ഓണനിലാവെത്തി
ഓണനിലാവെത്തി
ഓർമ്മ തൻ പാലാഴി –
യൊഴുകിവന്നെത്തി.
സ്വർഗ്ഗസമാനമീ
ഭാർഗ്ഗവ നാടിൻ്റെ
സ്വപ്ന സമൃദ്ധി തൻ
നഷ്ടവിസ്മയമേ!
സൗവർണ്ണ ശോഭിത
ഗതകാലരാജൻ
തൃക്കൺപ്പാർക്കാനെത്തും
പൊന്നോണനാളെത്തി.
പൂത്താലമേന്തിയ
പൂമങ്കമാർ ചാലെ
പൂത്തിരുവാതിര –
യാടിക്കളിക്കുന്നു.
ഉച്ചനീചത്വത്തിൻ
ദുഷ്ചിന്ത തീണ്ടാത്തൊ-
രുത്തുംഗ സംസ്കാര –
സമൃതിഗാഥ പാടി.
വർണ്ണാടയില്ലാത്ത
വഴിയോരപ്പൂവും
‘വർണ്ണാശ്രമ’ ത്തിലെ
‘നിന്ദിത ‘ പ്പൂക്കളും
ഹൃദയത്തിൽ ചൂടി
സ്നേഹാദ്രം ലാളിച്ച
ത്രൈലോക വന്ദിത –
ന്നസുര മാവേലി!
തിരുവോണനാഥാ
എഴുന്നള്ളൂ വീണ്ടും.
പൊന്നോണത്തപ്പനേ
എഴുന്നള്ളിയാലും.