പഴയതുപോലെ പെമ്പിള്ളാരൊന്നും ശ്രദ്ധിക്കുന്നില്ല.വൈ..?രമേശൻ കുനിഞ്ഞു നോക്കി…!യെസ്. വയറ് ചാടി ചിരിച്ചു മറിഞ്ഞ് നില്ക്കുന്നു. ഉവ്വ.. അതു തന്നെ കാരണം.വയർ ..ഇവൻ പണ്ട് ശുദ്ധഗതിക്കാരനായിരുന്നു.കഴിക്കാനൊന്നുമില്ലാതെ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ കാലത്ത് തൻ്റെ അടിമയായി ,അയ്യോ ഞാനൊരു പാവമാണേ എന്നെ കൊല്ലല്ലേ എന്ന മട്ടിൽ ഒതുങ്ങി പമ്മി നിന്നവനാണ് .
ഇപ്പോ ഇത്തിരി ആഹാരം കിട്ടിത്തുങ്ങിയപ്പോ അഹങ്കാരം. തന്നെക്കാൾ വലുതാണെന്ന് പറഞ്ഞാണ് ഇപ്പോ ഇവൻ്റെ ചാട്ടം..! അഹങ്കാരി! ചാടി ചാടി ഇവനെങ്ങോട്ടാണ് പോണത് ?! ആലോചിച്ചിട്ട് രമേശന് ഒരെത്തും പിടിയും കിട്ടിയില്ല.
പണ്ടൊക്കെ രമേശൻ നടന്നു പോകുമ്പോൾ വീടുകളുടെ മുന്നിൽ നിൽപ്പുറപ്പിച്ച പെമ്പിള്ളാർ കണ്ണെറിയുമായിരുന്നു. ഈ നശിച്ച വയർ വന്നതിൽ പിന്നെ ഇപ്പോ അവർ കല്ലാണ് എറിയുന്നത്…! ആരാണീ വയർ കണ്ടു പിടിച്ചത്. ഫൂൾസ്.ഇതിനെയങ്ങ് ഡിലീറ്റ് ചെയ്ത് കളയാൻ പറ്റ്വോ.. ഇല്ലാലേ..വയറിനെ മര്യാദ പഠിപ്പിക്കാനും അവനെയൊന്ന് ഒതുക്കാനും രമേശനൊരു പാട് മോഹിച്ചു.
ഒതുങ്ങിയവയർ … തൻ്റെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നവയർ… അവനായിരുന്നു ടോട്ടലി ഹിസ് സ്വപ്നംസ്.. പക്ഷേ അതൊക്കെ സ്വപ്നങ്ങളായിത്തന്നെ അവശേഷിച്ചു.ഒടുവിൽ രമേശൻ മണ്ടൻ കുന്നിലെ അറിയപ്പെടുന്ന ഹോമിയോവിദഗ്ദനായ സരസൻ്റ സഹായം തേടി.രമേശനവനെ വിശ്വാസമാണ്. അവൻ തന്ന ഗുളിക കഴിച്ചതുകൊണ്ടാണല്ലോ തന്നെ ഇതു വരെ കോവിഡ് ചാടി പിടിച്ച് കടിച്ചുകീറാത്തത്.
ഭൂലോക ഭീകരനായ കോവിഡിനെ തറപറ്റിച്ചവന് മുന്നിൽ ഈ വയർ വെറുമൊരു കുഞ്ഞനുറുമ്പ്, അവന് ചവിട്ടി തേയ്ക്കാനുള്ളതേ ഉള്ളൂ.രമേശൻ സരസനോട് അപകർഷതാബോധത്തോടെ പറഞ്ഞു: അളിയാ വയറൊന്ന് കുറക്കണം ..അപ്പോ അവൻ പറയുകയാണ്:എൻ്റെ അളിയാ എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല . ഇത് ചത്താലേ കൊറയൂ.. അതു പറഞ്ഞ് അവനും അവൻ്റെ അംബ്രല്ലാവയറും രമേശനെ നോക്കി പൊട്ടിച്ചിരിച്ചു.നിൻ്റെ വയറല്ല.. എൻ്റെ…! രമേശൻ സ്വന്തം വയറിനെ അവൻ്റെ മുന്നിലേക്ക് നീക്കി നിർത്തി.
