കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്കാണ് യാത്ര. സമയം രാത്രി രണ്ടു മണി കഴിഞ്ഞിട്ടുണ്ട്. നേരിയ നിലാവുണ്ടായിരുന്നു. റോഡൊക്കെ വിജനമായിക്കിടക്കുന്നതു കൊണ്ട് നല്ല സ്പീഡിലാണ് ഡ്രൈവ്. പുതിയതായി വാങ്ങിയ കാറ് ഓടിക്കുന്ന ത്രില്ല് വേറെയും. ഏതോ ഒരങ്ങാടിയുടെ വെളിച്ചം കഴിഞ്ഞ് ഒഴിഞ്ഞ റോഡിൽ കാറ് പറപറക്കുകയാണ്. ഒരു കലുങ്കിന്റെ അടുത്തെത്തിയപ്പോൾ പെട്ടെന്ന് ഒരു വൃദ്ധൻ കാറിനു മുന്നിലേക്കിറങ്ങി കൈകാണിച്ചു. ആ നേരത്ത് അങ്ങനെ ഒരാൾ മുന്നിലേക്ക് വരുന്നത് പ്രതീക്ഷിക്കില്ലല്ലോ. ഞാൻ പെട്ടെന്ന് വണ്ടി ഇടത്തോട്ടു വെട്ടിച്ചു. റോഡിൽ നിന്നും പുറത്തേക്കിറങ്ങാതിരിക്കാൻ വീണ്ടും വലത്തോട്ടു വെട്ടിച്ചു ബ്രേക്കിട്ടു. വണ്ടി ആടിയുലഞ്ഞ് കുറച്ച് മുന്നിൽ പോയാണ് നിന്നത്. രാത്രിയായതുകൊണ്ട് ബ്രേക്കിട്ട ശബ്ദം ദൂരെയൊക്കെ കേട്ടുകാണും. കാറിൽ നിന്നിറങ്ങി. ഭാഗ്യത്തിന് അയാൾക്കൊന്നും പറ്റിയില്ല. മനസ്സിലെ ദേഷ്യം പറയാനൊരുങ്ങിയപ്പോഴാണ് അയാൾ കലുങ്കിന്റെ അടുത്തേക്കു നോക്കുന്നത് ശ്രദ്ധിച്ചത്. ഒരു പെൺകുട്ടി ക്ഷീണിച്ചുകിടക്കുന്നു. വേദന കടിച്ചുപിടിക്കുന്നതിന്റെ ഞരക്കം കേൾക്കാം.”കുട്ടിക്ക് പള്ളേല്ണ്ട്. വേദന തൊടങ്ങീന്നാ തോന്നണത്. ആസ്പത്രീല് കൊണ്ടോവാൻ സഹായിക്കണം. ങ്ങളെ പടച്ചോൻ തൊണയ്ക്കും” – ആ വൃദ്ധൻ കിതപ്പിനിടയിൽ പറഞ്ഞൊപ്പിക്കാൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു. മനസ്സിലെ ദേഷ്യമൊക്കെ അലിഞ്ഞില്ലാതായി. അവരെയും കയറ്റി ആശുപത്രിയിലേക്ക് കാറോടിച്ചു. പറപ്പിച്ചു എന്ന് പറയുന്നതാവും ശരി. ആ കുട്ടിയുടെ കരച്ചിൽ കേട്ടുനിൽക്കാൻ കഴിയില്ലായിരുന്നു. വൃദ്ധന് എഴുപതിലേറെ വയസ്സുണ്ടാവും. പെൺകുട്ടിക്ക് ഇരുപതിനടുത്തും. സംസാരത്തിനിടയിൽ അതയാളുടെ പേരകുട്ടിയാണെന്നു മനസ്സിലായി. മഞ്ചേരി സർക്കാർ ആശുപത്രിയുടെ വരാന്തയോട് ചേർത്ത് വണ്ടി ബ്രേക്കിടുന്ന ശബ്ദം കേട്ട് കാഷ്വാൽറ്റിയിൽ നിന്നും നാലഞ്ചുപേർ ഓടിവന്നു. ആ വൃദ്ധൻ എന്തോ പറഞ്ഞതു കേട്ട് അവർ കുട്ടിയെ പുറത്തിറക്കി അകത്തേക്കു കൊണ്ടുപോയി. ആ അരണ്ട വെളിച്ചത്തിലും തിരക്കിലും എന്നെയാരും ശ്രദ്ധിച്ചിരുന്നില്ല. ഞാൻ വണ്ടി തിരിക്കുന്നതിനിടെ അദ്ദേഹം എന്റെയടുത്തേക്കു വന്നു.”വെല്യ ഉപകാരായി. പടച്ചോന്റെ കൃപ. ന്താ പേര്?””മമ്മൂട്ടീന്നാ”പേര് പറഞ്ഞിട്ടും അയാളെന്നെ തിരിച്ചറിഞ്ഞില്ല. എവിടെയോ കണ്ട് പരിചയമുള്ള മുഖമാണെന്നുപോലും അയാൾക്കു തോന്നിയില്ല.”ന്താ പരിപാടി?” ഞാൻ ചോദിച്ചു.”ചൊമടാ. മോളെ കുട്ട്യാണ്. ബാപ്പല്ല” അയാൾ മുണ്ടിന്റെ കോന്തലയിൽ നിന്ന് എടുത്തൊരു കടലാസ്സ് എനിക്കു തന്നു.”