അരീക്കരയിലെ ബാല്യകാലം ഓര്‍ക്കുമ്പോള്‍ സങ്കടപ്പെടാന്‍ മാത്രം ഉള്ള കഥകള്‍ അല്ല എനിക്കുള്ളത് , ഓര്‍ത്താല്‍ ചിരിക്കുന്ന ചില ശുദ്ധാത്മാക്കളെയും പരിചയപ്പെടുത്താന്‍ അരീക്കരയില്‍ ഉണ്ട് .

വണ്ടിക്കാരന്‍ മനോഹരൻ ചേട്ടന്‍, വീട്ടിൽ‌ നിന്നും ഒരു അര കിലോമീറ്റര്‍ കൂടി പിന്നെയും പോവണം അദ്ദേഹത്തിന്റെ വീടെത്താന്‍ .

ഞാന്‍ സ്കൂളില്‍ നിന്നും മടങ്ങി വരുന്ന വഴി മനോഹരൻ ചേട്ടനെ കണ്ടാലുടന്‍ ഒരു ലിഫ്റ്റ്‌ ചോദിക്കും , അങ്ങിനെ പുറകില്‍ വലിഞ്ഞു കയറി വീട് വരെ ഒരു സുഖ സവാരിയാണ്‌ . അത് കൂടാതെ ചിലപ്പോള്‍ സാധനങ്ങള്‍ പിന്നില്‍ ഉണ്ടെങ്കില്‍ മുന്നില്‍ തന്നെ കയറ്റും , ചിലപ്പോള്‍ ഒക്കെ ചാട്ട വാങ്ങി ഒരു ഒരു വീശോക്കെ വീശി സംതൃപ്തി അടയുകയും ചെയ്യും . ചിലപ്പോള്‍ കയറ്റം കയറാന്‍ നേരത്ത് ഭാരം അഡ്ജസ്റ്റ് ചെയ്യാന്‍ കയറാനോ ഇറങ്ങാനോ ഒക്കെ പറയും .

ഞങ്ങളുടെ വീട്ടിലേക്കു തിരിയുന്ന ചെറിയ റോഡ്‌ മുളനില്‍ക്കുന്നതില്‍ എന്നാണ് അറിയപ്പെടുന്നത് . ഈ മുക്കിനു എത്തുന്നതിനു മുൻപു ഒരു ചെറിയ ഉപഷാപ്പു ഉണ്ടായിരുന്നു . അരീക്കരയില്‍ സ്ഥിരം കുടിക്കുന്ന ഒരുപാട് പേരുടെ ആശ്രയം ആണ് ഈ ഉപഷാപ്പ് . മനോഹരൻ ചേട്ടന്‍ ഞങ്ങളുടെ നാട്ടില്‍ ആദ്യം കാള വണ്ടി ഉണ്ടായിരുന്നവരില്‍ ഒരാളാണ് . ചന്ത ദിവസം ആയ ബുധനും ശനിയും വെളുപ്പിന് നാല് മണിക്ക് വിവിധ വീടുകളില്‍ നിന്ന് കാര്‍ഷിക വിഭവങ്ങള്‍ ശേഖരിച്ചു ചെങ്ങന്നൂര്‍ക്ക് യാത്രയാകും . മിക്കപ്പോഴും എന്റെ വീട്ടില്‍ നിന്നും വാഴക്കുലകള്‍ കാണും . അത് മുറ്റത്ത് വെറുതെ വെച്ചിരുന്നാല്‍ മതി , മനോഹരൻ ചേട്ടന്‍ വന്നു അത് എടുത്തു വണ്ടിയില്‍ വെച്ചിട്ട് പോകും . അച്ഛന്‍ പിന്നെ ഒരു ഏഴു മണിയോടെ സൈക്കിളില്‍ പുറകെ പോയാല്‍ മതി . ചിലപ്പോള്‍ അവിടെ ചെല്ലുമ്പോഴേക്കും കുലകള്‍ വിറ്റു മനോഹരൻ ചേട്ടന്‍ പൈസ അച്ഛനെ ഏല്‍പ്പിക്കും . അതിനുള്ള സ്വാതന്ത്ര്യവും അവകാശവും മനോഹരൻ ചേട്ടന് ഉണ്ടായിരുന്നു . ചന്ത കഴിഞ്ഞു മിക്ക ദിവസവും മനോഹരൻ ചേട്ടന്‍ ചെങ്ങന്നൂരില്‍ നിന്നും അരീക്കരയിലേക്ക് പലവിധ സാധങ്ങള്‍ , ചിലപ്പോള്‍ ചാരമോ , സിമന്റോ , അരിയൊ ഒക്കെ ആയിരിക്കും അതൊക്കെ ഓരോ സ്ഥലത്ത് കൊണ്ടിറക്കി അവസാനം യൊരു അഞ്ചാറു മണിയോടെ മുളനില്‍ക്കുന്നതില്‍ കയറ്റത്ത് ഉപ ഷാപ്പിന്റെ മുന്‍പില്‍ എത്തി നില്‍ക്കും . ഇനിയാണ് കൌതുകം , മനോഹരൻ ചേട്ടന്‍ വണ്ടിയില്‍ നിന്നും ഇറങ്ങിയാലുടന്‍ ചാട്ട കൊണ്ട് ചെറുതായൊന്നു വീശി ” ട്രെയ്, ട്രെയ് ” എന്നൊരു ശബ്ദം വെച്ചാല്‍ മതി കാളകള്‍ പൈലട്ടില്ലാ വിമാനം പോലെ മുന്നോട്ട് പോവും , അത് സാമാന്യം നല്ല ഒരു കയറ്റവും രണ്ടു മൂന്നു ഇറക്കങ്ങളും ഉള്ള ആ ദൂരമത്രയും താണ്ടി സ്വന്തം വീട്ടിന്റെ മുന്‍പില്‍ എത്തി തന്നെ നില്‍ക്കും . മനോഹരൻ ചേട്ടന്റെ ഭാര്യയോ മക്കളോ ആരെങ്കിലും കാളകളെ അഴിച്ചു മാറ്റി വണ്ടി നിലത്തു കുത്തി പാര്‍ക്ക് ചെയ്യും . എല്ലാ ചന്ത ദിവസവും ഉള്ള ഒരു പതിവ് ആയതിനാല്‍ ആദ്യം ഒക്കെ ഞങ്ങള്‍ക്കുണ്ടായിരുന്ന കൌതുകം ഒക്കെ പോയി അതൊരു സാധാരണ കാര്യം ആയി മാറി .