വല്ല ഗുളികയും തിന്നാൽ വയറ് കുറയുമോ? പ്രതീക്ഷയോടെ രമേശൻ ആരാഞ്ഞു.ഒരു രക്ഷേല്ല അളിയാ.. ഗുളിക കഴിച്ചാ കൊറയണ വയറ് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല…!എന്തെങ്കിലുമൊരു പ്രതിവിധി? രമേശൻ കരയും പോലായി.നടക്കണം.. രാവിലെ. നടന്നാൽ കുറയും..അവൻ മരുന്ന് കുറിച്ചു.വല്ലതും നടക്വോ…? നടക്കും.. അവൻ ഉറപ്പിച്ചു പറഞ്ഞു.അന്ന് രാത്രി ഏതാണ്ടൊക്കെ ഉറപ്പിച്ച് രമേശൻ ഉറങ്ങാൻ കിടന്നു. സ്വപ്നത്തിൽ മുഴുവൻ രമേശൻ കിടന്ന് ഓടുകയായിരുന്നു. പിറകെ ഒരു പറ്റം പെമ്പിള്ളാർ.
സ്വപ്നത്തിൽ തൻ്റെ വയർ തന്നെ വിട്ട് ആകാശത്തേക്ക് പറക്കുന്നു. അത് കണ്ട് പെമ്പിള്ളാർ ചിരിക്കുന്നു. താനും ചിരിക്കുന്നു. ഹ.ഹ.ഹ..! ഭാര്യ ഒരടി കൊടുത്തപ്പോൾ രമേശൻ്റെ ചിരി നിന്നു.പെമ്പിള്ളാർ ചിരിച്ചു കൊണ്ടേയിരുന്നു .പെമ്പിള്ളാർക്ക് ഭാര്യയില്ലല്ലോ!പിറ്റെന്ന് അതിരാവിലെ രമേശൻ നടക്കാനിറങ്ങി.ഒരു അണ്ടർവെയറും ബനിയനുമായിരുന്നു ശരീര സൗന്ദര്യ പരിചകൾ .ഇരുട്ടത്ത് ആരെന്ത് കാണാനാ. റോഡിലൂടെ അതിവേഗം നടന്നു.രമേശൻ നോക്കിയപ്പോൾ വയർ തന്നേക്കാൾ വേഗത്തിൽപ്പോകുന്നു. നാശം! എവിടെ പോയാലും കൂടെയുണ്ടല്ലോ നാണം കെടുത്താനായിട്ട്!ഡേയ്.. അളിയാ..ഒരു വിളി.
തിരിഞ്ഞു നോക്കിയപ്പോ ഹോമിയോ സരസൻ.ഞാനും ഉണ്ട് നടക്കാൻ.. അവൻ പറഞ്ഞു.അവൻ്റെ കൈയിൽ ഒരു പ്ലാസ്റ്റിക് കവറുണ്ടായിരുന്നു. ചിലപ്പോൾ നടന്ന് ക്ഷീണിക്കുമ്പോ കുടിക്കാനുള്ള ജ്യൂസായിരിക്കും.നീ സ്ഥിരം നടക്ക്വോ..? രമേശൻ ചോദിച്ചു.ഇല്ല.. ഇന്നാദ്യമായിട്ടാ.. ഇന്നലത്തെ നിൻ്റെ ചോദ്യമാണ് എന്നെ ഉണർത്തിയത്.പിന്നെ ഞാനുറങ്ങിയിട്ടില്ല. സരസൻ കൈ വീശി നടക്കുന്നതിനിടയിൽ പറഞ്ഞു. കൈ ആഞ്ഞ് വീശ് .. സരസൻ ആജ്ഞാപിച്ചു.ഓരോ വീശലിലും ഓരോ കലോറി കുറയണം ..കൊറഞ്ഞ് കൊറഞ്ഞ് അവസാനം വയറുൾപ്പടെ നമുക്കീ ലോകത്ത് നിന്ന് അപ്രത്യക്ഷമാകണം ..
