ഒരു അധ്യാപക ദിനം കൂടി കഴിഞ്ഞിരിക്കുന്നു. തള്ളി മറിക്കലുകളുടെയും ഉപകാരസ്മരണകളുടേയും പുണ്യ ദിനം. പറയാൻ പോകുന്ന കാര്യങ്ങൾ പലർക്കും സുഖിക്കണമെന്നില്ല. പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും വേലിക്കെട്ടിനുള്ളിൽ കഴിയുന്നവർക്ക് പല മാറ്റങ്ങളേയും വേറിട്ട ചിന്തകളേയും അംഗീകരിക്കാൻ കഴിയുകയില്ല. അങ്ങനെയുള്ളവർ കുരയ്ക്കട്ടെ, തെറി വിളിക്കട്ടെ. അതേ അവർക്ക് പറഞ്ഞിട്ടുള്ളു. വിഷയത്തിലേക്ക് വരാം. അധ്യാപനം എന്നത് മറ്റേതൊരു തൊഴിലിനേയും പോലെ ശമ്പളം വാങ്ങി അതായത് പച്ച മലയാളത്തിൽ പറഞ്ഞാൽ കൂലി വാങ്ങി ചെയ്യുന്ന ഒരു തൊഴിൽ മാത്രമാണ്. അതുകൊണ്ട് തന്നെ അധ്യാപകർക്ക് മറ്റാർക്കുമില്ലാത്ത ഒരു പ്രിവിലേജ് കൊടുക്കേണ്ട കാര്യമില്ല തന്നെ. എല്ലാ അധ്യാപകരും മഹാൻമാരും മഹതികളുമല്ല. മാനുഷികമായ എല്ലാ വികാര-വിചാരങ്ങളും ഉള്ളവരാണ് അധ്യാപകരും. അതായത് തന്റെ ക്ലാസ്സിലിരിക്കുന്ന മുഴുവൻ വിദ്യാർത്ഥികളോടും ഒരു അധ്യാപകന് ഒരേ തരത്തിലുള്ള സ്നേഹമോ പരിഗണനയോ അല്ല ഉണ്ടാവുക. ചില കുട്ടികളോട് പ്രത്യേകമായ സ്നേഹവും പരിഗണനകളും നൽകുന്നുണ്ട്. അതിനൊക്കെ പല കാരണങ്ങളും ഉണ്ടാകും. കുടുംബപരം, ജാതി, മതം, നിറം, സമ്പത്ത്, പദവി അങ്ങനെയുള്ള ഘടകങ്ങളും അതിൽ അന്തർഭവിച്ചിട്ടുണ്ട്. നിലത്തെഴുത്ത് കളരി മുതൽ കോളേജ് വരെ എന്നെ പഠിപ്പിച്ച അധ്യാപകരിൽ വളരെ കുറച്ച് പേർ മാത്രമേ എന്റെ ഹൃദയത്തിൽ ഇടം പിടിച്ചവരായിട്ടുള്ളു. അവരാകട്ടെ എനിക്ക് നൽകിയ പരിഗണനകളുടേയും സ്നേഹത്തിന്റെയും ഒക്കെ പേരിലാണ് താനും. കഠിനമായി വെറുത്തിരുന്ന ചില അധ്യാപകരും ഇക്കാലയളവിൽ ഉണ്ടായിരുന്നു. കുറച്ച് കാലയളവ് ഞാനും ഒരധ്യാപകനായിരുന്നു. ഇന്നും പല ഇടങ്ങളിൽ വെച്ചും കണ്ടുമുട്ടുമ്പോൾ എന്റെ അന്നത്തെ ആ ശിഷ്യർ ഓടി അടുത്തെത്തുകയും കുശലാന്വേഷണം നടത്തുകയും ചെയ്യാറുണ്ട്. അതിന് കാരണം അവരെ പഠിപ്പിച്ചിരുന്ന ആ കാലയളവിൽ ക്ലാസ്സിനകത്തും പുറത്തും ഞാൻ അവരോട് ഇടപഴകിയിരുന്ന രീതികൾ കൊണ്ടാണ്. ഒരിക്കലും എന്റെ വിദ്യാർത്ഥികളോട് ഒരധ്യാപകന്റെ അധികാര സ്വരത്തിലും ഗർവ്വിലും ഞാൻ സംസാരിച്ചിട്ടില്ല. അവരെ സ്വതന്ത്രപൗരൻമാരായും