ഞാനില്ലാതാകുമ്പോൾ
നീയെന്നെതേടി വരും.
ഞാനുള്ളപ്പോൾ
മറന്നുവെച്ചയിടങ്ങളിൽ
നീയെന്നെതേടും.
ശരിതെറ്റുകളെ കീറിമുറിച്ച്
നമ്മൾ രണ്ടായിടങ്ങളിലെൻ്റെ
സത്യം നീ തിരയും.
എൻ്റെ കാഴ്ചകൾ കേൾവികൾ
തിരിച്ചറിവുകൾ നിനക്കു
ചുറ്റിലും ചിതറിക്കിടക്കും.
എൻ്റെ സത്യബോധത്തിൻ്റെ
നീറുന്നഗന്ധം സുഗന്ധദ്രവ്യങ്ങളുടെ
മടുപ്പിക്കുന്ന ഗന്ധങ്ങളിൽ
മുഖംപൂഴ്ത്തി നിന്നെനോക്കി ചിരിക്കും.
നീയെന്നെതേടിവരുമ്പോൾ
ഞാൻ മരിച്ചവനായിരിക്കും.
ഞാനെന്നബോധ്യങ്ങളിൽ
നാമാടിത്തിമിർത്തവേഷങ്ങൾ
മൗനംപൂണ്ടു വാല്മീകങ്ങളിൽ ചേക്കേറിയിരിക്കും.
ശരിതെറ്റുകളുടെ നിരർത്ഥകത
നാം തിരിച്ചറിയുമ്പോൾ
നമ്മിലൊരാൾ മരിച്ചവനായിരിക്കും.
നീ മരിച്ചവനെങ്കിൽ
നാം രണ്ടായിടങ്ങളിൽ
ഞാൻ നിൻ്റെ സത്യം തിരയും.
നിൻ്റെ ചേതനകളൊക്കെയും
എൻ്റെ ചുറ്റിലും ചിതറിക്കിടക്കും.
നിൻ്റെ സത്യബോധത്തിൻ്റെ നീറുന്നഗന്ധം
എനിക്കു ചുറ്റും അലയടിക്കും.
നമ്മൾ നമ്മളാകാതെ
ഞാനും’ നീയുമായി
കൊഴിഞ്ഞുതീരുമ്പോൾ
സ്വത്വബോധങ്ങളിൽ പിന്നെയും ചിലർ
തർക്കവിതർക്കങ്ങളിൽ
സ്വയംകീറിമുറിക്കും.

റോയ് വരകുകാല.

By ivayana