എന്ന് മൊഴിഞ്ഞ് രമേശൻ അവന് പിന്നാലെ ആഞ്ഞ് വലിച്ചു നടന്നു.അവർ നടക്കുമ്പോൾ അവരുടെ വയറുകൾ തുള്ളിക്കളിച്ചു നൃത്തമാടി. വയറുകൾ അങ്ങോട്ടുമിങ്ങോട്ടും ഓരോന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ചു..നാശങ്ങൾക്കിത് പ്ലഷർ ട്രിപ്പ് .ഞങ്ങൾക്കോ ഇതൊരു പ്രഷർ ട്രിപ്പ് .അറിയുന്നുണ്ടോ അലവലാതികളേ!ചുമ്മാ അങ്ങനെ കാഴ്ചകൾ കണ്ട് രസിച്ച് വരികയാണ് ഈ വയറുകൾ.
നിന്നെയൊക്കെ ഈ ഭൂമിയിൽ നിന്ന് തന്നെ ഓടിക്കാനാണെടാ ഞങ്ങളുടെ ഈ യാത്ര.കേട്ടോ വയറുകളേ! രമേശൻ പല്ലുകടിച്ചു.ബൗ…..പെട്ടെന്ന് ഒരു കുര കേട്ടു .പിന്നാലെ അതേ ശബ്ദത്തിൽ യ്യോ.. പട്ടി.. പട്ടി എന്ന ഒരാർത്തനാദവും.എവിടന്നതാണാ ആർത്തനാദം. ആരാണാ ആർത്തനാദ വിദഗ്ദൻ? രമേശൻ ചുറ്റും നോക്കി.ഒടുവിൽകണ്ടു പിടിച്ചു, ഹോമിയോ സരസനാണത്.അളിയാ പട്ടി.. സരസൻ അലർച്ച തുടരുകയാണ്.ശരിയാണ്.ഒരു പട്ടി തങ്ങൾക്ക് നേരെ ഓടി വരുന്നു.എന്താണാവോ പഹയൻ്റെ ഉദ്ദേശം?സരസോ ഓടിക്കോ.. എന്നലറിയിട്ട് രമേശൻ തൻ്റെ പാട് നോക്കി ഓടി.പിന്നാലെ സരസനും.
പട്ടി പിൻമാറുന്നില്ല. പിന്നാലെയുണ്ട്. അവർ അത്രക്കാണം വിട്ട് ഓടി. ഓട്ടത്തിൻ്റെ ശക്തിയിൽ താഴെ വീണുപോകുമോ എന്ന ഭയത്താൽ അവരുടെ വയറുകൾ ഓടല്ലേ ഓടല്ലേഎന്ന് കരഞ്ഞു നിലവിളിച്ചു.ബൗ.. ബൗ…പട്ടിയും വേഗത കൂട്ടിയിട്ടുണ്ട്. എന്തിനാണീ ശവം പിന്നാലെ ഓടുന്നത്.കൊല്ലാനാണ് ഉദ്ദേശമെങ്കില് ഓടാനാണ് തീരുമാനം.. അരക്കിലോമീറ്റർ ഓടിയപ്പോൾ അവർ തകർന്നു.
സരസൻ ശ്വാസം വലിക്കുന്ന ഒച്ച അടുത്ത പഞ്ചായത്തില് കേല്ക്കാം. രമേശൻ്റെ ശ്വാസകോശം വായിലൂടെ പുറത്തേക്ക് വന്നു പുറത്തേക്ക് നോക്കി പ്രകൃതി ഭംഗി ആസ്വദിച്ചു. സരസൻ്റ ശരീരത്തിൽ കുടിയേറി ഒളിച്ചു പാർത്തിരുന്ന ‘എയർ ‘ നവദ്വാരങ്ങളിലൂടെ വലിയ ശബ്ദത്തോടെ പുറത്തേക്ക് പൊയ്ക്കൊണ്ടിരുന്നു.ഇനി ഓടിയാൽ ഞാൻ ചത്തുപോകും.. സരസൻ കരഞ്ഞ് നിലവിളിച്ചു.
