അമ്മവിളിക്കുമ്പോഴോടിയെത്തീടണേ
കണ്ണാ പൊന്നുണ്ണിക്കണ്ണാ
അമ്മ തൻ കൈ പിടിച്ചുണ്ണി നീ നിൽക്കവേ പൊന്നുമ്മ നൽകിടാം കണ്ണാ!
സന്തോഷപ്പാൽക്കടലെന്നും കടയുവാൻ
നീ തുണച്ചീടണം കണ്ണാ
സ്നേഹ വാൽസല്യങ്ങളാവോളമെന്നുമീ യമ്മയെൻ കണ്ണനു നൽകാം.
നിത്യവും ഞാനേകും തൂവെണ്ണയാം ഭക്തി കൈനിറച്ചുണ്ണണം കണ്ണാ
മഴയത്തും വെയിലത്തും കുടയായി, തണലായി
കൂടെ നീയെത്തണം കണ്ണാ !
നീ തന്നെയമ്മ തൻ പൊന്നുണ്ണിയെന്നതും
സന്തോഷമല്ലേയെൻ കണ്ണാ കാണായവയ്ക്കെല്ലാം
കാതലായ് മേവുന്ന കാരുണ്യമൂർത്തിയാം കണ്ണാ!

കാരണമോരോന്നുമോർത്തറിഞ്ഞീടുന്ന
കാരണഭൂതനാം കണ്ണാ
അമ്മക്കു നീ തുണയാകണം കണ്ണാ
എങ്ങും നിറയുന്ന കണ്ണാ !
അമ്മ തന്നുള്ളിൽ വിളക്കായ് എന്നെന്നും
വന്നു വിളങ്ങു നീ കണ്ണാ –
ദീപത്തിൻ പൊന്നൊളി പോലെ നീയെൻ മുന്നിൽ
വന്നു പ്രഭ തൂകു കണ്ണാ… !
അമ്മ വിളിക്കുമ്പോഴോടിയെത്തീടണേ …..
കണ്ണാ അമ്പാടിക്കണ്ണാ…!
കൈവിടാതെന്നെന്നും കാക്കുന്ന കണ്ണാ കണ്ണിനും കണ്ണായ കണ്ണാ !
എന്നുണ്ണി നീ തന്നെയാണല്ലോ കണ്ണാ! പൊന്നുണ്ണിയാം വെണ്ണക്കണ്ണാ …!
അഷ്ടമിരോഹിണി നാളിൽ പിറന്ന നിൻ
ജന്മനാളാണിന്നു കണ്ണാ !
നാടിനും, നാട്ടാർക്കും ആഘോഷപ്പൂത്തിരു

നാളാണെന്നമ്പാടി ക്കണ്ണാ….!!!!

രചന: മാധവി ടീച്ചർ, ചാത്തനാത്ത്

By ivayana