ആർക്കും കൊടുക്കില്ല ഞാൻ നിന്നേ ,
ആ കരിവരിവണ്ടിന്റെ കിന്നാരം മൃദു
കോമളാംഗിയാം പൂവിനേ തളർത്തീടുന്നു …..
കാത്തുസൂക്ഷിച്ചൊരാ സൗരഭം മുഴുവനായ്
ഈ കശ്മലൻ വന്നയ്യോ തട്ടിത്തെറിപ്പിക്കുന്നു …..
ഗന്ധർവ്വൻ വന്നീടും , പോവുക നീ ഇന്ന് കരിവരിവണ്ടേ,
നിണമണിഞ്ഞ ചിലമ്പണിഞ്ഞ് ഞാനീന്ന് തുള്ളിയുറയും …..
പാലല കടലലകൾക്കുമീതേ യാനത്തിൽ,
പരിവാരം വന്നിതു കാമദേവനവൻ നിലാവിന്റെ ചാരുതയിൽ …..
നാണത്തിൽ കൂമ്പിയ മുഖമൊന്നുയർത്തിയവൾ
തന്റെ ഇംഗിതം പോലയ്യാ … ആലിംഗനവും ….
പല പല രാവുകൾ നീ എന്നേ കാണാതേ പോകിലും ദേവാ,
ഈ അപ്സരകന്യയിന്നും കാത്തിരിപ്പു നിനക്കായ് …..
രാവിന്റെ മറപറ്റി കൂർപ്പിച്ച ദ്രംഷ്ടങ്ങളുമായ്
ദുഷ്ടാത്മാക്കൾ ഇടക്കിടേ കണ്ണുവയ്ക്കുന്നു ……
ഇരുട്ടിനെ കീറി മുറിച്ചിതാ പെരുമ്പറ കൊട്ടി
ആർത്തലക്കുന്നു മിണ്ടാപ്രാണികൾ ……
കടിഞ്ഞാണില്ലാത്ത കുതിരയുടെ കാലുകൾ
ചവുട്ടി മെതിച്ചൊരാ വരമ്പിന്റെ ഓരത്തായ്
സംഹാര താണ്ഡവ കാൽപാടുകൾ കാണാം …..
കൂമ്പിയ മിഴികളിൽ നിർലോഭം ലഭിച്ചോരാ
സംതൃപ്തി കൊണ്ടാവാം പുതു പുതുനാമ്പുകൾ
പിറവിക്ക് തുടി തുടിക്കുന്നത് …..
കാറ്റത്തു നിന്നാടിത്തിമിർക്കുന്ന പൂവിന്റെ ഗദ്ഗദം കേട്ടു
പരിഭ്രമിച്ചിട്ടാ കരിവരിവണ്ടിരുന്നു മുറുമുറുക്കുന്നു …..
ലയനത്തിൻ ചാരുത തളംകെട്ടി നില്ക്കുന്ന
മൂന്നാം യാമത്തിലും ഇരുട്ടിലെ താളങ്ങൾ
ശ്രുതിയിട്ട് പാടി തകർക്കുന്നിതാ…..

Chibu K Kulangara.

By ivayana