‘എന്റെ നീലാകാശം’ എന്ന പേരിലാണ് അവൾ താളുകളിൽ. പെണ്കാമനകൾ മുറ്റി നിൽക്കുന്ന വരികളാൽ സമ്പന്നം അവളുടെ പോസ്റ്റുകൾ. ‘പ്രണയവും കൈയോട് കൈയും മെയ്യോട് മെയ്യും ചേർത്ത് നീലാകാശ ച്ചോട്ടിൽ ഇറങ്ങി നടക്കാനുള്ള അവളുടെ അദമ്യ മോഹം ‘ വരികളിൽ തുളുമ്പിയപ്പോൾ… അവൾ ആരെന്നറിയാൻ അവനു കൊതിയായി. അവളുടെ പോസ്റ്റുകൾക്ക് മറുകുറിപ്പു ആദ്യം ചാർത്തുന്ന അധ്യാപികയെ കുറിച്ചാണ് അവന്റെ അന്വേഷണപാടവം തുടക്കമിട്ടത്. പിന്നെ അവന്റെ മാധ്യമസുഹൃത്തിന്റെ സഹായം തേടൽ. അത്ഭുതപെടുത്തിയ തിരിച്ചറിവുകൾക്കു ക്ഷണിക നേരം . വാക്കുകൊണ്ട് മായാജാലങ്ങൾ കുറിച്ചിടുന്ന ആ അദ്ധ്യാപികമാരുടെ ദൃഢ സൗഹൃദത്തിന് സായാഹ്ന കിരണ വെള്ളിത്തിളക്കം. സ്കൂൾ തലം മുതൽ അവർ കൂട്ട്. രണ്ടു പേരുമിന്ന് പേരമക്കളോടോത്ത്.. “നിങ്ങൾ അവരോടത്ര അടുപ്പം വേണ്ട.. തനി ലെസ്‌ബിസ്.. “മാധ്യമ പെൺകൊടി അവനെ ഉപദേശിച്ചു. അത് കേട്ട അവനവളെ ഓര്മിപ്പിക്കാതെ വയ്യ.. പ്രതിലോമ പരിതഃസ്ഥിതികളിൽ മുള പൊട്ടാതെപോയ ചില വിത്തുകളുണ്ട് .സദാചാര കൊടും ചൂടുകളിൽ…അലിഖിത നിയമങ്ങളാൽ… മുളപൊട്ടി തഴച്ച് ദളങ്ങളാൽ ഉമ്മച്ചാർത്താനാവാത്ത വേദനകൾ. അമേരിക്കൻ കവയിത്രി എമിലി ഡിക്കിന്സനെ ഓർക്കുക.. പ്രണയകാമനകൾ വരികളിൽ ചാലിച്ച എമിലിയുടെ കുടുംബസുഹൃത്ത് ന്യായാധിപൻ ലോർഡ് ഓട്ടിസ് ഫിലിപ്സി. അയാളാണ് ആദ്യം പ്രേമപൂർവ്വം എമിലിയെ പ്രാപിച്ചത്. പിന്നെ നക്ഷത്ര കിന്നാരങ്ങളോതി കൂട്ടുകാരന് ജോർജ് ഗൂഡ്. ഇവരിലൊന്നും പ്രണയം കാണാത്ത കവയിത്രിയെ അനുരാഗലോലഗാത്രിയാക്കിയത് സൂസൻ ഗിൽബേർട്ട്. ഇഷ്ടതോഴിയിൽ ഇണയെ. സഹോദരൻ വില്യത്തെ കൊണ്ട് സൂസനെ മിന്നു ചാർത്തിച്ചതും . എമിലി തന്റെ പ്രണയനുഭവം കുറിച്ചിട്ടു.സൂസനെ ആദ്യം കണ്ട കാഴ്ചാനുഭവം. “പ്രഥമാനുരാഗം പടിവാതിൽക്കൽ എവർഗ്രീൻ തണലിൽ’ പഠനം പാതിവഴിയിൽ നിർത്തി ഏകാന്തത ഇഷ്ടപെട്ട എമിലിയിലെ കൗമാരക്കാരി . സൂസനൊപ്പം നീലാകാശകീഴിൽ മരങ്ങൾക്കിടയിലൂടെയുള്ള നടത്തങ്ങളിൽ അവർ വായിച്ച പുസ്തക, കവിതാ ചർച്ചകളും.. സൂസന്റെ മുഖം കൈക്കുള്ളിൽ കോരിയെടുത്ത് എമിലി കാവ്യാ ത്മകമായി കിന്നാരം ചൊല്ലി.. ‘നമ്മൾ മാത്രമാണ് പദ്യം, മറ്റെല്ലാവരും ഗദ്യമാണ്.’ മരണത്തെ,..വിരഹത്തെ,.. സങ്കടത്തെ… കുറിച്ച്ചുമൊക്കെ എമിലി ഉദാത്തമായ് എഴുതി. പ്രണയകവിതകളും കത്തുരൂപത്തിലുള്ള രചനകളും എഴുതിയതും ഈ ശ്രേഷ്ഠ പ്രണയ കവയിത്രി. ‘മരണാന്ത്യ ശേഷവും ഒഴുകുവാൻ പ്രണയം ജീവനു മുമ്പേയെത്തിടുന്നു,”സൂസിക്കുള്ള ഗോപ്യ ചുംബനത്തിന് ഒരു കത്തെഴുതി എമിലി ഡിക്കിൻസൺ. ‘ഈ ജൂൺ മധ്യാഹ്നത്തിൽ സൂസീ, ചിന്ത നിന്നെക്കുറിച്ച് . ഒരു പ്രാർത്ഥനയേ ഉള്ളു, അത് നിനക്കു വേണ്ടിയാണ്. ” അന്തർ മുഖ എഴുത്തുകാരിയായി അറിയപ്പെട്ട എമിലിയുടെ പ്രണയം പൂക്കുന്ന വരികള് . ‘ഏതൊരുവളിലും പ്രണയാർദ്രനായ പുരുഷന് ഒളിഞ്ഞു കിടപ്പുണ്ട് ‘എന്ന ഫ്രോയ്ഡ് സിദ്ധാന്തം വെളിപ്പെടുത്തുന്നു എമിലിയും . . ‘വടുകൾ കോറിയിട്ട മാറിടം മുറിച്ചു മാറ്റൂ, എന്നെ താടിരോമങ്ങളാൽ ഒരു പുരുഷനാക്കൂ’ എന്നെഴുതിയതും അവളിലെ പുരുഷാംശം. ഡാന്റെയുടെ പ്രണയത്തോടാണ് തന്റെ അനുരാഗ മനം എമിലി ഉപമിച്ചത്. നാളേറെ പ്രണയം കിനിഞ്ഞ കരൾ പൊലിഞ്ഞ് മരണം പൂകിയ എമിലിയുടെ വീടിന്നു മ്യൂസിയം. മരണശേഷമാണ് ലവിനിയ സഹോദരിയുടെ മികച്ച രചനകൾ പ്രസിദ്ധപ്പെടുത്തിയത്. പ്രണയം മാംസാധിഷ്ഠിതമല്ല ലിംഗപരവുമല്ല പ്രണയം. “എന്റെ നീലാകാശം” മധുരനോവുകൾ ഉതിർക്കട്ടെ നിർബാധം..

By ivayana