സുഹൃത്തുക്കളായും കണ്ട് കൊണ്ടാണ് പെരുമാറിയിരുന്നത്. ഒരു സ്വതന്ത്ര ജനാധിപത്യ – ശാസ്ത്രാവബോധ സമൂഹത്തിൽ അധ്യാപകർക്ക് കൊടുക്കുന്ന അമിത ബഹുമാനവും പരിഗണനയും നാണക്കേടായി തോന്നേണ്ടത് ആ വിഭാഗത്തിന് തന്നെയാണ്. ആർഷഭാരത സംസ്കാരവും പൊക്കിപ്പിടിച്ച് മാതാപിതാ ഗുരു ദൈവം എന്ന ആപ്തവാക്യവും ചൂണ്ടിക്കാണിച്ച് വരുന്നവരോട് ഒന്നേ പറയാനുള്ളു – ഇത് ജനാധിപത്യ രാജ്യമാണ്. നിങ്ങൾ ശമ്പളം എണ്ണി വാങ്ങുന്ന തൊഴിലാളികൾ മാത്രമാണ്. അമിതമായി ലഭിക്കേണ്ടുന്ന ഒരു സാധ്യതകളും നിങ്ങൾക്കില്ല. ഗുരുവന്ദനം, പാദപൂജ തുടങ്ങിയ കോമഡി ഉത്സവങ്ങൾ വിദ്യാലയങ്ങളിൽ നടത്തി നിങ്ങൾ സ്വയം കോമാളികളാവരുത്. ഇന്ന് നിങ്ങളുടെ പാദം കഴുകി തുടച്ച് പൂജിക്കുന്ന വിദ്യാർത്ഥി, നാളെ ചിന്താശേഷിയുള്ള , ശാസ്ത്രീയ മനോബലമുള്ള ഒരു പൗരനായി മാറുമ്പോൾ കുറഞ്ഞ പക്ഷം അവൻ / അവൾ മനസ്സിലെങ്കിലും ഇതൊക്കെ ഓർത്ത് നിങ്ങളെ പുച്ഛിക്കും. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോ. സർവ്വേ പ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിന മണല്ലോ നമ്മൾ അധ്യാപക ദിനമായി ആചരിക്കുന്നത്. അതിന്റെ കാരണം രാധാകൃഷ്ണൻ അധ്യാപക വൃത്തിയിൽ നിന്നും രാജ്യത്തെ പരമോന്നത പദവിയായ രാഷ്ട്രപതി സ്ഥാനത്തേക്കുയർന്നു എന്നതാണല്ലോ. എന്നാൽ ഞാൻ പറയും അത് വളർച്ചയല്ല താഴ്ചയാണ് എന്ന്. ഓഷോ തന്റെ പ്രശസ്തമായ ‘സരതുഷ്ട്രൻ ‘ എന്ന പുസ്തകത്തിൽ പറയുന്നുണ്ട് ” അധ്യാപക വൃത്തിയിൽ നിന്നും രാഷ്ട്രപതി ആയതിന്റെ പേരിലല്ല, രാഷ്ട്രപതി ആയിരിക്കുമ്പോൾ ആ പദവി ഉപേക്ഷിച്ച് അധ്യാപകനാവുക’ എന്നതാണ് പ്രധാനം എന്നത് .അങ്ങനെയൊരാളുടെ പേരിലായിരിക്കണം അധ്യാപക ദിനം ആചരിക്കേണ്ടത്.അല്ലാതെ തന്റെ വിദ്യാർത്ഥിയുടെ ഗവേഷണ പ്രബന്ധം അടിച്ച് മാറ്റി, തന്റെ പേരിൽ പ്രസിദ്ധീകരിച്ച് ഡോക്ടറേറ്റ് വാങ്ങി, അതിന്റെ പേരിൽ കോടതി കയറിയ ഒരാളുടെ പേരിലായിരിക്കരുത് അത്. അല്ലെങ്കിൽ തന്നെ ഇതൊക്കെ ആരോട് പറയാൻ?നമ്മുടെ കായിക രംഗത്തെ പരമോന്നത പുരസ്കാരങ്ങളിലൊന്ന് നൽകുന്നത് തന്നെ;ശിഷ്യൻ മികച്ചവനാകാതിരിക്കാൻ അവന്റെ പെരുവിരൽ തന്നെ ഗുരുദക്ഷിണയായി വാങ്ങിയ ആളുടെ പേരിലാണല്ലോ.

By ivayana