പാറപ്പാട്ട് ഉപഷാപ്പില്‍ കയറി മനോഹരൻ ചേട്ടന്‍ നന്നായി ഒന്ന് മിനുങ്ങും . പിന്നെ ആടിയാടി വീട്ടിലേക്കു ഒരു പോക്കാണ് , ഒരക്ഷരം മിണ്ടില്ല , സന്ധ്യ കഴിഞ്ഞാല്‍ ഒരു ചൂട്ടും കാണും . അതൊക്കെ വീശി എല്ലാ ചന്ത ദിവസവും പോകുന്നത് ഒരു സ്ഥിരം കാഴ്ചയാണ് . വീട്ടില്‍ എത്തിയാല്‍ ചിലപ്പോള്‍ വീട്ടുകാരത്തിയെ ഒന്നും രണ്ടു പറഞ്ഞു വഴക്കുണ്ടാക്കുകയും ചെയ്യും . ആ സാധു സ്ത്രീക്കും ഇത് പതിവ് വഴിപാടു പോലെ ശീലം ആയി . അല്ലാതെ മനോഹരൻ ചേട്ടന്‍ കുടിച്ചു വഴിയില്‍ കിടക്കുകയോ വഴക്കുണ്ടാക്കുകയോ ഒന്നും ഇല്ല . എന്റെ അച്ഛനെയോ അമ്മയെയോ കാണുമ്പോള്‍ ഉയര്‍ത്തി മടക്കിക്കുത്തിയിരിക്കുന്ന ആ കളം കളം മുണ്ട് ഒന്ന് താഴ്ത്തി മര്യാദ രാമനെ പ്പോലെ പോവും . ഞങ്ങളെ കണ്ടാല്‍ വെറുതെ കണ്ണിറുക്കി ഒരു ചിരിയും ചിരിച്ചു പോവും .

” ഡാ മക്കളെ .. “
എന്നൊരു വിളിയും

അന്ന് ഞങ്ങളുടെ ടാര്‍ ഇടാത്ത ആ ചെമ്മണ്‍ പാതയിലൂടെ കാറുകള്‍ വളരെ അപൂര്‍വമായേ പോവൂ , ആരെങ്കിലും പട്ടാളക്കാര്‍ അവധിക്കു വരുമ്പോഴോ ദൂരെ നാട്ടില്‍ നിന്നും വരുന്ന ബന്ധുക്കളോ ഒക്കെ മാത്രമേ കാറില്‍ വരാറുള്ളൂ , ഞങ്ങള്‍ കുറെ നേരം ആ കാറുകളുടെ പിറകെ ഓടുകയും ചെയ്യും . ചില സിനിമകളുടെ പരസ്യവും നോട്ടീസ് വിതരണവും ഒക്കെ ഇങ്ങനെ കാറില്‍ ആവാറുണ്ട് .

