കാലത്തിന്റെ
കുത്തൊഴുക്കിൽ പിഴുതുപോയ
പ്രണയകാലത്തിലെവിടെയോ
കളഭമണമുള്ള
അവളുടെ ചുണ്ടുകളെ
തൊട്ടുനോക്കിയിട്ടുണ്ട്.
തിടുക്കമില്ലാതെ വാക്കുകളിൽ
ഇഷ്ടം പെരുപ്പിച്ച്
ഒപ്പം ചേർത്തുനിർത്തിയിട്ടുണ്ട്.
സ്വപ്നം പോലെ
ഒന്നിച്ചു പറന്നുയർന്ന്
ആകാശനീലിമയിൽ ചിറകടിച്ച്
കൗതുകം പൂണ്ട്
വെളുത്ത ആമ്പൽപ്പൂക്കളുടെ
കഥപറഞ്ഞിട്ടുണ്ട്.
വിഷാദത്തിന്റെ തീമുനകളിൽ
തനിച്ചിരുന്ന് വിലപിച്ചിട്ടുണ്ട്.
പൗർണ്ണമിചിതറിവിണ
മണ്ണിതളുകളിൽ
വിരലുകൾകോർത്ത്
പ്രഭാതത്തെ വെറുത്തുപോയിട്ടുണ്ട്.
അപ്പോഴൊക്കെ
പ്രണയത്തണുപ്പുള്ള കാറ്റിറങ്ങി
ഉള്ളിൽ അനന്തമായ
മൗനം നിറച്ചിട്ടുണ്ട്.
കത്തുന്ന സൂര്യനെപ്പോലെ
നിന്നെ വാരിച്ചൂടിയ
വിശാലതയെ
പ്രണയമെന്നോ പ്രളയമെന്നോ വിളിക്കാം
നീ
തൊട്ടാവാടിയും താമരയും
ഒരുമിച്ചു പൂത്ത ചതുരത്തടാകം
കടലുചൂടിയ ആകാശത്തിലെ നക്ഷത്രം.
കൈക്കുമ്പിളിലെ നീലജലത്തിൽ വീണ നിലാവ്.
വെയിലുപൂത്ത മൺപാതയിലെ കാട്ടുചെമ്പകം.
മരുഭൂമിയിലെ പച്ചപ്പ്.
വസന്തകാലത്ത് വിരിഞ്ഞ
കടും മഞ്ഞ ശലഭത്തിന്റെ
പ്രയാണം പോലെ
തൊട്ടുതൊട്ടുപോവുന്ന
പൂക്കളിലെല്ലാം
നിന്റെ ഗന്ധമുതിരുന്നു.
ഞാനാ പൂന്തോട്ടത്തിന്റെ
കാവൽക്കാരനാകുന്നു.
കൊഴിഞ്ഞുവീണപൂക്കളുടെ
മാലകോർത്ത്
നിന്റെ മുടിയിഴകളിൽ ചൂടുന്നു.
പ്രണയത്തിന്റെ പൂപ്പന്തൽ.
രാജാവും പ്രജയും
ഞാനാകുന്ന
ശലഭരാജ്യത്തിന്റെ റാണി.
പ്രണയം തീർത്ത നഗരം
ഞാനും നീയും മാത്രമുള്ള ഭൂഖണ്ഡം.
ഋതുമാറ്റത്തിൽ
ഒരൊറ്റഗന്ധമുള്ള
രണ്ടു പുഴുക്കൾ
പ്യൂപ്പയിലേക്ക്
പ്രണയം തുന്നുന്നു.
ഗൂഢമായ മൗനത്തിന്റെ പുതപ്പണിയുന്നു.

By ivayana