ഞാൻ പോകുവാ ഉമ്മാ…. ഇനി ശല്യം ചെയ്യാൻ വരില്ല. എന്നെ ഇങ്ങോട്ടു വന്നു സ്നേഹിച്ചു കൊണ്ട് നടന്നതല്ലേ?ആവിശ്യമുള്ള സമയത്തൊക്കെ എന്നെ ഉപോയോഗിച്ചിട്ട്… ഇപ്പൊ വേണ്ടാന്ന് പറഞ്ഞാ, ഞാൻ എന്ത് ചെയ്യണം… ശരീരവും മനസ്സും ഒരാൾക്ക് നൽകിയിട്ട് എനിക്കിനി വേറൊരുത്തന്റെ കൂടെ ജീവിക്കാൻ കഴിയില്ല.”ഇത് ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ ജീവിക്കാൻ കഴിയാതെ..
സ്നേഹിച്ചവൻ തന്നെ ചൂഷണം ചെയ്യുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോ മരണം തിരഞ്ഞെടുത്ത ഒരു പെൺകുട്ടിയുടെ മരണകുറിപ്പാണത്രെ.. ഒരാണിന്റെ തുണയെ അടിസ്ഥാനമാക്കിയോ, വെറും കല്യാണ പ്രോഡക്റ്റ് ആയോ ആണ് നമ്മൾ നമ്മുടെ പെൺകുട്ടികളെ വളർത്തുന്നത്.. സ്നേഹിച്ചിരുന്നു എന്നു നടിച്ച ഒരു പുരുഷൻ ഉപേക്ഷിച്ചു പോയാൽ നിങ്ങൾക്കെന്തു സംഭവിക്കാനാണ് എന്റെ പെൺകുട്ടികളെ..
അയാളുമായി ഇണ ചേർന്നപ്പോൾ അയാൾക്ക് നഷ്ടപ്പെടാത്ത യാതൊന്നാണ് നിങ്ങളുടെ ഉടലിൽ നിന്നും നഷ്ടമായി പോയത് എന്നാണ്. ആണുടലിൽ ദൈവം തുന്നി ചേർക്കാത്ത എന്ത് ദിവ്യത്വം നിങ്ങളുടെ ഉടലിൽ ഉണ്ടെന്നാണ്… നോക്കൂ ജീവനേക്കാൾ വിലയുള്ള ഒരു ദിവ്യവസ്‌തുവും നമ്മുടെ പെൺകുട്ടികളുടെ മാത്രം ഉടലിൽ ഇല്ലെന്നു ഇനിയെങ്കിലും മനസിലാക്കൂ. എന്റെ പെൺകുട്ടികളുടെ അമ്മമാരേ നിങ്ങളവരെ ഇതൊന്നു പറഞ്ഞു പഠിപ്പിക്കൂ.. മുള്ളും, ഇലയും ഒന്നുമല്ല..തലച്ചോറും ചിന്താശേഷിയുമുള്ള ഒരു പെൺകുട്ടി.
ഒരു പുരുഷന്റെ പ്രണയത്തിലല്ല അവളുടെ നിലനിൽപ്പ്.. ഒരാണിനെ വിവാഹം കഴിക്കുക എന്നതല്ല അവളുടെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം എന്നൊക്കെ പെൺകുട്ടികളേ പഠിപ്പിക്കൂ എന്റെ പെൺകുട്ടികളുടെ അമ്മമാരേ, അച്ചന്മാരേ.. . തുടയിടുക്കിലെ അരക്കഴഞ്ച് മാംസത്തിലല്ല അവളുടെ സ്വത്വമെന്നു ബോധ്യപ്പെടുത്തി വളർത്തൂ..
റേപ്പ് ചെയ്യപ്പെട്ട, ലൈംഗികമായി ആക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നേരേ ഉണ്ടാകുന്നത് ഒരാക്രമണം മാത്രമാണ്. ശരീരത്തിന്റെ വേറെ ഏത് അവയവത്തിനും മുറിവേൽക്കുന്ന പോലെ തന്നെ.. ഇതും… പട്ടി കടിച്ചാൽ കടിച്ച പട്ടിയെ കല്ലെറിഞ്ഞു കൊല്ലിക്കാൻ ഉള്ള മനസികബലം നമ്മുടെ പെൺകുട്ടികൾക്ക് നൽകുക.
