വെയിൽ മങ്ങിത്തുടങ്ങിയ സായാഹ്നത്തിൽ ഞാൻ ഇടവഴികൾ കടന്ന്,കൊ യ്ത പാടങ്ങൾ കടന്ന് വിജനമായ ഗ്രാമപാതയിലൂടെ നടക്കുകയായിരുന്നു. ഗ്രാമ വീഥികൾക്കിരുവശവും തല ഉയർത്തി നിന്നിരുന്ന കൂറ്റൻ നാട്ടുമാവുകൾ അങ്ങിങ്ങായി മുറിച്ചിട്ടിരിക്കുന്നു. നൂറ്റാണ്ടുകൾ തണൽ വിരിച്ച നാട്ടു മാവുകൾ ഗ്രാമം നഗരവൽക്കരിക്കുന്നതിന്റെ ആദ്യ ലക്ഷണമായി കണ്ട് പാവം ഗ്രാമവാസികൾ ഇതിനെ തെറ്റിദ്ധരിച്ചിരിക്കാം പാതക്ക് വലതു വശം വെള്ളരി പാടം ….. മഞ്ഞ വെള്ളരി പൂവുകൾ സായാഹ്ന വെയിലേറ്റ് ചാഞ്ഞുറങ്ങുന്നു. ഗ്രാമ വീഥിക്ക് ഇടതുവശം വരണ്ട പുഴ. പുഴയിൽ അങ്ങിങ്ങായി മാത്രം മണൽ വാരിയ കുഴികളിൽ ചെറുവെള്ള കെട്ടുകൾ .. ആ വെള്ള കെട്ടിൽ മത്സ്യങ്ങൾ ഉണ്ടാകാം ഏതാനും ദിവസങ്ങൾക്ക് ശേഷം ഈ മത്സ്യങ്ങൾ ചത്തൊടുങ്ങും അല്ലെങ്കിൽ നീർകാക്കകൾക്കോ വെള്ള കൊറ്റികൾക്കോ ഭക്ഷണമാകും ഞാൻ ആലോചിക്കുകയായിരുന്നു പുഴയിൽ ഇപ്പോൾ മാനത്തു കണ്ണികളെ കാണാറേയില്ല എന്റെ ചെറുപ്പത്തിൽ ഈ പുഴകളിൽ നിന്ന് തോർത്തു കൊണ്ട് ഞാൻ എത്ര മാത്രം മാനത്തു കണ്ണികളെ പിടിച്ച് ചില്ലുകുപ്പിയിൽ ഇട്ട് കൗതുകത്തോടെ നോക്കിയിരുന്നു. …….’ ഒന്നു പതുക്കെ നടക്കു എനിക്ക് അല്പം സംസാരിക്കാനുണ്ട്’ ‘ അശരീരി പോലെ ഒരു ശബ്ദം കേട്ട് ഞാൻ ഒന്നമ്പരന്നു, ഒന്നു പേടിച്ചു… ഞാൻ അല്ലാതെ മറ്റാരും വഴിയിൽ ഇല്ല “ഓ” എന്റെ തോന്നലാണ് ഞാൻ വീണ്ടും ഓർമ്മയിൽ മുഴുകി നടന്നു..’ ഒന്നു പതുക്കെ നടക്കു എനിക്ക് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞില്ലെ’ ഞാൻ വീണ്ടും പതറി ചുറ്റും നോക്കി ആരും ഇല്ല. എന്റെ മുന്നിൽ നീളത്തിൽ എന്റെ നിഴലുമാത്രം. വീണ്ടു ആ ശബ്ദം ഇത് ഞാനാണ് താങ്കളുടെ നിഴൽ. എനിക്ക് ചിലത് പറയാൻ ഉണ്ട്. ദു:ഖം ഘനീഭവിച ശബ്ദത്തിൽ എന്റെ നിഴൽ പറഞ്ഞു. ദയവായി ഒന്നു നില്ക്കുമോ വെയിൽ മായാൻ ഇനി അധിക സമയമില്ല വെയിൽ മങ്ങിയാൽ എനിക്ക് താങ്കളോട് സംസാരിക്കാൻ ആവില്ല പിന്നെ നാളെ ആരറിഞ്ഞു വെയിൽ കാണുമെന്ന്, അല്ലെങ്കിൽ നിങ്ങൾ വെയിലിൽ ഇറങ്ങുമെന്ന് നിഴൽ ദുഃഖത്തോടെ ആത്മഗതംചെയ്തു … ഞാൻ ഗ്രാമവീഥിയുടെ ഓരത്ത് പതിയെ നിന്നു. എന്താണ് പറയു… ഞാൻ വിറയാർന്ന ശബ്ദത്തിൽ നിഴലിനോട് ആവിശ്യപെട്ടു….. നിങ്ങൾ എന്തു മനുഷ്യനാണ് നിങ്ങൾ കാണുന്നില്ലെ നിങ്ങളുടെ ഗ്രാമത്തിലെ പുഴകളെ, വയലേലകളെ , നിങ്ങൾ യാത്ര ചെയ്യുന്ന വഴിത്താരകളെ, നിങ്ങളുടെ വനങ്ങളെ, നിങ്ങളുടെ പട്ടണങ്ങളെ , ചീഞ്ഞു നാറിയ ഓടകളെ, ഇപ്പോൾ നോക്കൂ ഈ ഗ്രാമത്തിൽ തന്നെ എത്ര മാത്രം മാലിന്യ കൂമ്പാരങ്ങളാണ് പെറ്റുപെരുകിയിരിക്കുന്നത് അതും പ്ലാസ്റ്റിക്ക് കുമ്പാരങ്ങൾ… നിഷ്കരുണം അറുത്തു മുറിച്ചു മാറ്റിയ മരങ്ങളെ, തിങ്ങി നിറയുന്ന കോൺക്രീറ്റ് സൗധങ്ങളെ… നിഴൽ വിതുമ്പി .. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല ഞാൻ പതിയെ പറഞ്ഞു. അല്ലെങ്കിലും നിങ്ങൾക്കൊന്നും ഒരിക്കലും മനസ്സിലാവില്ല….പെട്ടന്ന് എന്റെ തലക്കു മീതെ ഒരു പറ്റം കൊറ്റികൾ വടക്കോട്ടു പറന്നു. ആകാശത്ത് എവിടെ നിന്നോ കറുത്ത മേഘങ്ങൾ പറന്ന് വരാൻ തുടങ്ങി.. അയ്യോ മഴ വരുന്നു ഇനി ഞാൻ എങ്ങനെ നിങ്ങളോട് പറയും.. പെട്ടന്ന് ഒരു കാർമേഘം വന്നു സൂര്യനെ മറച്ചു നിഴൽ എവിടെയോ മറഞ്ഞു…. നിഴൽ പറയാൻ ബാക്കി വച്ചത് എന്താണ് …. – ഞാൻ സങ്കോചത്തോടെ പെയ്യുന്ന മഴ നനയാതിരിക്കാൻ പെട്ടന്ന് അടുത്ത കടത്തിണ്ണയിലേക്ക് ഓടിക്കയറി … മനസ്സിൽ അപ്പോൾ ആ ശബ്ദം മുഴങ്ങി നിന്നിരുന്നു എഞായിരിക്കും നിഴൽ എന്നോട് പറയാൻ ഒരുങ്ങിയത്…? ഇനി നിഴൽ പറഞ്ഞതുപോലെ നാളെ നിഴലിനു വരാനാവില്ലേ ? എന്നിൽ നിന്ന് എന്റെ നിഴൽ അകന്ന് പോകുകയെന്നാൽ !!!! നാളെ എനിക്ക് പുറത്ത് ഇറങ്ങാൻ സാധിക്കാതെ വന്നാൽ …. ആവോ ആർക്കറിയാം.ചിന്തിച്ചിട്ട് എനിക്ക് ഒന്നും മനസിലായില്ല.. പ്രകൃതിയുടെ ദുരവസ്ഥ കണ്ട് നിഴലിന് ഇത്രമാത്രം ദുഃഖമോ,…? അത് എന്തായിരിക്കും.., എന്തുകൊണ്ടായിരിക്കും ….?
സുനു വിജയൻ