നഗരോപാന്തപാതയിൽ
മുഷിഞ്ഞൊരു കീറക്കുടപോലെ
പാദുകവനഗർഭത്തിൽ
പടർന്ന മരത്തണലിൽ
ചലമൊലിച്ച വ്രണിതപാദത്തോടെ
അയാൾ സ്വയമൊരു ചക്രവർത്തിയായി.
മുന്നിൽ കുമിഞ്ഞ പാദരക്ഷകൾക്ക്,
തുന്നിയ ചെരിപ്പുഗന്ധമെന്നോർത്ത്
തണൽ വിരിച്ച മരം ഓക്കാനപ്പെട്ടു.
ചെരിപ്പുകൾ നീർത്തിയ ഗന്ധലോകത്ത്
അയാളൊരു മഹാമൂക്കനായി.
ഓരോ ചെരിപ്പിനും
ഓരോ ഗന്ധമാണ്.
ഓരോ ചെരിപ്പും കടന്നത്
ഒരായിരം വഴികളാണ്.
പൊടി പിടിച്ച ചെരിപ്പുകളിൽ
വ്രണജലംകൊണ്ടയാൾ നൂല് നൂറ്റു.
ഓരോ ചെരിപ്പിലും
ഓരോ കാലിലുമങ്ങനെ
ചെരുപ്പുകുത്തിയുടെ ഗന്ധം നിറഞ്ഞു.
ചെരുപ്പുകൾ പെരുകി
കാലുകൾ പെരുകി
ചെരുപ്പുഗന്ധികൾ നിറഞ്ഞു.
സമഗന്ധിതർ കൂട്ടംകൂടി
അയാൾക്ക് പിന്നിൽ നിരന്നുനിന്നപ്പോൾ
നഗരസീമയുടെ അധികാരസീമയിൽ
അയാളൊരു ചക്രവർത്തിയായി.
ചെരിപ്പുകൾ തലയിൽ ചുമന്ന്
ഒടുവിലയാൾ ചരിത്രം തിരുത്തി,
തണലേകിയ മരം വെട്ടിവീഴ്ത്തി.
അയാൾ നടന്ന വഴിയിലൂടെ
അയാൾ തുന്നിയ ചെരിപ്പുകൾ നടന്നു..
അവർ നഗരം വിഴുങ്ങി,
നഗരകഥയും വിഴുങ്ങി..
തേച്ചുമിനുക്കിയ ചെരുപ്പുകളുടെ
തിളക്കം കണ്ടപ്പോൾ,
വ്രണംകൊണ്ട കാലുകളുടെ
മുടന്ത് കണ്ടപ്പോൾ
ഒടുവിൽ നഗരം കണ്ണടച്ചു.
അടഞ്ഞ കൺകോണുകളിൽ
വരണ്ട പുഴ ജലം തേടി.
വിഡ്ഢികളായ മനുഷ്യരേ,
നിങ്ങളിനിയും കണ്ണ് തുറക്കില്ലേ.

By ivayana