചെയ്തു.
ഭൂമിയിൽ
അവളുടെ കാലുകൾ പതിച്ചപ്പോൾ
ഭൂമി വിറങ്ങലിക്കുകയും
പച്ചപ്പുൽനാമ്പുകൾ
മുളപൊട്ടുകയും ചെയ്തു.
അവളുടെ കണ്ണുകൾ ചോദിച്ചു
” എന്തിനാണ് പരിഭ്രമിക്കുന്നത് “
ഞാൻ പേടിക്കുകയും
വിയർക്കുകയും
എൻ്റെ ശബ്ദം
ഭൂമിയിൽ താഴ്ന്നു
പോവുകയും ചെയ്തപ്പോൾ
ആദിയിൽ
വചനം ഉണ്ടായ ഓർമ്മ.
“എല്ലാ പുരുഷന്മാരും
ശക്തിയുള്ളവരും
ഭയമില്ലാത്തവരുമാണ്
എന്നാണല്ലോ
പുരാണങ്ങൾ മുതൽ അറിഞ്ഞത്?
ഇപ്പോൾ എന്താണിങ്ങനെ”
മൂന്ന്
……
അതിരാവിലെ
നിലാവലിഞ്ഞു
തീരുന്ന വേളയിൽ
ഇടവഴിയുടെ അറ്റത്ത്…
അവളും ഞാനും.
മഞ്ഞു പരക്കുന്നുണ്ട്.
അവൾ പറഞ്ഞു
“മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്
മാറണം.
ഭൂമിയിൽ നിന്നും
മുകളിലോട്ടും ,താഴോട്ടും
ഒരേ ദൂരത്തിലാവണം.
അളക്കാൻ കഴിയാത്ത
ദൂരത്തിലെത്തണം.”