ഏതൊരു ആക്രമണത്തിന് ശേഷവും, മുറിവുണങ്ങുന്നിടത്ത്.. നമ്മൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത് പോലെ ഇവിടെയും സംഭവിക്കണം. ഡെറ്റോളോഴിച്ചു കഴുകിയാൽ വെടിപ്പാവുന്ന അശുദ്ധിയെ ഇണ ചേരലിനു ശേഷം ആണിനെന്ന പോലെ പെണ്ണിന്റെ ഉടലിനും സംഭവിക്കുന്നുള്ളു എന്നു എന്റെ പ്രിയപ്പെട്ട കഥാകാരിയുടെ വാക്കുകൾ കടമെടുക്കുന്നു.. അരകെട്ടിലല്ല പെണ്ണിന്റെ അന്തസ്സ്..
അതവളുടെ തലച്ചോറിലും ചിന്തയിലും.. പ്രവൃത്തിയിലുമാണ്.. എന്നു നമ്മുടെ പെൺകുട്ടികളോട് പറഞ്ഞു വളർത്തൂ .. പ്രണയനഷ്ടം നിങ്ങളെ മാനസിക സംഘർഷത്തിൽ എത്തിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ നിർബന്ധിത ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെങ്കിൽ നിയമത്തിന്റെ സഹായം തേടാൻ അവളെ ഉപദേശിക്കൂ.. അതുമല്ലെങ്കിൽ പ്രേമിച്ച് ഒരാൾ ഒരു പെൺകുട്ടിയെ മാനസികമായി തളർത്തി കളഞ്ഞുവെങ്കിൽ നാലാള് കൂടുന്നിടത്ത് തടഞ്ഞു നിർത്തി അവളെ ചൂഷണം ചെയ്തവന്റെ കയ്യും കാലും തല്ലിയൊടിക്കാനുള്ള മാനസിക ബലം നൽകൂ .
ആർജ്ജിക്കൂ.. അതൊക്കെ എന്ത് മാസ്സാണ്.. പ്രണയനഷ്ടം കൊണ്ടൊന്നും ആത്മഹത്യ ചെയ്യല്ലേ എന്റെ പ്രിയപ്പെട്ട പെൺകുട്ടികളെ.. പകരം വെക്കാൻ പറ്റാത്ത അമൂല്യ പ്രണയമൊന്നുമല്ലല്ലോ.. നഷ്ടമായത്.. നിങ്ങളുടെ പ്രേമം അർഹിക്കാത്ത ഒരു ഊളപുരുഷജീവിയുടെ പ്രണയമല്ലേ.. അവനിട്ടു രണ്ടെണ്ണം പൊട്ടിച്ചു കൊലമാസ്സ് പെൺകുട്ടിയാവ്.
ഈ ഭൂമി മുഴുവൻ എന്തോരം മനുഷ്യരുണ്ടെന്നോ പ്രണയിക്കപ്പെടാൻ ആഗ്രഹിക്കുന്നവർ.. നിങ്ങളുടെ പ്രണയത്തെ ഭൂമിയിൽ ഏറ്റവും അമൂല്യമായി കാണുന്നവൻ.. അവനെ കണ്ടു മുട്ടും വരെ അന്വേഷിക്കെന്നേ.. അരക്കെട്ടിലെ അരയിഞ്ചിലാണ് പെണ്ണത്തമെന്നു കരുതാതെ ഒന്ന് ജീവിക്കെന്റെ പെൺകുട്ടികളെ നിങ്ങൾ.. ജീവിതത്തോളം മനോഹരമായ… മൂല്യമുള്ള..മറ്റെന്തുണ്ട്.
ജീവന് പകരമോ ജീവിതത്തിനു പകരമോ വെക്കാനുമുള്ള പ്രണയമൊന്നും ഈ ഭൂമിയിലൊരിടത്തുമില്ല.. ജീവിതത്തോളം മനോഹരമായ ഒരു നഷ്ടവും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാനില്ല… പകരം വെക്കാൻ മറ്റൊന്നില്ലാത്തത് ഈ ജീവിതം മാത്രമാണ്… ജീവിക്കൂ എന്റെ പെൺകുട്ടികളേ…..
സ്മിതസൈലേഷ്