എനിക്കൊരു ഓണം വേണം നല്ലോണം
മലയാളത്തിന്റെ ഗ്രാമങ്ങളിലെല്ലാം തുമ്പകൾ പൂത്തുനിൽക്കുന്ന ഓണം പൂവൊലിയോണം
വെട്ടിനിരത്തിയ കുന്നുകളുയർന്നു വരണം
ആ കുന്നുകളിലെല്ലാം കദളിപ്പൂക്കൾ വിടർന്നു നിൽക്കണം പൂക്കളിറുക്കും കൂട്ടരും വേണം
കുഴിച്ചുമൂടിയ തണ്ണീർത്തടങ്ങളും പിന്നെ നെൽപ്പാടങ്ങളും വീണ്ടും തുറന്നെടുക്കണം
അവിടെല്ലാം താമരപ്പൂക്കളുമാമ്പൽപ്പൂക്കളും വിടരണം പൂത്തുല്ലസ്സിക്കണം വീണ്ടും
നെൽപ്പാടങ്ങളിൽ പൊൻകതിരുകളുയരണം
കതിരോന്റെ പ്രഭയിൽ വെട്ടിത്തിളങ്ങണം
വെട്ടിമാറ്റപ്പെട്ട കൽപ്പവൃക്ഷങ്ങൾവീണ്ടും മുളച്ചുവരണമതിൽ തൂക്കണാങ്കുരുവികൾ കൂടുകൂട്ടണം, പച്ചപനങ്കിളിതത്തമ്മകൾ
പാട്ടുകൾ പാടിരസിക്കും പാട്ടുകേൾക്കണം
പറമ്പിലും കൽപ്പടവുകളിലും മുക്കൂറ്റിപ്പൂക്കൾ
പീതാംബരമായി വിടർന്നു നിൽക്കണം
വേലിപ്പടർപ്പുകളിൽ കോളാമ്പിപ്പൂക്കളും
തെച്ചിപ്പൂക്കളും പൂത്തുനിൽക്കണം
പറമ്പുകളിൽ നിന്നും വെട്ടിയെടുക്കാൻ
ഞാലിപ്പൂവൻ പഴങ്ങളും തൂശനിലകളും
വാഴക്കുല കൂമ്പുകളും ഉണ്ടാകണം
കൂമ്പിലുതിർക്കുമാ തേൻ കുടിക്കണം
മത്തനും കുമ്പളവും വെള്ളരിക്കയും
പുരയിടങ്ങളിൽ വിളഞ്ഞു കിടക്കണം
നിറപറകളും നിലവിളക്കുകളും പൂമുഖത്ത്
നിറഞ്ഞു നിൽക്കണം പൂക്കളം നിറയണം
ചക്കിലാട്ടിയ വെളിച്ചെണ്ണയിൽ വറുത്ത ഉപ്പേരിയും ചക്കരവരട്ടിയും തിന്നണം വയറുനിറയെത്തിന്നണം ഉണ്ണിയപ്പവും
നെയ്യപ്പവും അവിൽ വിളയിച്ചതും
ഉമ്മറത്തെ മൂവാണ്ടൻ മാവിൽ വലിയൊരു ഊഞ്ഞാലുകെട്ടണം, എന്നിട്ടണ്ണാറക്കണ്ണൻ
പറിച്ചിട്ടുത്തന്ന മാമ്പഴം കടിച്ചീമ്പിക്കുടിക്കണം
വെട്ടിവിറ്റ വരിക്കപ്ളാവുകൾ വളരണം
അവിടെത്തന്നെ മുളച്ചുവളർന്നു വരണം
മധുരിക്കുന്ന ചക്കച്ചുളകൾ തിന്നു മദിക്കണം
എന്നിട്ടാത്തോട്ടിലും കുളത്തിലും നീന്തി തുടിക്കണം മുങ്ങാംകുഴിയിട്ടു കുളിക്കണം
കമ്പ്യൂട്ടറിനു മുന്നിൽ അടയിരിക്കുന്നൊരെൻ കൂട്ടുകാരെല്ലാം ആൽത്തറയിലും പറമ്പിലും കൊയ്ത്തൊഴിഞ്ഞ പാടത്തും ഓടിയോടി കാൽപന്തുകളിക്കണം കളിച്ചുതളരണം
കിളിത്തട്ടുകളിക്കുന്ന പെൺകിടാങ്ങളോട്
കൊഞ്ചിക്കുഴയണം കിന്നാരം ചൊല്ലണം
എല്ലാരുമൊന്നിച്ചൊന്നായാർപ്പു വിളിക്കണം
ആർപ്പോ ആർപ്പോയെന്നാർത്തു വിളിക്കണം
തൂശനിലയിൽ പുത്തരിച്ചോറും സാമ്പാറും അവിയലും ഓലനും കാളനും പച്ചടിയും എരിശ്ശേരിയും വേണംപരിപ്പുപായസവും പപ്പടവും ചെറുപഴവും കൂട്ടിക്കുഴയ്ക്കണം
മധുരം നുണയണംഇടയ്ക്കിടെ നക്കി പുളിപ്പിക്കാൻ നാരങ്ങയച്ചാർ വിളമ്പണം വയറുനിറയുമ്പോൾ ഓണക്കളികളുമായ്
കൂട്ടരോടൊത്തു പറമ്പിൽ ഓടിക്കളിക്കണം
അതിരിട്ട മതിലുകൾ പൊളിച്ചുമാറ്റണം അമ്മുക്കുട്ടിയും ആലീസും പാത്തുമ്മയും കണ്ണുപൊത്തിക്കളിക്കണം കണ്ണനും കബീറും കറിയാച്ചനും ചേർന്നുവലിഞ്ഞുകയറണം
കടുക്കാച്ചി മാമ്പഴം പറിച്ചു കൊടുക്കണം.
എല്ലാരുമൊന്നിച്ചു ഓണപ്പാട്ടുകൾ പാടണം.
കള്ളവും ചതിയുമില്ലാത്ത പാട്ടുകൾ
സ്നേഹത്തിൻ പാട്ടുകൾ പാടണം
എനിക്കിനിവേണ്ട വടിവാളുകൾ കൊണ്ടു വെട്ടി വീഴ്ത്തിയ ചോരപ്പൂക്കളം വേണ്ട, പോർവിളികൾ നടത്തുന്ന ഓണക്കളികൾ വേണ്ട, മതവെറിയുടെ കളികൾ വേണ്ട.
രാഷ്ട്രീയപ്പേക്കൂത്തുകളും വെട്ടിവീഴ്ത്തിയ
കൈകാലുകൾ അറ്റുതൂങ്ങിയാടുന്ന
കണ്ണുകെട്ടിക്കളിക്കുന്ന ഉറിയാട്ടവും വേണ്ട.
തല വെട്ടിമാറ്റുന്ന ഓണവും വേണ്ടേ
ജാതിപ്പോരുകൾ വേണ്ട, ജാതിയാൽ തിരിച്ചെഴുതുന്ന പുസ്തകങ്ങളും വേണ്ട
വർഗ്ഗീയവിഷം ചീറ്റുന്ന കവിതകളും വേണ്ട
നുണക്കഥകളെഴുതുന്ന ചരിത്രവും വേണ്ട.
എനിക്കരോണം വേണം മതമില്ലാത്ത
ജാതിയില്ലാത്ത ,രാഷ്ട്രീയമില്ലാത്ത,
വർഗ്ഗീയതയില്ലാത്ത, അക്രമമില്ലാത്ത
സമൃദ്ധിയുടെ സമാധാനത്തിന്റെയോണം
Muraly Raghavan