പുഴ ,
വിലപറഞ്ഞ
മലയേയാണ്
ഒറ്റരാത്രികൊണ്ട്,
ഒരുരുൾ
കടത്തികൊണ്ട് പോകുന്നത്
വിള്ളലുകൾ
ഉടലിടങ്ങളിൽ
തൊടുംമ്പോഴാണ്
ഒരുകുന്ന്
അടുത്തുള്ളൊരുവീടിൻ്റെ
മേൽക്കൂരയിലേക്ക് ചാഞ്ഞ്
ആത്മഹത്യ ചെയുന്നത്
രാത്രിയുടെ
അടിയാധാരം
മഴയും കാറ്റും
കൈയ്യാളുമ്പോഴാണ്
മരങ്ങൾ
വേരോടെ പൊങ്ങി
ജീവിതങ്ങൾക്ക് മേൽ
കുടിയേറ്റം നടത്തുന്നത്
കിണറിലും
മണൽഖനനം
അന്വേഷിക്കുമ്പോഴാണ്
ആ ,കിണർ
ആ ,വീടിനേയും
കെട്ടിപ്പിടിച്ച്
ഭൂമിക്കടി തെരയുന്നത്
അനർത്ഥങ്ങളുടെ കവിതയിൽ
ബിംബങ്ങൾ
ഉൽക്കകളാകുമ്പോഴാണ്
വരികൾക്കിടയിൽ നിന്നും
കവിയേയും
കാണാതാവുന്നത്

ജെസ്റ്റിൻ ജെബിൻ

By ivayana