” ഇത്തിഖി വിശേഷു സൗഖ്യനവെ…..”

കൊച്ചിയിലെ കൊങ്കിണികളെ പോലെ തന്നെ കൊങ്കണി ഭാഷ അനായസേന സംസാരിക്കുന്ന കൊച്ചിയിലെ രണ്ട് മുസ്ലിംകളായിരുന്നു കൊച്ചി കപ്പലണ്ടി മുക്കിൽ പലചരക്ക് കട നടത്തിയിരുന്ന ടി.എ. മുഹമ്മദ് എന്ന മമ്മുക്കയും , ഹസൻ കോയയും . ഗോവയിലെ ഔദ്യോഗിക ഭാഷയാണ്‌ കൊങ്കണി . മഹാരാഷ്ട്ര, കർണാടക സംസ്ഥാനത്തിലെ ഉത്തര കന്നഡ , ദക്ഷിണ കന്നഡ , കേരളത്തിൽ കൊച്ചി , ആലപ്പുഴ , കണ്ണൂർ , കാസറഗോഡ് എന്നിവിടങ്ങളിലും കൊങ്കണി ഭാഷ മാതൃഭാഷ ആയിട്ടുള്ളവർ ധാരാളം ഉണ്ട് .

ദേവനാഗരി ലിപി ഉപയോഗിച്ചാണ്‌ ഈ ഭാഷ ഇപ്പോൾ എഴുതുന്നത് . കൊങ്കണികളിൽ കൃസ്ത്യാനികളും , മുസ്ലിംകളുമുണ്ട് . കർണ്ണാടക മുതൽ മഹാരാഷ്ട്രവരെയുള്ള കൊങ്കൺ പ്രദേശത്തെ കൃസ്ത്യാനികളും , മുസ്ലിംകളുമെല്ലാം കൊങ്കണി ഭാഷയാണ് സംസാരിക്കുന്നത് . കേരളത്തിൽ കൊങ്കണി സംസാരിക്കുന്ന പ്രമുഖ ‘സമൂഹങ്ങളാണ് ഗൗഡ സാരസ്വത ബ്രാഹ്മണരും , സോനാർ വിഭാഗവും (സ്വർണ്ണ പണിക്കാർ ) , വൈശ്യ ബ്രാഹ്മണരും , കുഡുംബി സമുദായക്കാരും .

കപ്പലണ്ടി മുക്കിൽ അക്കാലത്തെ സൂപ്പർ മാർക്കറ്റാണ് മമ്മുക്കയുടെ പലചരക്ക് കട . മമ്മുക്ക ആളൊരു സരസനും രസികനുമായിരുന്നു . മമ്മുക്കയുടെ മുന്നിൽ വെച്ച് കച്ചീ ഭാഷയിലും , കൊങ്കണി ഭാഷയിലും രഹസ്യം പറയാനാവില്ല കാരണം രണ്ട് ഭാഷയും മമ്മുക്കാക്ക് അറിയാം . മമ്മുക്കയുടെ പിതാവും കുടുംബവും മാഹിയിൽ നിന്ന് എത്തിയവരാണ് . മമ്മുക്കയുടെ കടയിൽ എത്തുന്ന കൊങ്കണികളൊ , ഗുജറാത്തികളൊ , കച്ചീക്കാരൊ ആരാകട്ടെ പിന്നെ മമ്മുക്ക അവരിൽ ഒരാളായി മാറും .

ഞങ്ങൾ കപ്പലണ്ടിമുക്കിൽ താമസിക്കുമ്പോൾ കുട്ടിക്കാലത്ത് മമ്മുക്കയുടെ കടയിൽ പലചരക്ക് സാധനങ്ങൾ വാങ്ങാൻ ചെല്ലുമ്പോൾ മമ്മുക്ക ചിരിച്ച് കൊണ്ട് ചോദിക്കും ” നീ ഫുൾ നൈനയാണൊ , അര നൈനയാണൊ , കാൽ നൈനയാണൊ ? ” ഇത്തിന് ഉത്തരം തന്നാലെ സാധനം തരൂ എന്ന് പറയും . രസികനായിരുന്നു മമ്മുക്ക …. . ഇന്നും കപ്പലണ്ടി മുക്കിൽ ഈ കടയുണ്ട് . മകൻ ഷറഫുക്ക ( അഷറഫ്) നോക്കി നടത്തുന്നു . കൊച്ചി ചുള്ളിക്കലിൽ ‘ഹാസ്ക്കോസ് ഇലക്ട്രിക്കൽസ് ‘ എന്ന സ്ഥാപനം നടത്തുന്ന റഷീദ്ക്കയുടെ പിതാവ് ഹസൻകോയ കൊങ്കണി ഭാഷ വളരെ നന്നായി വശമുള്ള വ്യക്തിയായിരുന്നു .

കൊങ്കിണികൾ സംസാരിക്കുന്നത് പോലെ തന്നെ സംസാരിക്കുമായിരുന്നു . സീ ഫുഡ് ബിസിനസ്സായിരുന്നു ഹസൻ കോയക്കയ്ക്ക് .രണ്ടു പേർക്കും ധാരാളം കൊങ്കണി സുഹൃത്തുക്കളുണ്ടായിരുന്നു . ഇന്ന് അവർ രണ്ടു പേരും ജീവിച്ചിരിപ്പില്ല .1961 -ൽ ഇന്ത്യ ഗോവ പിടിച്ചെടുത്തപ്പോൾ ഗോവക്കാരെയെല്ലാം മതത്തിനും , ജാതിക്കും , സമ്പന്നതയ്ക്കുമെല്ലാം , അതീതമായി ഒരുമിപ്പിച്ചത് കൊങ്കണിയിലായിരുന്നു , അതിനാൽ സ്നേഹത്തോടെ കൊങ്കണിയെ ‘കൊങ്കണിയമ്മ ‘ (Konkani Mai) എന്നു വിളിക്കുന്നു .

1987 -ൽ ഇന്ത്യൻ സർക്കാർ കൊങ്കണിയെ ഗോവയുടേ ഔദ്യോഗിക ഭാഷയാക്കി , പൂർണ്ണമായ അംഗീകാരം നൽകി . വൈക്കം മുഹമ്മദ് ബഷീറിന്റ”ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് ” എന്ന പുസ്തകം കൊങ്കണി ഭാഷയിലേക്ക് മൊഴിമാറ്റംനടത്തിയതിന് 2003 -ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആർ .എസ് ഭാസ്ക്കർ കൊച്ചിക്കാരനാണ് . നാൽപത് വർഷത്തെ അധ്വാനത്താൽ കൊങ്കണി ഭാഷ വികാസത്തിന് 2015 – ൽ പത്മശ്രീ ലഭിച്ച പുരുഷോത്തമ മല്ല്യയും കൊച്ചിയിലുണ്ട് .’കേരള കൊങ്കണി ഭാഷാ ഭവൻ ‘ AD 1978 ൽ കൊച്ചി ചെറളായിയിൽ സ്ഥാപിതമായി .

മൻസൂർ നൈന

By ivayana