പതിവ് പോലെ മനോഹരൻ ചേട്ടന്‍ ഉപ ഷാപ്പില്‍ ഇറങ്ങി കാളകളെ ” ട്രെയ്, ട്രെയ് ” എന്ന് പറഞ്ഞു ചാട്ട വീശി യാത്ര അയച്ചു . കാളകള്‍ ഉത്സാഹത്തോടെ മുന്നോട്ടു കുതിക്കുകയും ചെയ്തു . ഒരു ചെറിയ ഇറക്കം ആണെന്ന് തോന്നുന്നു , എതിരെ ഒരു കാറ് വന്നു , അന്ന് ഇന്നത്തെ പോലെ അത്ര വീതിയുള്ള റോഡ്‌ ഒന്നും അല്ല , പക്ഷെ കാളകള്‍ക്ക് ഒരു വിധം സൈഡ് കൊടുക്കാന്‍ ഒക്കെ അറിയാം , അവ നന്നായി ഒതുങ്ങി കാറ് പൊക്കോട്ടെ എന്ന മട്ടില്‍ നിന്നു.ആ പുതിയ അംബാസഡർ കാര്‍ ചെങ്ങന്നൂര്‍ കാരുടെ ആരുടെയോ ആണെന്ന് തോന്നുന്നു . സമാന്യം സ്പീഡില്‍ തന്നെ കാര്‍ കടന്നു പോയി . ഡ്രൈവര്‍ ഒരു കര്‍ കര്‍ ശബ്ദം കേട്ട് അല്‍പ്പം മുന്നോട്ടു ചെന്ന് നിര്‍ത്തി പുറത്തിറങ്ങി നോക്കിയപ്പോള്‍ അയാളുടെ ചങ്ക് തകർന്നു പോയി , കാറിന്റെ വലതു വശത്തില്‍ മുഴു നീളത്തില്‍ ആഴത്തില്‍ ഒരു വര , വെള്ള പെയിന്റു അടക്കം കാളവണ്ടിയുടെ ചക്രത്തിന്റെ ആക്സില്‍ ന്റെ അഗ്രഭാഗം കൊണ്ട് ഉരഞ്ഞതാണ്‌ !

ഡ്രൈവര്‍ വിളിച്ചു കൂവിക്കൊണ്ട് കാളവണ്ടിയുടെ പിറകെയോടി , മുന്നില്‍ ചെന്ന് നോക്കിയപ്പോള്‍ ആരും ഇല്ല , അവസാനം മനോഹരൻ ചേട്ടന്റെ വീടെത്തി വണ്ടി നിന്നു , ഡ്രൈവര്‍ ബഹളമായി , അങ്ങിനെ തര്‍ക്കം നടക്കുന്നെങ്കിലും മനോഹരൻ ചേട്ടന്‍ വരാന്‍ വൈകി , അവസാനം ആള്‍ ആടിയാടി എത്തി , ഒരക്ഷരം മിണ്ടുന്നില്ല , നാട്ടുക്കാരും മദ്ധ്യസ്ഥരും ഒക്കെ എത്തി , കാറുക്കാരന്‍ നിന്നു തിളക്കുകയാണ് ,

” പുതിയ പെയിന്റ് അടിക്കാനുള്ള കാശ് മുഴുവൻ ഇപ്പൊ വെക്കണം , അല്ലെങ്കില്‍ വിവരം അറിയും ഞാന്‍ ആള് പിശകാ ….”

മദ്ധ്യസ്ഥരും മടുത്തു ,

” മനോഹരാ .. നീ എന്തെങ്കിലും ഒന്ന് പറ ..”

മനോഹരൻ ചേട്ടന്‍ ആടിയാടി മുണ്ട് ഇതിനിടെ ഒന്ന് രണ്ടു തവണ അഴിഞ്ഞു പോയത് വീണ്ടും എടുത്തു ഉടുത്തു , അവസാനം കാറിന്റെ ഡ്രൈവര്‍ കുത്തിനു പിടിക്കുമെന്ന സ്ഥിതിയായി , എന്ത് പറയും എന്ന ആകാംക്ഷ എല്ലാവര്ക്കും

” ഞാന്‍ എന്തോ തെറ്റ് ചെയ്തു ? … തെറ്റ് ചെയ്തവര്‍ മിണ്ടാപ്രാണികൾ ആണ്ടെ നില്‍ക്കുന്നു , “

കാളകളെ ചൂണ്ടി മനോഹരൻ ചേട്ടന്‍ പറഞ്ഞതും കോപാഗ്നിയിൽ ജ്വലിച്ചു നിന്ന ഡ്രൈവര്‍ അടിക്കാൻ ഓങ്ങി എങ്കിലും മദ്ധ്യസ്ഥർ ഇടപെട്ടു രംഗം ശാന്തമാക്കി‌..

” മിണ്ടാപ്രാണികൾ തെറ്റു ചെയ്തേനു നീ എന്നെ തല്ലാൻ വരുന്നതെന്തിനാ .‌? “

എന്നു ചോദിച്ചു മനോഹരൻ ചേട്ടൻ ഒന്നും അറിയാത്തതു പോലെ വീട്ടിലേക്കും ഡ്രൈവർ ചീത്ത വിളിച്ചു കൊണ്ടു കാറിന്റെ അടുത്തേക്കും നടന്നു ..

മനോഹരൻ ചേട്ടൻ കാലയവനികക്കുള്ളിൽ മറഞ്ഞു എങ്കിലും അദ്ദേഹം എനിക്കു തന്ന ” ലിഫ്റ്റ് ” കൾ ഒരിക്കലും മറക്കാൻ പറ്റുന്നില്ല ..

ഹൃദയമുള്ള നിഷ്കളങ്കനായ മനുഷ്യൻ ..

പ്രണാമം .

By ivayana