സ്വന്തമായി അധികമൊന്നുമില്ല.
ഉദിക്കുന്ന സൂര്യനും
പാടുന്ന പുള്ളും അയൽനാട്ടിലാണ്‌.
എന്നിട്ടുമെന്നും
മുറ്റത്ത് വെളിച്ചമെത്തി.
അന്തിയിലിരുട്ടും കുയിലിന്റെ പാട്ടും
അതിരുംകടന്നെത്തി.

ഉച്ചവെയിലും
മഞ്ഞും മഴയും
അതിര് കണ്ട് മടങ്ങിയില്ല.
മതിയാകുവോളം പെയ്തു.

അതിരുകടന്നു പോകുന്ന, വരുന്ന
ഒരു പാതയുണ്ടരികിൽ.
ആദ്യത്തെ, അവസാനത്തെ വീട്
സാക്ഷിയാണ്, അടയാളവുമാണ്.

യാത്രക്കാരാണെല്ലാരും,
അങ്ങോട്ടുമിങ്ങോട്ടും.

ചിലര്‍ മെല്ലെയാണ് പോയത്.
ചിലര്‍ നിന്നും കണ്ടും ചെന്നു.
ചിലരകലെയെത്തി തിരിഞ്ഞുനോക്കി.

വെയിലേറ്റ് തളര്‍ന്നവര്‍
അതിരിലെ വീട്ടിലെത്തി
മുറ്റത്തിരുന്നു, വെള്ളം കുടിച്ചു.
വൈകിയെത്തിയവര്‍
കോലായില്‍ അന്തിയുറങ്ങി.

എന്നിട്ടുമെല്ലാരും
ഇന്നലെ വരെ
മുന്നോട്ട് തന്നെ പോയി.

ഇന്ന്
അതിരടച്ചു.
അതിരോളമെത്തിയോര്‍
അന്തംവിട്ടു.
അതിരുകടന്നുപോയ വഴി
മുറിഞ്ഞ് രണ്ട് വഴികളായി.
ഒന്ന് കിഴക്കോട്ടും
വേറൊന്ന് പടിഞ്ഞാട്ടും.

അരികില്‍ വീടില്ലാത്ത
വഴികളുമുണ്ട് പോലും.
അവ പലവട്ടം
അതിരു കടന്ന് പോയിപോലും.

നാട്ടിലാകെ ദീനം വന്ന നാള്‍
അതിരിനിരുപുറവും കാവലായി.
അതിരുവരെ വന്നവരെല്ലാം
പിന്നോട്ട് തിരിച്ചുപോയി.

അങ്ങനെ,
അതിരിലെ വീട്
നിരോധിതമേഖലയായി.
ആര്‍ക്കും വേണ്ടാത്തതായി.

എന്നിട്ടുമുച്ചവെയില്‍
കാവല്‍ കണ്ട് മടങ്ങിയില്ല.
അതങ്ങനെ മുറ്റത്ത്
മതിയാകുവോളം പെയ്തു.

By ivayana