പകൽ വെളിച്ചത്തിൽ പച്ചപ്പിൽ
മാന്യതയുടെ മുഖം മൂടിയണിഞ്ഞവർ
ഇരുൾ വീണ സന്ധ്യതൻ കറുപ്പിൽ
ക്രൂരതയുടെ മുഖം പുറത്തെടുത്തവർ
പരസ്യമായ് അനാശാസമെന്നോതി
പെണ്ണിനെ പഴിച്ചവർ
രഹസ്യമായ് ആശ്വാസത്തിനായ്
പെണ്ണിനെ പിഴപ്പിച്ചവർ
പുറത്തവർ വെള്ളയണിഞ്ഞോർ
അകത്തവർ കരിവേഷധാരികൾ
പുഞ്ചിരി കൊണ്ടു മനം മയക്കിയോർ
നെഞ്ചകത്തായ് പക നിറച്ചോർ
പെണ്ണിന്റെ വളർച്ചയും ഉയർച്ചയും
പൊള്ളയായ് പറഞ്ഞുറ്റം കൊള്ളുന്നോർ
പെണ്ണവൾ ചന്തമേറും ഉടൽ കാത്തില്ലേൽ
കൊത്തിപ്പറിക്കാൻ കാത്തു നില്ക്കുന്നോർ
സ്നേഹമുള്ളോരു പെൺമനസ്സെങ്കിലും
മേനി തന്നെ പുരുഷനു കൗതുകം .
സദാചാരമെന്നോതി മേനി പറഞ്ഞേറെ
സദാ … ചാരമായി മാറിയീ നാരിതൻ മാനവും
ചതിയെന്തെന്നറിയാതെ വഴുതി വീണും
വിധിതൻ കാണാകുരുക്കിലകപ്പെട്ടും
നീതിബോധത്തിൻ ചിലമ്പൊലികൾ ചുറ്റും
ഗതി മാറിയെത്തി കൂരമ്പു കണക്കെ
സദാചാര വെടിയൊച്ചകളുതിർത്തും
മാറ്റൊലി പോലെ പരക്കെ പരന്നതും
പെണ്ണവൾ നീതിക്കായ് പിന്നെയും
സദാ .. ചാരിനില്പുണ്ടാ
നീതിദേവത തൻ മുമ്പിലായ്..

✍സിന്ധു ( ഭദ്ര)

By ivayana