അന്തം വിട്ട് ഓടുന്നതിനിടയിലും പ്ലാസ്റ്റിക് കവർ സരസൻ്റെ കയ്യിൽ ഭദ്രമായുണ്ട്.ആ കവറിൽ എക്സർസൈസിന് ശേഷം കുടിക്കാൻ കൊണ്ട് വന്ന എനർജി ഡ്രിങ്കായിരിക്കും. അത് കളയണ്ട അവൻ്റെ കയ്യിലിരിക്കട്ടെ പട്ടി പോയിട്ട് കുടിക്കാം. രമേശൻ വിചാരിച്ചു.ബൗ… ബൗ… പട്ടി കിതപ്പോടെ അലറിക്കുരക്കുകയാണ്.നിക്കടാ പന്നികളേ.. എന്നാണ് പട്ടി പറയുന്നതെന്ന് തോന്നുന്നു.പാവം അതും ഓടി ക്ഷീണിച്ചു കാണും..നിനക്ക് കടിച്ച് കീറാൻ ഇപ്പം തന്നെ നിന്നു തരാടാ ശുനകസുതാ .. രമേശൻ കാർക്കിച്ച് തുപ്പി.കേറടാ .. സരസൻ്റെ അലർച്ചകേട്ട് രമേശൻ തിരിഞ്ഞു നോക്കി.
രമേശൻ പാത്തുമ്മ താത്തയുടെ വീടിൻ്റ മതിലിലേക്ക് വലിഞ്ഞിഴഞ്ഞ് കയറുകയാണ്.പാത്തുമ്മ താത്തയുടെ കെട്ട്യോൻ കണ്ടാ പിന്നെ ഇതു മതി.പട്ടീടെ കടികൊണ്ട് ചാകണ്ടായെങ്കിൽ കേറടാ മഠയാ.. മതിലപ്പുറത്തേക്ക് തലകുത്തി വീഴുന്നതിനിടയിൽ സരസൻ ആജ്ഞാപിച്ചു.പട്ടിയുടെ കടി കൊണ്ട് പേ പിടിച്ച് ചാകുന്നതിനേക്കാൾ നല്ലത് മതില് ചാടുന്നതാണ് നല്ലത് എന്ന് തിരിച്ചറിഞ്ഞ രമേശൻ മതിലിലേക്ക് വലിഞ്ഞിഴഞ്ഞ് കയറി.
മതിലിൽ കയറുന്നതിനിടയിൽ രമേശൻ്റ വയറും മതിലും തമ്മിൽ ചെറിയൊരു കശപിശയുണ്ടായി. മതിലിനോട് കൊമ്പ് കോർത്തവയറിന് നല്ലവണ്ണം കിട്ടി. ഇവൻ്റെ അഹങ്കാരത്തിന് ഇതു തന്നെ വേണം! രമേശന് സംതൃപ്തി തോന്നി. മതിലിനപ്പുറത്തേക്ക് മലർന്നടിച്ചു വീണ രമേശനെ പിടിച്ചെഴുന്നേൽപ്പിച്ച് സരസൻ പറഞ്ഞു: ഇനി പേടിക്കാനില്ല.പട്ടി മതിലിനപ്പുറത്ത് മിഴിങ്ങസിയാ എന്ന് നില്ക്കുകയാണ്. പട്ടിക്ക് മതില് ചാടാനുള്ള കഴിവ് കൊടുക്കാത്ത നന്മയുള്ള ദൈവമേ നിനക്കായിരം നന്ദി.
രമേശൻ ആകാശത്തേക്ക് നോക്കി തൊഴുതു.നോക്കിയപ്പോൾ പട്ടി മുന്നോട്ട് നടക്കുന്നു. തേഞ്ഞു അല്ലേ.. സരസൻ പട്ടിയെ നോക്കി ചിരിച്ചു,എന്നിട്ട് നടുവിരൽ ഉയർത്തി കാട്ടി ആക്ഷേപിച്ചു.നടുവിരലാണല്ലോ ആവശ്യത്തിനും അനാവശ്യത്തിനും ഇപ്പോ പ്രധാന ടൂൽ ആയി ഉപയോഗിക്കുന്നത്.പട്ടി കുറച്ച് മുന്നോട്ട് നടന്നതിന് ശേഷം ഒരു പുഞ്ചിരിയോടെ പിന്നിലേക്ക് നോക്കി. സരസൻ ഉയർത്തി വച്ചിരുന്ന നടുവിരൽ പെട്ടെന്ന് വായിലേക്കിട്ടു.നടുവിരൽ പ്രതിഷേധക്കാർക്ക് ഇത്ര ധൈര്യമേ ഉള്ളൂ!പട്ടി തുറന്ന് കിടക്കുന്ന ഗേറ്റിലൂടെ അകത്തേക്ക് കയറുകയാണ്.രമേശൻ ആ കാഴ്ച കണ്ട് ഞെട്ടി.
