(ഋതുഭേദങ്ങളോടൊപ്പമല്ലാതെ ഒരു വ്യാഴവട്ടക്കാലം വസന്തത്തിനായ് കാത്തിരിക്കുന്നവൾ നീലക്കുറിഞ്ഞി.. 12 വർഷത്തിലൊരിക്കൽ ഒരുമിച്ച് പൂക്കുന്ന നീലക്കുറിഞ്ഞിയെ 1838 ലാണ് കണ്ടെത്തിയത് … വരും തലമുറയെ കാണാൻ കാത്തുനിൽക്കാതെപൂക്കൾ വിരിഞ്ഞ് 3 മാസം വരെ ജീവിച്ച് എന്നേക്കുമായ് നീലക്കുറിഞ്ഞി മടങ്ങുന്നു…)

പൂക്കാലമേറെ വന്നു പോയെങ്കിലും
വന്നില്ലൊരിക്കലും നീ എന്നിൽ മാത്രം…
പൂമരമെല്ലാം പൂത്തുലഞ്ഞെങ്കിലും
എന്നിലെത്താതെ നീ പോയ് മറഞ്ഞു…
ഒരു വ്യാഴവട്ടം ഞാൻ തപസ്സിരുന്നു …
എന്നിൽ നീ പൂക്കാലമായ് വരുവാൻ
എന്നിലേക്കെത്താൻ മടിച്ചു നീ നിന്നതും
പൂക്കാലമായെന്നെ പുണരാതിരുന്നതും
പിരിയാതിരിക്കുവാൻമാത്രമെന്നന്നേ
ഞാനും അറിഞ്ഞിരുന്നു..
എന്നിൽ നീയെത്തിടും പൂക്കൾ വിരി ഞ്ഞിടും
പിന്നെയീമണ്ണിൽ ഞാൻ വീണുപോകും…
ഒടുവിലായ്എന്നെയുംതേടിയെത്തും..
നീലപ്പൂപാകിയ പൊൻ വസന്തം..
സ്വപ്നങ്ങളിൽമാത്രംപൂക്കൾ നിറച്ചൊരാ
നീലക്കുറിഞ്ഞിയുംപൂത്തകാലം…
മുരുകന്ന് കാഴ്ചയായ് അർപ്പിക്കുമെൻ പൂക്കൾ..
മുതുവാന്മാർ* വന്ന് മധുവുമൂറ്റും..
മണ്ണിലെൻ പൂക്കൾ വിരിച്ചിടും പിന്നെയീ
മണ്ണിലായ് തന്നെ ഞാൻ മരിച്ചുവീഴും
പൂക്കാലവുംപിന്നെകൊഴിയും പൂക്കളും
മരണവുംപണ്ടേകുറിച്ചതത്രേ
ഈ കുറിഞ്ഞിക്കായ് പണ്ടേ കുറിച്ച തത്രേ …
പൂക്കൾ കൊഴിഞ്ഞിടും നാളിലീഭൂമിയെ വിട്ടു നീ
പോകുമെന്നാരോമുൻജന്മത്തിലെന്നെ ശപിച്ചതാവാം…
ചൊല്ലുണ്ടിങ്ങനെ കുറിഞ്ഞിപൂക്കും കാലം
നല്ലതല്ലാത്തൊരുകാലമെന്നും..
ചൊല്ലിൽപതിരില്ല എൻ്റെയീപൂക്കാലം
ഏറെനല്ലതല്ലാത്തൊരുകാലമല്ലേ..?
ഇനിയൊരുജന്മമീ മണ്ണിലുണ്ടെങ്കിൽ
നീലക്കുറിഞ്ഞിയായ്തന്നെ വന്നിടും ഞാൻ..
മരണമെത്തുംമുമ്പേഎന്നിൽ വിടരുമാ
പൂക്കാലംവരുമെന്നതോർത്ത് മാത്രം…

ബൈജു തെക്കുംപുറത്ത്

By ivayana