പതിവില്ലാത്ത വിധം തേഞ്ഞുപോയ ചെരുപ്പിന്റെ വള്ളികൾ കാൽഞരമ്പുകളോടൊട്ടി നിന്നു. സിമന്റു തറയിലെ തണുപ്പിനെ മറികടന്നിരുന്ന പൂച്ചയുടെ മെത്ത.
ഉറക്കം പോയ പൂച്ച, അലോസരപ്പെട്ട കോട്ടുവായിട്ടു. വെളിച്ചത്തേക്കാൾ മുമ്പേ ഈ മനുഷ്യനെങ്ങോട്ടാണെന്നൊരു ചോദ്യം പൂച്ചയുടെ കണ്ണുകളിൽ സജീവമായി. മഞ്ഞുവീണു കുതിർന്ന ഡിസംബറിന്റെ പ്രഭാതത്തെ ഇടവഴിവരെ പൂച്ചയും മറികടന്നു.
പടികളിറങ്ങുമ്പോൾ അയാൾ ഒറ്റയ്ക്കായിരുന്നു. കാവിമുണ്ടും കരിനീല ജുബ്ബയും പതിവുവേഷം. ചാഞ്ഞ മന്ദാരച്ചില്ലകൾ അയാളിൽ പെയ്തുതോർന്നു. പൂച്ച കല്ലിലിരുന്ന് മുൻകാലിലെ നനവൊപ്പുന്നുണ്ട്.

അയാൾ ചെരുപ്പുവള്ളിയിലെ മഞ്ഞുതുള്ളികളെ നോക്കി. അടുത്തയാത്രയിൽ പുതിയൊരെണ്ണം വാങ്ങണം. പിൻകാൽ മൂടത്തക്കവണ്ണമൊരെണ്ണം.
ഛായ്.! പൊടുന്നനെ അയാൾ തീരുമാനം മാറ്റി. വിയർക്കുന്ന കാലൊരു ബാധ്യതയാണ്. വള്ളിച്ചെരുപ്പുമതി. കാറ്റൂതിത്തണുപ്പിക്കുന്ന പതിവുരീതി തുടരണം.
ആദ്യത്തെ ബസ്സുവന്നു.

ഭസ്മഗന്ധവും വീരമണിയുടെ പള്ളിക്കെട്ടും, അകത്തും പുറത്തും നിറഞ്ഞുതുളുമ്പി. റോഡു മുറിച്ചുകടന്ന് അയാൾ വരമ്പിലേക്കിറങ്ങി. നീണ്ടുകിടക്കുന്ന ഒറ്റയടിപ്പാത. പച്ചയുടെ മധ്യത്തിലുള്ള മണ്ണുവര. മൂപ്പെത്താത്ത കതിരുകളിലെ ചാഴിമണം തൊട്ടറിഞ്ഞ് അയാൾ കൈ പിൻവലിച്ചു. തണുപ്പുതൊട്ട കൈകൾ ചുരുട്ടിജുബ്ബയുടെ കീശയിൽ നിറച്ചു. കൈവീശാതെയുള്ള നടത്തം തന്നിലൊരു കൗതുകം തട്ടിയുണർത്തുണ്ടെന്ന് അയാൾക്ക് തോന്നിയിരുന്നു.

വഴിയിലെ മഞ്ഞുകണങ്ങൾ ചെരുപ്പുവള്ളി മുറിച്ചേക്കാമെന്നു ഭയന്ന് ഇലനാക്കുകളെ തൊടാതെ നടത്തം തുടർന്നു. പാടത്തേക്ക് മുഖം നോക്കിയിരിക്കുന്ന ചായക്കടയുടെ ഉമ്മറത്തൊരു ഇലക്ട്രിക് റാന്തൽ കത്തിനിൽപ്പുണ്ട്. അരണ്ട പ്രകാശത്തിൽ വരമ്പുകാണാമെങ്കിലും ഏറെ തെളിച്ചമുള്ളത് വിദൂരതയിലെ റാന്തലിനാണ്.
കുമാരൻ അഞ്ചിന് സമാവറിൽ കനലിടും. ആ പുക ആകാശത്ത് ആലുപോലെ പടരും . പത്തേക്കർ പച്ചപ്പിലേക്ക് നോക്കിയിരിക്കുന്ന വരാന്തയും ഒറ്റമുറിപ്പീടികയും.
കാലത്തൊരു ചായ പതിവാണ്. പത്തേക്കർമുറിച്ചുകടന്ന് വെളിച്ചമെത്തും മുമ്പേ ഇവിടെയെത്തുക എന്നത് ഒരു ആനന്ദമാണ്. പ്രത്യേകിച്ചും ഡിസംബറിന്റെ അവസാനപാദത്തിൽ.

ഒന്നിച്ചു പഠിച്ചവരാണ് കുമാരനും രഘുവും. കുമാരന്റെ അച്ഛനും മുത്തച്ഛനും ഈ ചായക്കടയുടെ പൂർവ്വബന്ധുക്കളായിരുന്നു. കുമാരനും ആവഴി പിന്തുടർന്നു. മൂന്നുവിള പാടത്തെത്തിയ മുൻതലമുറയിലെ കൃഷിക്കാരെല്ലാം ഈ കടയിലെ ചായയും പത്രവും രുചിച്ചവരാണ്. കർഷകനല്ലാത്ത താനും സമാവർ ചായയുടെ അടിമയാണെന്ന് രഘുവിനു തോന്നി. നെന്മണി പൊന്നുചൂടും വരെ ചായയുടെ ലഹരിയിലിരുന്ന് രഘു വന്നവഴി നോക്കി. ഇലയറ്റങ്ങളിലെ തിളക്കമറ്റുപോകുന്ന വ്യഥയിൽ ചെടികളൊന്ന് നിവർന്നു. നനഞ്ഞുകുതിർന്ന വരമ്പിലൂടെ ചെരുപ്പ് താളമിട്ടു. റോഡുമുറിച്ചുകടക്കുമ്പോൾ പോയ ബസ്സ് ആളൊഴിഞ്ഞ് തിരിച്ചുപോകുന്നുണ്ടായിരുന്നു. പടികയറുമ്പോൾ ഒരു പൂച്ചനടത്തം രഘുവിനെ പിന്തുടർന്നു.

By ivayana