സരസനോ തേഞ്ഞൊട്ടി..!ഈശ്വരാ പാത്തുമ്മ താത്തയും കെട്ട്യോനും ഗേറ്റ് തുറന്നിട്ടിട്ടാണോ കിടന്നുറങ്ങുന്നത്?! എന്താണിവരുടെ ഉദ്ദേശം..?ഫക്ക് യൂ എന്ന് പട്ടിയോട് ചുമ്മാ ഒരു രസത്തിന് ആംഗ്യം കാട്ടിയ തന്നെ അതു വിശ്വസിച്ച പട്ടി ഫക്കാൻ വരികയാണെന്ന് കരുതിയ സരസൻ ഒരാർത്ത നാദത്തോടെ മതിലിന്അപ്പുറത്തേക്ക് തിരികെ ചാടി.പട്ടി പാത്തുമ്മ താത്തയുടെ മുറ്റത്തേക്ക് കയറിയതുകണ്ട രമേശനും ബദ്ധപ്പെട്ട് മതിലിനപ്പുറത്തേക്ക് ചാടി.സരസൻ ഓടിപ്പോയി ഗേറ്റങ്ങ് പൂട്ടി. നടുവിരൽ നമസ്കാരകരുടെ ബുദ്ധി.പട്ടി ലോക്ക്ഡ്. സരസൻ സേഫ്ഡ് !
വിയർത്തു കുളിച്ച് ആശ്വാസനിശ്വാസങ്ങളോടെ മുന്നോട്ട് നടക്കുന്നതിനിടയിൽ രമേശൻ സരസനോട് പറഞ്ഞു: സരസൻഡോക്ടർ ആ എനർജി ഡ്രിങ്കിൽ അല്പം എനിക്ക് തരൂ..ഏത് എനർജി ഡ്രിങ്ക്..? സരസൻ വാ പൊളിച്ചു.ഇത് .. സരസൻ്റെ കൈയിലിരിക്കുന്ന കവറിലേക്ക് രമേശൻ കൈ ചൂണ്ടി.അയ്യേ ഇത് എനർജി ഡ്രിങ്കല്ല രമേശ് ..പിന്നെ.?ചിക്കൻ വേസ്റ്റ് .. ഇന്നലത്തെ .. മോണിംഗ് വാക്കിന് വന്നപ്പോൾ എടുത്തതാ..
എവിടേങ്കിലും കളയാൻ.. ഹി ഹി ഹി… സരസൻ വാതുറന്ന് നാക്ക് വെളിയിലിട്ട് ചിരിച്ചു.രമേശന് മനസിലായി: ചുമ്മാതല്ല പട്ടി പിന്നാലെ ഓടിയത്.ചുമ്മാ പട്ടിയെ ചീത്ത വിളിച്ചു. മോണിങ്ങ് വാക്ക് മോണിങ് റൺ ആയതിന് കാരണം ചിക്കൻ വേസ്റ്റും കയ്യിൽ പിടിച്ചോടിയ ഈ നാശം പിടിച്ച സരസനാണ്. വലിയ പഠിത്തക്കാരാണെങ്കിലും വേസ്റ്റ് കളയാനായി വെറുതെ മോണിങ് വാക്കിനിറങ്ങുന്നവരാണ് മലയാളികൾ. പഠിത്തം ഇത്തിരി കൂടിപ്പോയതാണ് ഇവരുടെ പ്രശ്നം. ഒരു പാട് ഡേറ്റ ഇടിച്ചു കേറി അടിച്ചു പോയതലച്ചോറുകളാണ് എങ്ങും.
എന്നാലും ഇത്ര അന്തം വിട്ടോടിയിട്ടും ചിക്കൻ വേസ് റ്റ് കളയാതെ നെഞ്ചോടടുക്കിപ്പിടിച്ച സരസൻ്റ വലിയ മനസ് നമ്മൾ കാണാതെ പോകരുത്. സരസൻ തലയുയർത്തി നില്ക്കുമ്പോൾ, ചിക്കൻ വേസ്റ്റിനെ എനർജി ഡ്രിങ്കായി കരുതിയ രമേശനാണിവിടെ ശശിയായത്.രമേശനിനി ഒന്ന് തല കുനിക്കാം. ശിവൻ മണ്ണയം.