ഒരു സന്തോഷാന്ന് കരുത്യാ മതി” – അത് പറഞ്ഞ് പെട്ടന്ന് അകത്തേക്ക് പോയി.ചുക്കിച്ചുളുങ്ങിയൊരു രണ്ടു രൂപയായിരുന്നു അത്. എന്തിനു തന്നുവെന്ന് എനിക്കിപ്പോഴുമറിയില്ല. ഒരുപക്ഷെ രണ്ടുപേരുടെ ബസ്സ്കൂലിയായിരിക്കണം.കൂലിയുടെ വില നോട്ടിൽ മാത്രമല്ല, അതു കൊടുക്കുന്നവരുടെ മനസ്സിന്റെ തെളിച്ചത്തിൽ കൂടിയാണെന്നു പഠിപ്പിച്ച ആ മനുഷ്യനെയും രണ്ടുരൂപയും ഞാനിന്നുമോർക്കാറുണ്ട്.! വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും സന്യാസി തുല്യനായ ഈ മനുഷ്യനെ കല്ലെറിഞ്ഞു കൊല്ലാം എന്നൊന്നും ആരും വ്യമോഹിക്കണ്ട. ഓണ്‍ലൈന്‍ ഫെമിനിസ്റ്റ് ഫാൻസ് വിശറികൾ മൂടുതാങ്ങികള്‍ മമ്മൂട്ടിയെപ്പോലെ, അല്ലെങ്കില്‍ ലാലിനെപ്പോലെയുള്ള ഒരു കലാകാരന് മാര്‍ക്കിടാനും വധശിക്ഷ വിധിക്കാനുമൊക്കെ ഇനിയും ജനിക്കണം; പലവട്ടം. ഈ പുരുഷായുസ്സിലെ വയസ്സ് റിവേഴ്സ് ഗിയറിലും… മനുഷ്യത്വമാർന്ന നിലപാടുകൾ ടോപ് ഗിയറിലുമായി… ഇനിയുമൊരു നൂറ്റാണ്ടുകാലം ദീർഘായുസ്സായിരിക്കട്ടെ മമ്മൂക്ക… പുതിയ കാലത്ത് സാമൂഹിക നന്മകളുടെയും, “ഇടതുകൈ അറിയാതെ വലതുകൈ”കൊണ്ട് സഹായിക്കുന്നതിലും മമ്മൂക്ക ഹിമാലയങ്ങളോളം ഉയരമുള്ള മാതൃകയാണ് എന്നത് വസ്തുതയാണ്. അതുകൊണ്ടാണ് നമ്മുടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ദന്തഗോപുരങ്ങളില്‍ അഭിരമിക്കുന്ന”താരമല്ല” മമ്മൂട്ടി എന്ന് പറഞ്ഞത്.!എന്നെ സംബന്ധിച്ച് മുറി നിറയെ മമ്മൂട്ടിചിത്രങ്ങള്‍ വെട്ടിയൊട്ടിച്ചിരുന്ന കൌമാരകാലത്തെ ആരാധനയോക്കെ എങ്ങോ പൊയ്പ്പോയി ..! ഞാനുറങ്ങുന്ന വീടിന്‍റെ മുറികളിലൊന്നില്‍ മമ്മൂട്ടിയുടെ പടങ്ങള്‍ ഒട്ടിച്ചുനിറച്ച കൌമാര കാലത്ത്, ചിരട്ടത്തവി കൊണ്ട് ഉമ്മയില്‍ നിന്നു കിട്ടിയ അസംഖ്യം അടികളൊക്കെയാണ് ഓര്‍മ്മയില്‍ ഇന്നും ബാക്കിയുള്ളത്. പോയിപ്പോയി “ആരാധന” എന്ന വാക്കു പോലും അരാഷ്ട്രീയമാണ് എന്നൊക്കെ വിശ്വസിക്കുന്ന നിലയിലേക്ക് ഞാന്‍ എന്‍റെ ബോധ്യങ്ങളെയെത്തിച്ചു. ഇതൊക്കെ നിലനില്‍ക്കുമ്പോഴും, സ്ക്രീനിലും, ടീവിയിലും, മാഗസിനിലും, നഗരത്തിലെ പരസ്യ ബോര്‍ഡിലും, വേദിയിലും, കൊച്ചിയിലെ പാഞ്ഞുപോകുന്ന കാറിലും …എവിടെക്കണ്ടാലും മമ്മൂട്ടിയെ കൊതിയോടെ ഒന്ന് നോക്കാതിരിക്കാറില്ല..!അതെ, എന്നെ ഭ്രമിപ്പിച്ച, അസൂയയുണ്ടാക്കിയ പ്രപഞ്ചത്തിലെ ഒരേയൊരു പൗരുഷം, ശബ്ദം, ശരീര ഭാഷ … മമ്മൂട്ടി മാത്രമാണ് … മമ്മൂട്ടി മാത്രം .. !! അഭിനയത്തികവിന്റെയും, സാമൂഹ്യ നന്മകളുടെയും വീരേതിഹാസമായി ഇനിയുമൊരു നൂറ്റാണ്ട് “കളരി വിളക്ക് തെളിഞ്ഞപോലെ, കുന്നത്ത് സൂര്യനുദിച്ച പോലെ…” അങ്ങ് അനശ്വരനാവട്ടെ…! ഹൃദയോഷ്‌മളമായ ജന്മദിനാശംസകൾ നടനപൗരുഷ വിസ്മയമേ..!